എവിടെ പോകാനും 10 രൂപ നിരക്ക് 3 മാസം കൂടി നീട്ടി; സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകളിലേക്ക് മാറുന്നു

ksrtc-electric-swift
ഇന്നലെ തിരുവനന്തപുരത്തെത്തിയ അഞ്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസുകൾ. പുതിയ ഇലക്ട്രിക് സ്വിഫ്റ്റ് ബസുകളിൽ ആദ്യത്തെ അഞ്ചെണ്ണമാണ് ഇത്. ചിത്രം: മനോരമ
SHARE

തിരുവനന്തപുരം∙ സിറ്റി സർക്കുലർ സർവീസിന് 5  ഇലക്ട്രിക്  ബസുകൾ ഉടൻ സർവീസിനെത്തും. കെഎസ്ആർടിസി- സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളിൽ ആദ്യത്തെ അഞ്ചെണ്ണം എത്തി.  ഡൽഹിയിലെ പി.എം.ഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷ്യൽ നിന്നുള്ള ബസുകളാണ് കെഎസ്ആർടിസി- സ്വിഫ്റ്റ് വാങ്ങിയത്.  തിരുവനന്തപുരം ന​ഗരത്തിൽ കാലക്രമേണ മുഴുവൻ ബസുകളും ഇലക്ട്രിക് ബസുകളിലേക്ക് മാറ്റുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. 

ആദ്യ ഘട്ടത്തിൽ 50 ബസുകൾക്കുള്ള കരാർ ആണ് നൽകിയത്. അതിൽ 25 ബസുകൾ തയാറായതിൽ ആദ്യ 5  ബസുകളാണ് വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തിയത്. 5 ബസുകൾ കൂടെ ശനിയാഴ്ച എത്തും. ബാക്കി 15 ബസുകൾ തിങ്കളാഴ്ച ഹരിയാനയിൽ നിന്നും തിരിക്കും. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച് ഈ ബസുകൾ ഉടൻ സർവീസിന് ഇറക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ഡീസൽ ബസുകൾ സിറ്റി സർവീസ് നടത്തുമ്പോൾ 37 രൂപയാണ് ഒരു കിലോമീറ്ററിന് ചെലവ് വരുന്നത്. ഇത് ഇലക്ട്രിക് ബസിലേക്ക് മാറുമ്പോൾ 20 രൂപയിൽ താഴെയാകും ചെലവ് വരുക. നിലവിലെ ഇന്ധന വിലവർധനവിന്റെ സാ​ഹചര്യത്തിൽ ഇലക്ട്രിക് ബസുകളാണ് ​ഗുണകരമാകുക. തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട് എന്നിവിടങ്ങളിൽ ഇതിന്റെ ചാർജിം​ഗ് സ്റ്റേഷനുകളും ഉണ്ടാകും. സിറ്റി സർക്കുലറിൽ ദിനം പ്രതി 1000 യാത്രക്കാരിൽ നിന്നും 28,000 യാത്രക്കാർ ആയി മാറിയത് ജനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.

സിഎൻജി ബസുകൾ വാങ്ങുന്നതിനുള്ള നടപടിക്ക് ശേഷം ഒരു വർഷത്തിനിടയിൽ ഇരട്ടിയിലധികം രൂപയാണ് സിഎൻജിക്ക് വിലവർധിച്ചത്. ഈ സാഹചര്യത്തിൽ സിഎൻജി ബസുകൾ വാങ്ങിയാൽ ലാഭകരമാകില്ലെന്നും മന്ത്രി പറഞ്ഞു.  9 മീറ്റർ നീളമാണ് ഇലക്ട്രിക് ബസുകൾക്ക് ഉള്ളത്. 2 മണിക്കൂർ കൊണ്ടു ഒറ്റ ചാർജിങ്ങിൽ തന്നെ 120 കിലോ മീറ്റർ മൈലേജാണ് ഈ ബസുകൾക്കുള്ളത്.  92,43,986 രൂപയാണ് ഒരു ബസിന്റെ വില. 30 സീറ്റുകളുണ്ട്.  യാത്രക്കാർക്ക് മൊബൈൽ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യവും, 5 സിസിടിവി ക്യാമാറയുടെ നിരീക്ഷണം, യാത്രക്കാർക്ക് എമർജൻസി അലർട്ട് ബട്ടൻ ഉൾപ്പെടെയുള്ള  സൗകര്യങ്ങളും ബസിൽ ഉണ്ട്. നിലവിൽ 30 വരെയാണ് 10 രൂപയ്ക്ക് ഒരു സർക്കിൾ യാത്ര ചെയ്യാനാകുന്നത്. അത് 3 മാസം കൂടി നീട്ടിയതായും മന്ത്രി അറിയിച്ചു. കൂടാതെ എല്ലാ സർക്കുലറിലും ഒരു മാസം യാത്ര ചെയ്യാവുന്ന സീസൺ ടിക്കറ്റും ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS