ADVERTISEMENT

തിരുവനന്തപുരം ∙ ഒന്നര മണിക്കൂറിലധികം നീണ്ട സംഘർഷം; സെക്രട്ടേറിയറ്റിനുള്ളിലേക്ക് കയറാൻ തളരാതെ പൊലീസിനോട് ഏറ്റുമുട്ടി യുവമോർച്ച പ്രവർത്തകർ. പ്രകോപനങ്ങളിൽ സംയമനം കൈവിടാതെ സമാധാനന്തരീക്ഷം തിരിച്ചുപിടിച്ച് പൊലീസ്. സെക്രട്ടേറിയറ്റിനു മുന്നിലെ നാടകീയ സമരത്തിനിടയിൽ കനത്ത മഴയും മഴയെ തോൽപിക്കും വിധം ജലപീരങ്കിയും പുക പടർത്തി കണ്ണീർ  വാതക ഷെല്ലുകളും ഇടവിട്ടു പെയ്തു കൊണ്ടിരുന്നു. സ്വർണക്കടത്തു  കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് യുവമോർച്ച സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്.

trivandrum-protest
യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടു നടത്തിയ മാർച്ചിനിടെ സെക്രട്ടേറിയറ്റിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ തടയുന്ന പൊലീസ്.

സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണന്റെ  നേതൃത്വത്തിൽ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിലെത്തി. നൂറോളം പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിലെ റോഡിലൂടെ ഒരു റൗണ്ട് പ്രകടനം നടത്തിയ ശേഷം സമര ഗേറ്റിനു മുന്നിലെത്തി.  പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി പ്രവർത്തകർ ബാരിക്കേഡ് നീക്കം ചെയ്യാൻ ശ്രമിച്ചു.  നഗരസഭാ കൗൺസിലറും യുവമോർച്ച സംസ്ഥാന സെക്രട്ടറിയുമായ ജി.എസ്.ആശാ നാഥ് ബാരിക്കേഡിനു മുകളിൽ കയറി ബിജെപിയുടെ പതാക വീശി.ബാരിക്കേഡിനു മുന്നിൽ തടിച്ചു കൂടിയ പ്രവർത്തകരെ പായിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒപ്പം മൂന്നു തവണ കണ്ണീർവാതക ഷെല്ലും തൊടുത്തു. 

ശക്തമായ മഴയുണ്ടായിരുന്നതിനാൽ കണ്ണീർവാതകം കാര്യമായി പ്രശ്നമുണ്ടാക്കിയില്ല.സമര ഗേറ്റിൽ നിന്നു പ്രവർത്തകർ രണ്ടു തവണ തെക്കേ ഗേറ്റിലേക്കു പ്രകടനമായി പോയി ഗേറ്റ് കടക്കാൻ ശ്രമിച്ചു. അവിടെയും പൊലീസ് തടഞ്ഞു നിന്നതേയുള്ളൂ.  ചിലർ മതിൽ ചാടിക്കടക്കാനും ശ്രമിച്ചു. കൗൺസിലർമാർ ഉൾപ്പെടെയുള്ള വനിതകൾ മതിൽ കടക്കാൻ ശ്രമിച്ചു. പുരുഷ പൊലീസ് അവരെ തടയാൻ ശ്രമിച്ചപ്പോൾ യുവമോർച്ച പ്രവർത്തകർ ചോദ്യം ചെയ്തു.  വനിതാ പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ മതിലിൽ നിന്നിറക്കി.

പൊലീസുമായുണ്ടായ ഉന്തിലും തള്ളിലും സംസ്ഥാന പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് ആർ.സജിത്ത് എന്നിവരുൾപ്പെടെ ആറു പേർക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. 1.45 ന് ആണ്  സമരം അവസാനിപ്പിച്ച് പിരിഞ്ഞത്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ഗണേശ്, ദിനിൽ ദിനേശ്, വൈസ് പ്രസിഡന്റ് ബി.എൽ.അജേഷ്, സെക്രട്ടറി മനു പ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്.നന്ദു, എച്ച്.എസ്.അഭിജിത്ത്, കൗൺസിലർമാരായ പി.വി.മഞ്ജു, സുമി ബാലു, പത്മ, മീന ദിനേശ്, സത്യവതി തുടങ്ങിയവർ സമരത്തിനു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com