ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്രസർക്കാരിന്റെ റബർ സ്റ്റാംപിനെയല്ല, നിഷ്പക്ഷമായി ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രപതിയെയാണു രാജ്യത്തിനാവശ്യമെന്നു പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ. സ്ഥാനാർഥിയെന്ന നിലയിൽ സംസ്ഥാനങ്ങളിലെ പ്രചാരണത്തിനു സിൻഹ കേരളത്തിൽ തുടക്കമിട്ടു. നിയമസഭാ മന്ദിരത്തിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംഎൽഎമാരെയും എംപിമാരെയും പ്രത്യേകമായി കണ്ട് വോട്ടഭ്യർഥിച്ചു. കേരളത്തിലെ മുഴുവൻ വോട്ടുകളും ലഭിക്കുന്നതിൽ നന്ദിയും ആഹ്ലാദവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക നൽകിയതു സ്ഥാനാർഥിയല്ല, പ്രധാനമന്ത്രിയാണെന്നും ഇതൊരു സൂചനയാണെന്നും സിൻഹ പറഞ്ഞു. പ്രതിഭ പാട്ടീൽ പത്രിക നൽകിയപ്പോൾ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ് സ്ഥാനാർഥിക്കു പിന്നിൽ നിന്നു പിന്തുണയ്ക്കുകയാണു ചെയ്തത്. ഇവിടെ രാഷ്ട്രപതി സ്ഥാനാർഥി നിശബ്ദയായിരിക്കുന്നതാണു രാജ്യം കണ്ടത്. സർക്കാർ ഭരണഘടനാ ലംഘനം നടത്തുമ്പോൾ അതു ബോധ്യപ്പെടുത്താൻ കഴിയുന്ന, അങ്ങനെ ചെയ്യുന്നതിൽ ഭയപ്പെടാത്ത ഒരു രാഷ്ട്രപതിയെയാണ് ഇന്ന് ഇന്ത്യ ആഗ്രഹിക്കുന്നത്.

1975ൽ ഇന്ത്യയിൽ നടപ്പാക്കിയതു പ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നെങ്കിൽ ഇന്നു രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. അന്നത്തേതു രാഷ്ട്രീയ നടപടിയായിരുന്നെങ്കിൽ ഇന്നു സമൂഹത്തെ വിഭജിക്കുന്ന നടപടിയാണ്. തിരഞ്ഞെടുപ്പിൽ അക്കങ്ങൾ തനിക്ക് അനുകൂലമല്ലെന്നു പലരും പറയുന്നു. എല്ലാ തിരഞ്ഞെടുപ്പും അക്കങ്ങളുടെ കളിയല്ല. ഇനി അങ്ങനെ ആണെങ്കിൽത്തന്നെ പ്രചാരണം അവസാനിക്കുമ്പോൾ അക്കങ്ങൾ അനുകൂലമാകും: സിൻഹ പറഞ്ഞു.

എൽഡിഎഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. എല്ലാ അർഥത്തിലും രാഷ്ട്രപതി സ്ഥാനത്തിന് അർഹനാണ് യശ്വന്ത് സിൻഹയെന്നും കേരളത്തിലെ മുഴുവൻ വോട്ടും അദ്ദേഹത്തിനു ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.രാധാകൃഷ്ണൻ, ഇ.ചന്ദ്രശേഖരൻ എംഎൽഎ എന്നിവർ പ്രസംഗിച്ചു. ഘടകകക്ഷികളെ പ്രതിനിധീകരിച്ച് മന്ത്രിമാരായ റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, തോമസ് കെ.തോമസ് എംഎൽഎ എന്നിവർ വേദിയിലുണ്ടായിരുന്നു. എൽഡിഎഫിന്റെ എംപിമാർ എത്തിയില്ല.

യുഡിഎഫ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അധ്യക്ഷതയിലായിരുന്നു. യുഡിഎഫിന്റെ മുഴുവൻ എംഎൽഎമാരുടെയും എംപിമാരുടെയും വോട്ട് സതീശൻ ഉറപ്പു നൽകി. കെ.മുരളീധരൻ എംപി, എംഎൽഎമാരായ എം.കെ.മുനീർ, പി.സി.വിഷ്ണുനാഥ് എന്നിവർ വേദിയിലുണ്ടായിരുന്നു . മുരളീധരൻ ഒഴികെ എംപിമാർ എത്തിയില്ല. യശ്വന്ത് സിൻഹ ഗാന്ധിഭവനിൽ പൗരസ്വീകരണത്തിലും പങ്കെടുത്തു. ഇന്നു പ്രചാരണത്തിനായി തമിഴ്നാട്ടിലെത്തും.

 

‘നോട്ടുനിരോധനം

സാമ്പത്തിക അഴിമതി’

നോട്ടുനിരോധനം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക അഴിമതിയായിരുന്നുവെന്ന് യശ്വന്ത് സിൻഹ. 

നോട്ടുനിരോധനത്തിലൂടെ കള്ളപ്പണം മുഴുവൻ വെളുപ്പിക്കാൻ അവസരം കൊടുത്തുവെന്നു കേസരി സ്മാരക ട്രസ്റ്റിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

ജെഎംഎം തന്നെ പിന്തുണയ്ക്കുമെന്നാണു പ്രതീക്ഷ. ഇതുവരെ മറിച്ചൊരു തീരുമാനം അവർ പറഞ്ഞിട്ടില്ല. ആം ആദ്മി പാർട്ടിയുമായി ആശയവിനിമയം നടത്തുന്നുണ്ട്.

വിമാനത്താവളത്തിൽ എൽഡിഎഫ് നേതാക്കൾ സ്വീകരിക്കാൻ വരാത്തതിനെക്കുറിച്ചു പ്രതികരണത്തിനില്ല. 

പൂർണ പിന്തുണയാണു മുഖ്യമന്ത്രി ഉൾപ്പെടെ നൽകിയത്. മറ്റൊരു വിവാദത്തിനും പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com