ADVERTISEMENT

തിരുവനന്തപുരം ∙ കേരള പൊലീസിന്റെ അഴിമതി പട്ടികയിലെ ഭൂരിപക്ഷവും ക്രമസമാധാന ചുമതലയിൽ നിർണായക കസേരകളിൽ. അഴിമതിക്കാരെന്ന് ആഭ്യന്തര വകുപ്പു മുദ്ര കുത്തി ‘ചുവപ്പ്’ പട്ടികയിൽ ഉൾപ്പെടുത്തിയ14 ഡിവൈഎസ്പിമാരും 32 സർക്കിൾ ഇൻസ്പെക്ടർമാരും പണം വാരുന്ന കസേരകളിലാണ് ഇപ്പോഴും തുടരുന്നത്. എന്നാൽ ഏവരും നിരീക്ഷണത്തിൽ എന്നാണ് ആഭ്യന്തര വകുപ്പു പറയുന്നത്. ഭരണ കക്ഷിക്കാരെ സ്വാധീനിച്ചും ചില നേതാക്കൾക്കു മാസപ്പടി നൽകിയുമാണു പലരും ക്രമസമാധാന ചുമതലയിൽ തുടരുന്നതെന്ന് ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. 

സർക്കിൾ ഇൻസ്പെക്ടർ ,ഡിവൈഎസ്പി റാങ്കിലുള്ള അഴിമതിക്കാരുടെ പട്ടിക 1 വർഷം മുൻപാണു പൊലീസ് ആസ്ഥാനത്തു തയാറാക്കിയത്. 740 സിഐമാരിൽ 120 പേർ കൈക്കൂലി, അഴിമതി, മാഫിയാ ഗുണ്ടാ ബന്ധമുള്ളവരുടെ പട്ടികയിലുണ്ട്. 320 ഡിവൈഎസ്പിമാരിൽ 45 പേർ കൈക്കൂലി, അഴിമതി പട്ടികയിൽപ്പെടും. ഇവരെയാണു ചുവന്ന പട്ടികയിൽ പെടുത്തിയത്. ഇത്തരക്കാരെ ക്രമസമാധാന ചുമതലയിൽ നിയമിക്കരുതെന്നു ഡിജിപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അപ്രധാന തസ്തികയിൽ നിയമിച്ചാൽ മതിയെന്ന് ആഭ്യന്തര സെക്രട്ടറിയും നിർദേശിച്ചു. എന്നാൽ രാഷ്ട്രീയക്കാരെ സ്വാധീനിച്ചു പലരും മികച്ച കസേര ഉറപ്പിച്ചു. 

അനധികൃത മണൽ വാരൽ , ക്വാറിമടകൾ, റിസോർട്ടുകൾ, കുന്നിടിപ്പു കേന്ദ്രങ്ങൾ, അതിർത്തി സ്റ്റേഷനുകൾ എന്നിങ്ങനെ മിണ്ടാതിരുന്നാൽ പണം കൈയ്യിലേക്കു വരുന്ന സ്റ്റേഷനുകളിലും ഡിവിഷനൽ ഓഫിസുകളിലുമാണ് ഇവർക്കെല്ലാം നിയമനം നൽകിയത്. പട്ടിക തയാറാക്കിയ ശേഷം 100ലേറെ ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലയിൽ നിന്നു സർക്കാർ മാറ്റിയിരുന്നു. എന്നിട്ടും സ്വാധീനത്താൽ തുടരുന്നവരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇതിൽ 2 ഡിവൈഎസ്പിമാരെയും ഏതാനും സിഐമാരെയും ഉടൻ ക്രമസമാധാന ചുമതയിൽ നിന്നു മാറ്റും. അവർ ഇപ്പോഴും ‘പഴയപണി’ തുടരുന്നതായി ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.

ഈ പട്ടിക എല്ലാമാസവും പൊലീസ് ആസ്ഥാനത്തു പരിശോധിക്കുന്നുണ്ട്. നല്ലനടപ്പുകാരെ പട്ടികയിൽ നിന്ന് ഒഴിവാക്കും. അധികമാരും ഇതുവരെ ഒഴിവായിട്ടില്ലെന്നതു വേറെ കാര്യം. അഴിമതി തുടരുന്നവരെ 1 വർഷത്തേക്കു പ്രധാന തസ്തികകളിൽ നിയമിക്കില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരെ ‘ഗ്രീൻ’ പട്ടികയിലും ഒന്നും ചെയ്യാതെ ശമ്പളം വാങ്ങുന്നവരെ ‘ഓറഞ്ച് ’പട്ടികയിലും പെടുത്തിയിട്ടുണ്ട്. അതേസമയം പട്ടിക തയാറാക്കുന്ന ഉദ്യോഗസ്ഥരുടെ സത്യസന്ധത ഇതിലുൾപ്പെട്ടവർ ചോദ്യം ചെയ്യുന്നു. പലരും പലവിധ അച്ചടക്ക നടപടിയുടെ ഭാഗമായി സ്പെഷൽ ബ്രാഞ്ചിൽ തള്ളപ്പെടുന്നവരായതിനാൽ ക്രമസമാധാന ചുമതലയിൽ ഇരിക്കുന്നവരെ കരിവാരി തേയ്ക്കുന്ന സ്വഭാവം പണ്ടേ സേനയിലുണ്ടെന്നും അവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com