ADVERTISEMENT

പാറശാല∙ മുൻവൈരാഗ്യത്തെത്തുടർന്ന് സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുള്ള 11 അംഗസംഘം വീടുകയറി നടത്തിയ അക്രമത്തിൽ യുവാവിനു പരുക്കേറ്റു. സിപിഎം പാറശാല ഏരിയ കമ്മിറ്റി അംഗവും കുളത്തൂർ മുൻ എൽസി സെക്രട്ടറിയുമായ ഉച്ചക്കട സുരേഷാണ് പൊലീസ് കേസിൽ ഒന്നാം പ്രതി. സുരേഷ് ഒളിവിലാണ്. ഹെൽമറ്റ് ധരിച്ചാണ് സുരേഷ് അക്രമത്തിനു നേതൃത്വം നൽകിയതെന്നാണ് പരാതി. പെ‍ാഴിയൂർ ചാമവിള ന്യൂ ബംഗ്ലാവിൽ നൈസാമിന്റെ വീട്ടിൽ ഞായർ രാത്രി 10.35നു ആണ് സംഭവം. നൈസാമിന്റെ സുഹൃത്ത് കോട്ടയം സ്വദേശി ജെയിൻ ആണ് പരുക്കേറ്റത്.

ഞായറാഴ്ച നടന്ന സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ആണ് ജെയിൻ അടക്കമുള്ളവർ പെ‍ാഴിയൂരിൽ എത്തിയത്. വിവാഹ ചടങ്ങുകൾക്ക് ശേഷം രാത്രി നൈസാമിന്റെ വീട്ടിൽ ഒത്തു കൂടിയപ്പോൾ ആയിരുന്നു അക്രമം. വാഹനങ്ങളിൽ എത്തിയ സംഘത്തെ കണ്ട് വീട്ടുകാർ അടക്കം ഒ‍ാടി രക്ഷപ്പെട്ടെങ്കിലും ജെയിൻ ഇവർക്ക് മുന്നിൽ പെട്ടു. അക്രമി സംഘത്തിൽ പെട്ട അരുൺ, പ്രജിത്ത് എന്നിവരെ പെ‍ാലീസ് അറസ്റ്റു ചെയ്തു. അക്രമ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ നിന്ന് പെ‍ാലീസ് ശേഖരിച്ചു. വീടിനു മുന്നിൽ പാ‍ർക്ക് ചെയ്തിരുന്ന കാർ, ഒ‍ാട്ടോ, ബൈക്ക്, മതിലിൽ ഉണ്ടായിരുന്ന ലൈറ്റുകൾ തുടങ്ങിയവ തകർത്ത ശേഷം ആണ് സംഘം മടങ്ങിയത്.

രണ്ട് മാസം മുൻപ് സുരേഷിന്റെ മെഡിക്കൽ സ്റ്റോറിൽ നിന്നു സാധനം വാങ്ങിയതിനു ഗുഗിൽ പേ ചെയ്തു തുക നൽകിയത് സംബന്ധിച്ച് നൈസാമിന്റെ സഹോദരീഭർത്താവും സുരേഷും തമ്മിൽ വഴക്ക് ഉണ്ടായി. രാത്രി സ്ഥാപനം അടച്ച് സുരേഷ് വീട്ടിൽ എത്തിയപ്പോൾ നൈസാമും സഹോദരി ഭർത്താവും ചേർന്ന് ഇയാളെ വീട്ടിൽ നിന്നു വിളിച്ചിറക്കി മർദിച്ചു. സംഭവത്തിൽ അറസ്റ്റിലായി 28 ദിവസത്തോളം ജയിലി‍ൽ ആയിരുന്ന നൈസാം ഇരുപത് ദിവസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.ഇതേ തുടർന്നുള്ള വൈരാഗ്യം ആണ് അക്രമത്തിനു കാരണം എന്നാണ് പെ‍ാലീസിന്റെ വിലയിരുത്തൽ. കേസിലെ പ്രധാന പ്രതി സുരേഷ് അടക്കം സംഘത്തിലെ മറ്റുള്ളവർ ഒളിവിൽ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com