ADVERTISEMENT

വർക്കല∙ തിരുവല്ലയിൽ യാത്രയ്ക്കിടെ ട്രെയിനിൽ നിന്നു തെറിച്ചു വീണു പരുക്കേറ്റു ചികിത്സയിൽ കഴിയവേ മരിച്ച വെട്ടൂർ ഗവ.എച്ച്എസ്എസിലെ ഹൈസ്കൂൾ വിഭാഗം അധ്യാപിക പാലാ മേലുകാവ് മറ്റം കട്ടിപുരയ്ക്കൽ ജിൻസി ജോണിന്റെ (35)  വേർപാട് സഹപ്രവർത്തകർക്കു ആഘാതമായി. 27നു വൈകിട്ട് സ്കൂൾ കഴിഞ്ഞു പാസഞ്ചർ ട്രെയിനിൽ കോട്ടയത്തേക്കു മടങ്ങിയ ജിൻസി പിന്നീട് വീണു ഗുരുതരമായി പരുക്കേറ്റതായി വിവരമാണ് സഹപ്രവർത്തകർക്ക് ലഭിക്കുന്നത്.

തിരുവല്ല കഴിഞ്ഞപ്പോൾ ട്രെയിൻ ബോഗിയിൽ ജിൻസി തനിച്ചായിരുന്നുവെന്നും  പ്ലാറ്റ്ഫോമിൽ അലക്ഷ്യമായി നടന്ന ഒരാൾ ട്രെയിനിലേക്ക് ചാടിക്കയറുന്നതു ഇതേ കോച്ചിൽ നിന്നു പ്ലാറ്റ്ഫോമിലേക്കു ഇറങ്ങിയ മറ്റൊരു യാത്രക്കാരി ശ്രദ്ധിച്ചിരുന്നുവെന്നും പറയുന്നു. ഇതിന് ശേഷമാണ് ട്രെയിനിന്റെ അവസാന ബോഗി പ്ലാറ്റ്ഫോം കടക്കുന്നതിന് തൊട്ടുമുൻപായി ജിൻസി പുറത്തേക്ക് തെറിച്ചു വീഴുന്നത്.

വീഴ്ചയിൽ തലയുടെ പിൻഭാഗം ഇടിച്ചു വീണതിനാൽ നില ഗുരുതരമായി വെന്റിലേറ്ററിൽ തുടരുന്നതിനിടെ ബുധനാഴ്ച വൈകിട്ടോടെ മരിച്ചു. അഞ്ചു വർഷമായി വെട്ടൂർ സ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപികയായി ജോലി ചെയ്ത ജിൻസി കുറച്ചു മാസം മുൻപ് വരെ വർക്കല റെയിൽവേ സ്റ്റേഷന് സമീപം വീട് വാടകയ്ക്കെടുത്താണ് രണ്ടു മക്കൾക്കൊപ്പം താമസിച്ചിരുന്നത്.

ഏതാനും മാസങ്ങൾക്ക് മുൻപ് പാലാ മേലുകാവിൽ  വീട് വാങ്ങിയെങ്കിലും യാത്രാസൗകര്യം കണക്കിലെടുത്തു റെയിൽവേയിൽ ജോലിയുള്ള ഭർത്താവ് ജെയിംസിന്റെ കോട്ടയത്തെ റെയിൽവേ ക്വാർട്ടേഴ്സിലാണു ഇപ്പോൾ താമസിക്കുന്നത്. എല്ലാദിവസവും കോട്ടയത്ത് നിന്നു ട്രെയിനിൽ വന്നു പോകവേ ഉണ്ടായ ജിൻസിയുടെ ദാരുണമായ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യമാണ് സഹപ്രവർത്തകർ ഉന്നയിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com