ADVERTISEMENT

തിരുവനന്തപുരം∙ മാറ്റിവയ്ക്കാനുള്ള വൃക്ക ആലുവയിൽ നിന്നു മൂന്നു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചിട്ടും വൃക്ക സ്വീകരിച്ച വ്യക്തിയുടെ ജീവൻ പൊലിഞ്ഞത് അവയവം ഏറ്റു വാങ്ങാൻ പോയ മെഡിക്കൽ സംഘത്തിന് വേദനയായി. വൃക്ക സ്വീകരിക്കാനും ശസ്ത്രക്രിയക്കും ആവശ്യമായ ഒരുക്കങ്ങൾ നടത്തണമെന്ന് ആശുപത്രി അധികൃതർക്ക് ഉച്ചയോടെ തന്നെ കൃത്യമായ നിർദേശം ലഭിച്ചിരുന്നു. ഞായറാഴ്ച്ചയായതിനാൽ ഡോക്ടർമാരിൽ പലരും വീട്ടിലായിരുന്നു. ഡോക്ടർമാർ തമ്മിൽ ശരിയായ ആശയവിനിമയവും ഉണ്ടായില്ല.

റോഡിലെ സിഗ്നൽ ലൈറ്റുകളെല്ലാം അണച്ച് പൊലീസ് ഒരുക്കിയ ഗ്രീൻ ചാനലിലൂടെയായിരുന്നു അതിവേഗ ആംബുലൻസ് യാത്ര. ഗതാഗത ക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് വാഹനം സൈറൻ മുഴക്കി മുന്നിൽ പാഞ്ഞു. ജംക്‌ഷനുകളിൽ പൊലീസ് ഗതാഗതം നിയന്ത്രിച്ച് ആംബുലൻസിനെ കടത്തി വിട്ടു. നിരവധി രോഗികളെ ഇങ്ങനെ എത്തിച്ചിട്ടുണ്ടെങ്കിലും അശ്രദ്ധ കാരണം മരിക്കുന്നത് ആദ്യമായാണെന്നും ഇത്രയും റിസ്ക് എടുത്തിട്ടും രോഗിമരിച്ചത് സങ്കടമായെന്നും ആംബുലൻസ് ഡ്രൈവർ അനസ് പറഞ്ഞു. 

ഞായറാഴ്ച്ച പുലർച്ചെ നാലിനാണ് പി.ജി ഡോക്ടർമാരായ ഡോ.അക്‌‌ഷയും ഹിമാൻഷ്യുവും വൃക്ക ഏറ്റുവാങ്ങാനായി രാജഗിരി ആശുപത്രിയിലേക്ക് പുറപ്പെട്ടത്. 10 മണിയോടെ രാജഗിരി ആശുപത്രി യിൽ എത്തി. മസ്തിഷ്ക മരണം സംഭവിച്ച രോഗിയിൽ നിന്ന് എടുത്ത വൃക്കയുമായി ഉച്ചയ്ക്ക് 2.40ന് മെ‍ഡിക്കൽകോളജിലേക്ക് പൊലീസ് അകമ്പടിയിൽ യാത്ര തിരിച്ചു. സൂപ്പർ സ്പെഷാലിറ്റിക്ക് മുൻപിൽ വൈകിട്ട് ആംബുലൻസ് എത്തിയപ്പോൾ സ്വീകരിക്കാൻ ആരും ഉണ്ടായിരുന്നില്ല. വൃക്ക സൂക്ഷിച്ച പെട്ടി ഡോക്ടർമാർ പുറത്തേക്ക് എടുത്തു. ആംബുലൻസ് ഡ്രൈവറെ ആദരിക്കാൻ കാത്തുനിന്ന ചില ഡ്രൈവർമാർ പെട്ടിയെടുത്ത് ഓടി  ലിഫ്റ്റ് വഴി മുകളിലേക്ക് കൊണ്ടുപോയി.

5.35നു തീയറ്ററിനു മുൻപിൽ എത്തുമ്പോൾ പ്രവേശന ഭാഗം പൂട്ടിയിട്ട നിലയിരുന്നു. ജീവനക്കാരൻ വന്ന് വാതിൽ തുറന്നപ്പോൾ സമയം 5.40. അകത്തു നിന്നു ശസ്ത്രക്രിയ മുറിയിലേക്ക് പ്രവേശിക്കാൻ പിന്നേയും എടുത്തു അഞ്ച് മിനിട്ട്. 6 മണിയോടെ ശസ്ത ക്രിയ ടേബിളിനു സമീപം വൃക്ക എത്തി. അപ്പോഴും സർജൻമാർ ആശുപത്രിയിൽ എത്തിയിരുന്നില്ല. ശസ്ത്രക്രിയ നീളുന്നതിനെ ചൊല്ലി നെഫ്രോളജി, യൂറോളജി ഡോക്ടർമാർ തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ ഡയാലിസിസിനു കൊണ്ടുപോയ രോഗിയെ 8 മണിയോടെ തീയറ്ററിൽ കൊണ്ടുവന്നു. 8.30 ഓടെ സർജൻ എത്തി രോഗിയെ ടേബിളിലെത്തിച്ചു.9 മണികഴിഞ്ഞാണ് വൃക്ക മാറ്റിവയ്ക്കൽ തുടങ്ങിയത് 

ഉന്നത തല അന്വേഷണം വേണം: വി.വി.രാജേഷ്

മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് നേരത്തെ അറിവുണ്ടായിട്ടും വേണ്ടത്ര തയാറെടുപ്പുകൾ നടത്താത്തതാണ് ശസ്ത്രക്രിയ വൈകുന്നതിനും രോഗിമരിക്കുന്നതിനും ഇടയാക്കിയത്. 

ഇത് ആരോഗ്യവകുപ്പിന്റെ അനാസ്ഥയെയാണ് കാണിക്കുന്നത്. ആരോഗ്യമന്ത്രിക്കാണ് ഇതിന്റെ പരിപൂർണ ഉത്തരവാദിത്വം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇപ്പോൾ രോഗികൾ പോകുന്നത് ആശങ്കയോടെയാണ്. സ്വകാര്യ ആശുപത്രി ലോബികളിൽ നിന്ന് ലക്ഷങ്ങൾ മാസപ്പടിവാങ്ങുന്ന സിപിഎം രാഷ്ട്രീയനേതൃത്വമാണ് മഹത്തായ പാരമ്പര്യമുള്ള ആതുരാലയത്തെ നശിപ്പിക്കുകയാണെന്നും രാജേഷ് ആരോപിച്ചു.

വൃക്കയ്ക്കായി കാത്തിരുന്നത്  5 വർഷം 

രാജഗിരി ആശുപത്രിയിയിൽ മസ്തിഷ്‌കമരണം സംഭവിച്ച 34-കാരന്റെ വൃക്ക സുരേഷിനായി  പറന്നെത്തുത്തുകയായിരുന്നു. വൃക്ക ലഭിച്ചത് അറിഞ്ഞ ഭാര്യ ബിന്ദുവും മക്കളായ അപർണയും അഞ്ജനയും വലിയ പ്രതീക്ഷയിലായിരുന്നു. സുരേഷിന്റെ മരണത്തിന്റെ നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ല. ശസ്ത്രക്രിയയ്ക്ക് മുൻപ് തന്നെ സുരേഷ് കുമാറിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ശസ്ത്രക്രിയ വേണോയെന്നും ചോദിച്ചു. അഞ്ചുകൊല്ലത്തെ കാത്തിരിപ്പിന് ശേഷമാണ് വൃക്ക ലഭിക്കുന്നത്. അതുകൊണ്ട് കൂടിയാണ് ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചതെന്നും പരാതി നൽകണോ വേണ്ടയോ എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം തീരുമാനിക്കുമെന്നു ബന്ധുക്കൾ പറഞ്ഞു. 

അന്വേഷണത്തിൽ കണ്ടെത്തിയ വീഴ്ച്ചകൾ 

∙ വൃക്ക സ്വീകരിക്കാൻ തയ്യാറെടുപ്പുകളൊന്നും നടത്താത്തത്
∙ 108 ആംബുലൻസ് ഉണ്ടായിരുന്നിട്ടും വൃക്ക കൊണ്ടു വരാൻ സ്വകാര്യ ആംബുലൻസ് സഹായം തേടിയത്
∙ ആംബുലൻസിൽ നിന്നു ഓപ്പറേഷൻ തീയേറ്ററിലേക്ക് വൃക്ക എത്തിക്കാൻ പുറത്തു നിന്നുള്ള ആംബുലൻസ് ഡ്രൈവർമാർ അധനികൃതമായി ഇടപ്പെട്ടത്.
∙ ഓപറേഷൻ തീയറ്റർ തുറക്കാനെടുത്ത കാലതാമസം

