ADVERTISEMENT

കാട്ടാക്കട ∙ വനം വകുപ്പ് സ്ട്രോങ് റൂമിൽ സൂക്ഷിച്ച ചന്ദന വിഗ്രഹങ്ങൾ കാണാനില്ല. തൊണ്ടി മുതലായി പരുത്തിപ്പള്ളി റേഞ്ച് ഓഫിസിൽ സൂക്ഷിച്ചിരുന്ന 10 വിഗ്രഹങ്ങളാണ് അപ്രത്യക്ഷമായത്. 2016ൽ വനം വകുപ്പ് ഇന്റലിജൻസ് മുട്ടത്തറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്ത 9 ഗണപതി വിഗ്രഹങ്ങളും ഒരു ബുദ്ധ പ്രതിമയുമാണു നഷ്ടമായത്. കേസിന്റെ വിചാരണ നടപടികളുമായി ബന്ധപ്പെട്ട് തൊണ്ടി മുതൽ കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ട് ആദ്യഘട്ടത്തിൽ വനംവകുപ്പ് തയാറായില്ല. വനം മേധാവിയോട് തൊണ്ടി ഹാജരാക്കാൻ കോടതി  നിർദേശിച്ചതോടെയാണ് വിഗ്രഹത്തിനായി തിരച്ചിൽ തുടങ്ങിയത്.

3 ദിവസമായി വനം വകുപ്പ് ആസ്ഥാനത്തും പരുത്തിപ്പള്ളി റേഞ്ചിലും സ്ട്രോങ് റൂം അരിച്ചു പെറുക്കിയിട്ടും വിഗ്രഹങ്ങൾ കണ്ടെത്താനായില്ല. സംഭവത്തെപ്പറ്റി വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വിഗ്രഹങ്ങൾ വനം വകുപ്പ് സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് പരുത്തിപ്പള്ളി റേഞ്ചിലെ രേഖകൾ. എന്നാൽ റേഞ്ചിലെ സ്ട്രോങ് റൂമിലാണോ, വനം വകുപ്പ് ഹെഡ്ക്വാർട്ടഴ്സിലെ സ്ട്രോങ് റൂമിലാണോ എന്നത് സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടില്ല. ഈ പഴുതു മുതലെടുത്ത്  വിഗ്രഹങ്ങൾ ആരെങ്കിലും കടത്തിയിരിക്കാമെന്നാണ് നിഗമനം. ആനക്കൊമ്പ് ഉൾപ്പെടെ വനംവകുപ്പ് കേസുകളിൽ പിടിച്ചെടുക്കുന്ന വിലപിടിപ്പുള്ള തൊണ്ടി മുതലുകളാണു സ്ട്രോങ് റൂമിൽ സൂക്ഷിക്കുക.

സംഭവത്തെക്കുറിച്ച് വനം വകുപ്പ് വിജിലൻസ് അനൗദ്യോഗികമായി അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്ത് വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്തെ സ്ട്രോങ് റൂമിൽ മൂന്ന് ദിവസമായി നടന്ന പരിശോധനയിലും വിഗ്രഹങ്ങൾ കണ്ടെത്താനായില്ല.  പരുത്തിപ്പള്ളി റേഞ്ചിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സിലെ  മുറിയിലെ ഇരുമ്പ് പെട്ടിയിലാണു  വിഗ്രഹങ്ങൾ നേരത്തേ സൂക്ഷിച്ചിരുന്നത്. പുതിയ റേഞ്ച് ഓഫിസ് മന്ദിരം വന്നപ്പോൾ കാര്യമായി തന്നെ ‘സ്ട്രോങ്’റൂം പണിതു. ഇവിടേക്ക് പഴയ സ്ഥലത്തു നിന്നു സാധനങ്ങൾ മാറ്റിയപ്പോൾ വിഗ്രഹങ്ങൾ ‘കടന്ന’താകാമെന്നാണ് നിഗമനം. തോക്ക് ഉൾപ്പെടെയുള്ളവയും  തൊണ്ടി മുതലുമാണ് സ്ട്രോങ് റൂമിൽ സൂക്ഷിക്കുക.. ഇതിന്റെ കസ്റ്റോഡിയൻ റേഞ്ച് ഓഫിസറാണ്.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com