നെയ്യാറ്റിൻകര ∙ ദേശീയപാതയിൽ നെയ്യാറ്റിൻകരയ്ക്കു സമീപം കെഎസ്ആർടിസി – വിഎസ്എസ്‌സി ബസുകൾ കൂട്ടിയിടിച്ച് ഇരു ബസുകളിലെയും ഡ്രൈവർമാർക്ക് ഉൾപ്പെടെ ഇരുപതോളം പേർക്കു പരുക്ക്. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംക്‌ഷനു സമീപം ഗ്രാമത്തിലെ കൊടും വളവിൽ ഇന്നലെ പുലർച്ചെ 5.45നായിരുന്നു അപകടം. കെഎസ്ആർടിസി ബസിന്റെ ഡ്രൈവറും കുളത്തൂർ സ്വദേശിയുമായ അനിൽകുമാർ (45), വിഎസ്എസ്‌സി ബസിന്റെ ഡ്രൈവറും പേട്ട സ്വദേശിയുമായ സുരേഷ് കുമാർ (55) എന്നിവരുടെ കാലുകൾക്കു പൊട്ടലുണ്ട്. ഇവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.

ധനുവച്ചപുരം സ്വദേശി ആർ.ജെ. ജയകുമാർ (62), ഉദിയൻകുളങ്ങര സ്വദേശി രാജേഷ് (50), പാറശാല സ്വദേശികളായ സെൽവരാജൻ (54), സജിൻ (25), ജയകുമാർ (48), രമേഷ് (46), കളിയിക്കാവിള സ്വദേശികളായ അനിൽകുമാർ (43), സെൽവകുമാർ (35), കുടവിളക്കോണം സ്വദേശി രഞ്ജിത്ത് (24), പ്ലാമൂട്ടുക്കട സ്വദേശി ക്രിസ്റ്റഫർ (50) തുടങ്ങിയവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പാറശാല – കൊട്ടാരക്കര ബസും ജീവനക്കാരെ വിഎസ്എസ്‌സിയിലേക്കു കൊണ്ടുവരാൻ പുറപ്പെട്ട ബസുമാണു അപകടത്തിൽപെട്ടത്.
കെഎസ്ആർടിസി ബസിലെ കണ്ടക്ടർ പ്രവീണിനും കൂട്ടിയിടിയുടെ ആഘാതത്തിൽ നേരിയ തോതിൽ ക്ഷതമേറ്റു. ഒട്ടേറെ പേരുടെ മുഖത്താണു പരുക്ക്. പൊലീസും അഗ്നിരക്ഷാ സേനയും രക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ജനപ്രതിനിധികളും നാട്ടുകാരും പങ്കാളികളായി. അപകടത്തിൽ ഇരു ബസുകളുടെ മുൻവശത്തിനു കാര്യമായ കേടുപാടുണ്ട്.ദേശീയപാതയിൽ ഗതാഗതം 2 മണിക്കൂറോളം തടസ്സപ്പെട്ടു. സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വഴിയിൽ കുടുങ്ങി.
നെടുമങ്ങാട് പത്താം കല്ലിന് സമീപം ഡ്രൈവറുൾപ്പെടെ 18 പേർക്ക് പരുക്ക്
നെടുമങ്ങാട്∙പത്താം കല്ല് റോഡിൽ വിഐപി വളവിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവറും കണ്ടക്ടറുമുൾപ്പെടെ 18 പേർക്കു പരുക്ക്. ആരുടെയും പരുക്കുകൾ ഗുരുതരമല്ല. പല്ലിനു പരുക്കേറ്റ തൊളിക്കോട് സിഎച്ച്സിയിലെ ഡോ ലുബിന(43)നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റ് 17 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും, പിന്നീട് ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഉച്ചയോടെ വിട്ടയച്ചു. തിരുവനന്തപുരം– പൊന്മുടി,പാലോട്– തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസുകൾം തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ 10.30നാണു സംഭവം. പാലോട് നിന്നു വന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ഒരു ഓട്ടോറിക്ഷയെ മറികടന്ന് കയറിയതാവാം അപകടത്തിന് കാരണം എന്നു കരുതുന്നു.
അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഇതു വഴിയുള്ള വാഹന ഗതാഗതം സ്തംഭിച്ചു. പൊലീസും കെഎസ്ആർടിസി ജീവനക്കാരും ചേർന്ന് അപകടത്തിൽപെട്ട ബസുകളെ റോഡിന്റെ വശങ്ങളിലേക്ക് മാറ്റി ഇട്ടാണു ഗതാഗതം പുനഃസ്ഥാപിച്ചത്. കെഎസ്‌ആർടിസി നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവർ ആനാട് സ്വദേശി കെ ദിനേശ് കുമാർ(50), പാലോട് ഡിപ്പോയിലെ കണ്ടക്ടർ ആർ സുജിത്ത്, കോട്ടയം സ്വദേശി ചന്ദ്രൻ(68), മണക്കാട് സ്വദേശി ഷൈനി(34), തോട്ടുമുക്ക് സ്വദേശി ഷീബ(44), കായ്പാടി സ്വദേശി അൽഫ ഫാത്തിമ(18), പഴകുറ്റി സ്വദേശി ഉഷ(51), ആൾസൈന്റ്സ് സ്വദേശി അംബിക(59), കവടിയാർ സ്വദേശി ജയശ്രീ(57), തിരുവനന്തപുരം സ്വദേശി അജിതകുമാരി(63), വേങ്കവിള സ്വദേശി ശ്രീജ(31), വേറ്റിനാട് സ്വദേശി ബാബു(55), എട്ടാം കല്ല് സ്വദേശി പ്രമിത(49), പുതുകുളങ്ങര സ്വദേശി സുനിത(44), പത്താം കല്ല് സ്വദേശി അലിയാര് കുഞ്ഞു(70), ബാലരാമപുരം സ്വദേശി ശ്രീമതി(55), പനവൂർ ഹരികുമാർ(41) എന്നിവരെയാണു പരുക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.