ആചാരങ്ങളുടെ കണിശതയിൽ തരിമ്പും വിട്ടൂവീഴ്ചയില്ലാത്ത ആചാര്യൻ

trivandrum-parameswaran
ശ്രീപദ്മനാഭസ്വാമിക്ഷേത്രം തന്ത്രി തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാടും (വലത്ത്) തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടും ക്ഷേത്രത്തിലെ തന്ത്രിമഠത്തിൽ
SHARE

തിരുവനന്തപുരം ∙ 2006 മുതൽ ഒന്നര പതിറ്റാണ്ടോളം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെപ്രധാന തന്ത്രി സ്ഥാനം വഹിച്ച ആചാര്യനാണ് ഇന്നലെ അന്തരിച്ച തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു പുറമേ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം തുടങ്ങി പ്രശസ്തമായ ഒട്ടേറെ ക്ഷേത്രങ്ങളിലെ തന്ത്രി സ്ഥാനവും അദ്ദേഹം വഹിച്ചു.  ആചാര ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അതിനെതിരേ കർക്കശ നിലപാട് അദ്ദേഹം സ്വീകരിച്ചു. അരവണയുൾപ്പെടെയുള്ള ദ്രവ്യങ്ങൾ നിവേദിക്കാതെ ഭക്തർക്ക് നൽകുന്നത് ദേവഹിതമല്ലെന്നു ചൂണ്ടിക്കാട്ടി ഫെബ്രുവരിയിൽ തിരുവിതാംകൂർ രാജ കുടുംബാംഗങ്ങൾക്കു കത്തു നൽകിയത് ചർച്ചയായിരുന്നു.

ബി നിലവറ തുറക്കരുതെന്ന നിലപാടായിരുന്നു ആദ്യം മുതൽ തരണനല്ലൂർ സ്വീകരിച്ചത്.  തിരുപ്പതി മാതൃകയിൽ സുപ്രഭാതം വേണമെന്ന അമിക്കസ് ക്യൂറിയുടെ നിർദ്ദേശത്തെയും ആചാര ലംഘനം ചൂണ്ടിക്കാട്ടി അദ്ദേഹം എതിർത്തു. മേൽക്കൂര അറ്റകുറ്റപ്പണി നടത്താനായി 7 വർഷം മുൻപ് നിലത്തിറക്കിയ താഴികക്കുടം പുന: പ്രതിഷ്ഠ നടത്താത്തതിനെതിരെയും അദ്ദേഹം ശബ്ദമുയർത്തി. സ്ത്രീകൾക്കു ചുരിദാർ ധരിച്ച് ക്ഷേത്രത്തിനുള്ളിൽ കടക്കാമെന്ന എക്സിക്യുട്ടീവ് ഓഫിസറുടെ വിവാദ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് തന്ത്രിയുടെ അഭിപ്രായം പരിഗണിച്ചായിരുന്നു. ആചാരങ്ങളെ സംബന്ധിച്ച് അവസാന വാക്ക് ക്ഷേത്ര തന്ത്രി ആയതിനാൽ അദ്ദേഹത്തിന്റെ നിർദേശങ്ങളെല്ലാം രാജ കുടുംബാംഗങ്ങളും ക്ഷേത്ര ഭരണസമിതിയും നടപ്പാക്കാൻ മുൻകൈയെടുത്തു. 

അച്ഛൻ വലിയ പരമേശ്വരൻ നമ്പൂതിരിപ്പാട് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പരമേശ്വരൻ നമ്പൂതിരിപ്പാട് തന്ത്രി സ്ഥാനം ഏറ്റെടുത്തത്. 6 തവണയായി വർഷത്തിൽ 60 ദിവസം തന്ത്രി ക്ഷേത്രത്തിലെത്തണമെന്ന വ്യവസ്ഥ ശാരീരികാവസ്ഥകൾ അലട്ടിത്തുടങ്ങിയ 2017 വരെ അദ്ദേഹം കൃത്യമായി പാലിച്ചു. അതുവരെ പൈങ്കുനി, അൽപശി ഉത്സവങ്ങളുടെ കൊടിയേറ്റ്, ആറാട്ട്, 2 വർഷം മുൻപ് നടത്തിയ മുറജപം തുടങ്ങി എല്ലാ വിശേഷങ്ങൾക്കും അദ്ദേഹം ആചാര്യനായിരുന്നു. നിലവിലെ ക്ഷേത്ര സ്ഥാനി മൂലം തിരുനാൾ രാമവർമയ്ക്ക് തിരുമുടികലശം,  നിരവധി നമ്പിമാരുടെയും പുഷ്പാഞ്ജലി സ്വാമിയാരുടെയും അവരോധം എന്നിവ നിർവഹിച്ചതും പരമേശ്വരൻ നമ്പൂതിരിപ്പാടായിരുന്നു.

തൃശൂർ ഇരിങ്ങാലക്കുട കീഴ്താന്നി തരണനെല്ലൂർ കുടുംബത്തിലെ നെടുമ്പിള്ളി ശാഖയുടെ കാരണവരാണ് അന്തരിച്ച പരമേശ്വരൻ നമ്പൂതിരിപ്പാട്. ഉണ്ണായി വാരിയർ കലാനിലയത്തിലെ അധ്യാപകനും നമ്പൂതിരീസ് കോളജിലെ മുൻ പ്രിൻസിപ്പലുമാണ്. കൂടിയാട്ടം ആസ്വാദക സംഘം അധ്യക്ഷൻ, കേരള തന്ത്രി സമാജം സംസ്ഥാന ഭാരവാഹി, യോഗക്ഷേമ സഭ യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ ഇളയ സഹോദരൻ ഗോവിന്ദൻ നമ്പൂതിരിപ്പാടിനായിരിക്കും ഇനി നെടുമ്പിള്ളി തരണനെല്ലൂർ മനയുടെ കാരണവസ്ഥാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS