ADVERTISEMENT

തിരുവനന്തപുരം∙രണ്ടാമതും ഉയർന്നു വന്ന് മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയ സ്വർണക്കടത്ത് കേസിൽ എൽഡിഎഫിന്റെ രാഷ്ട്രീയ പ്രചാരണ പരിപാടി ഇന്ന് ആരംഭിക്കും. തലസ്ഥാനത്ത് ഇന്നു വൈകിട്ട് നടക്കുന്ന സമ്മേളനത്തിൽ നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, ഇ.പി.ജയരാജൻ തുടങ്ങിയവർ പങ്കെടുക്കും ഇന്നു മുതൽ ജൂലൈ മൂന്നു വരെ ജില്ലകളിൽ സമ്മേളനങ്ങൾ വിളിച്ചു മറുപടി പറയാനാണ് എൽഡിഎഫ് നേതൃയോഗം തീരുമാനിച്ചത്. അതേസമയം ആരോപണങ്ങൾ ഉന്നമിടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒരു യോഗത്തിലും പങ്കെടുക്കുന്നില്ല.

മുഖ്യമന്ത്രി ഇല്ലെങ്കിലും അദ്ദേഹത്തിനുവേണ്ടി സംസാരിക്കാൻ എൽഡിഎഫ് നേതാക്കൾക്കൊപ്പം മന്ത്രിസഭാംഗങ്ങളും എത്തും. ‘മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ഗൂഢാലോചനയ്ക്കെതിരെ കേരളം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രചാരണ പരിപാടി  എന്നതു ശ്രദ്ധേയം. പിണറായിയുടെ ചിത്രവും ബാനറുകളിൽ ഉണ്ട്. എല്ലാ  ബ്രാഞ്ചുകളോടും ബാനറുകൾ ഉയർത്തി മുഖ്യമന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ‘നീയൊന്നും ഒരു ചുക്കും ചെയ്യില്ല’ തുടങ്ങിയ കടുത്ത വാക്പ്രയോഗങ്ങൾ വരെ  പിണറായിയുടെ ചിത്രം അടങ്ങിയ ഈ പോസ്റ്ററുകളിൽ ഇടംപിടിച്ചു.

22– എറണാകുളം, കൊല്ലം; 23–  കോഴിക്കോട്, കാസർകോട്; 28 – കോട്ടയം, കണ്ണൂർ; 29 – പത്തനംതിട്ട, വയനാട്; 30 – ആലപ്പുഴ, ഇടുക്കി; ജൂലൈ രണ്ട് – പാലക്കാട്;  3 – തൃശൂർ, മലപ്പുറം എന്നിങ്ങനെയാണ് ജില്ലാതല യോഗങ്ങൾ  നിശ്ചയിച്ചിരിക്കുന്നത്. എല്ലായിടത്തും വൻ ജനപങ്കാളിത്തമുളള സമ്മേളനങ്ങൾ നടത്തി സർക്കാരിനും മുഖ്യമന്ത്രിക്കും ഉള്ള ജനപിന്തുണ വിളിച്ചോതാനാണ് എൽഡിഎഫ് പുറപ്പാട്. ജൂലൈ മൂന്നിനുശേഷം മണ്ഡലംതലത്തിൽ യോഗങ്ങൾ ആരംഭിക്കും.

മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് തുടരുന്ന കടന്നാക്രമണം രാഷ്ട്രീയ പിന്തുണയോടെ ആണെന്നു  സിപിഎമ്മും ഇടതുമുന്നണിയും ഉറപ്പിക്കുന്നു. തലസ്ഥാനത്ത് സ്വർണം പിടിച്ചപ്പോൾ ബെംഗളൂരുവിലേക്കു തന്നെ രക്ഷപ്പെടുത്തിയതിനു പിന്നിൽ ശിവശങ്കറിന്റെ ഭരണസ്വാധീനം ആണ് എന്നതുൾപ്പെടെ പുതിയ വെളിപ്പെടുത്തലുകൾ ഇനിയും പലതും സ്വപ്ന പറയുമോ എന്ന സസ്പെൻസ് ഉയർത്തുന്നതുമാണ്.

ഒരിക്കൽ അന്വേഷിച്ച് സർക്കാരിനെതിരെ ഒന്നും കണ്ടെത്താത്ത ആക്ഷേപങ്ങളാണ് എല്ലാം  എന്നതാണ് എൽഡിഎഫിന്റെ പ്രധാന പ്രതിരോധം. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്നയോടു ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടത് കേസ് വീണ്ടും ജീവൻവയ്ക്കുന്നതിന്റെ തുടക്കമാണെന്ന ഉത്കണ്ഠ  ഭരണകേന്ദ്രങ്ങൾക്കുണ്ട്. അതുകൊണ്ടു തന്നെ രാഷ്ടീയ പ്രതിയോഗികൾക്കെതിരെ ഇഡിയെ കേന്ദ്രസർക്കാർ ആയുധമാക്കുന്നുവെന്ന ആക്ഷേപം പ്രചാരണ വേദികളിൽ കടുപ്പിക്കും. നിയമസഭാ സമ്മേളനം 27നു തുടങ്ങാനിരിക്കെ സഭയ്ക്ക് അകത്തും പുറത്തും സ്വർണം വീണ്ടും രാഷ്ട്രീയ വഴിത്തിരിവുകൾ സൃഷ്ടിക്കുമോ എന്ന  ഉദ്വേഗമാണ് ശക്തം. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com