∙നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾ തമ്മിലെ ഏകോപനമില്ലായ്മ
∙പരാതി ഉയർന്നിട്ടും സർജൻ വൈകി എത്തിയത്
∙വൃക്ക മാറ്റിവയ്ക്ൽ ശസ്ത്രക്രിയക്കുള്ള ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ട വകുപ്പു മേധാവിമാരും ഡപ്യൂട്ടി സൂപ്രണ്ടും എത്താതിരുന്നത്.

ഒരു മാസത്തിനിടെ മൂന്ന് വീഴ്ചകൾ ; പ്രതിക്കൂട്ടിലായി അധികൃതർ 

ഒരു മാസത്തിനിടെ ഡോക്ടർമാരുടെ അനാസ്ഥ മൂലം ഗവ.മെഡിക്കൽ കോളജ് ആശുത്രി അധികൃതർ   പ്രതിക്കൂട്ടിലാകുന്ന മൂന്നാമത്തെ സംഭവമാണ് ഞായറാഴ്ച നടന്നത്. കഴിഞ്ഞ 2 സംഭവങ്ങളിലും ഉത്തരവാദികൾക്കെതിരായ നടപടി പ്രഖ്യാപനങ്ങളിൽ ഒതുങ്ങുമ്പോഴാണ്  അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകിയ സംഭവം നടന്നത്. കൈ വിരലിനു ഗുരുതര പരുക്കുമായി എത്തിയ മൂന്നു വയസ്സുകാരി ശസ്ത്രക്രിയക്കായി 36 മണിക്കൂർ ഭക്ഷണം കഴിക്കാതെ കാത്തിരിക്കേണ്ടി വന്ന സംഭവം നടന്നത് മേയ് 27ന് ആണ്. ഡ്യൂട്ടിക്ക് വരാത്ത സർജനടക്കം മൂന്നു ഡോക്ടർമാർ കുറ്റക്കാരാണെന്നു ആശുപത്രി തല സമിതി അന്വേഷണത്തിൽ കണ്ടെത്തി റിപ്പോർട്ട് നൽകിയിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. 

ഭിന്നശേഷിക്കാരനു ചികിത്സ നിഷേധിച്ചതാണ് മറ്റൊരു സംഭവം. പേയാട് സ്വദേശിയായ 60കാരനാണ് പരാതിക്കാരൻ. 8 വർഷം മുമ്പുണ്ടായ വീഴ്ചയെ തുടർന്ന് നട്ടെല്ല് തകർന്നു വീൽചെയറിൽ കഴിയുന്ന ഇദ്ദേഹം ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഒപിയിൽ സീനിയർ ഡോക്ടറുടെ സേവനം തേടിയെത്തിയെങ്കിലും തിരക്കാണെന്നു പറഞ്ഞ് ചികിത്സ നിഷേധിച്ചെന്നാണു പരാതി. രോഗിയെ പരിശോധനാ മുറിയിൽ കയറ്റാൻ പോലും തയാറായില്ലെന്നാണ് മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടിയതല്ലാതെ ഇതുവരെ നടപടിയുണ്ടായിട്ടില്ല. 

സംഘടന–രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നടപടികൾ ഒഴിവാക്കുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്. ഏതാനും മാസം മുൻപ് ഒപിയിൽ രോഗിയ്ക്ക് ഒപ്പമുള്ളയാളോട് പിജി ഡോക്ടർ അപമര്യാദയായി പെരുമാറിയതിന്റെ വിഡിയോ പുറത്തായതോടെ സസ്പെൻഡ് ചെയ്തിരുന്നു. സമീപ ജില്ലയിൽ നിന്നടക്കമുള്ള ആയിരക്കണക്കിന് സാധാരണക്കാർ‌ക്ക് വിദഗ്ധ ചികിത്സയ്ക്ക് ആശ്രയമായ കേന്ദ്രമാണ് ഏതാനും ചില ഡോക്ടർമാരുടെ സമീപനം മൂലം തുടർച്ചയായി പ്രതികൂട്ടിലാകുന്നത്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com