ADVERTISEMENT

കാട്ടാക്കട ∙ വനം വകുപ്പിന്റെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന ചന്ദന വിഗ്രഹങ്ങൾ കാണാതായതിനെപ്പറ്റി  അന്വേഷിച്ച് ഇന്നു തന്നെ റിപ്പോർട്ട് നൽകാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യ വനം മേധാവിക്കു നിർദേശം നൽകി. സ്ട്രോങ് റൂമിൽ നിന്ന് ചന്ദന വിഗ്രഹങ്ങൾ കാണാതായത് ഇന്നലെ ‘മനോരമ’റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് മന്ത്രി വനം മേധാവിയോട് റിപ്പോർട്ട് ആശ്യപ്പെട്ടത്. തൊണ്ടിമുതൽ കാണാനില്ലെന്ന് സ്ഥിരീകരിച്ച് 4 ദിവസത്തിനു ശേഷം പരുത്തിപള്ളി റേഞ്ച് ഓഫിസർ ഇന്നലെ പൊലീസിൽ പരാതി നൽകി. റേഞ്ച് ഓഫിസർ ടി.എഫ്.ഷാജി ജോസിന്റെ പരാതിയിൽ കാട്ടാക്കട പൊലീസ് മോഷണത്തിന് കേസെടുത്തു.

2016ൽ വനം വകുപ്പ് മുട്ടത്തറ സ്വദേശിയിൽ നിന്നു പിടിച്ചെടുത്ത ചന്ദനത്തിൽ തീർത്ത 10 വിഗ്രഹങ്ങളാണു കാണാതായത്. തൊണ്ടി മുതൽ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്നതായാണ് പരുത്തിപള്ളി റേഞ്ചിലെ രേഖകളിലുള്ളത്. എന്നാൽ റേഞ്ചിലോ വനം ആസ്ഥാനത്തുള്ള സ്ട്രോങ് റൂമിലോ ഈ വിഗ്രഹങ്ങൾ ഇല്ലെന്ന  മനോരമ വാർത്തയെ തുടർന്നാണ് മന്ത്രി ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടത്. അതിനു പിന്നാലെയാണ് ഡിഎഫ്ഒ യുടെ നിർദേശ പ്രകാരം പരുത്തിപള്ളി റേഞ്ച് ഓഫിസർ പൊലീസിൽ പരാതി നൽകിയത്.

2019 നവംബറിലാണ് ടി.എഫ്.ഷാജി ജോസ് റേഞ്ച് ഓഫിസറായി ചുമതലയേറ്റത്. ചുതല ഏൽക്കുന്ന സമയത്തുള്ള  ചെക് ലിസ്റ്റിൽ ഈ വിഗ്രഹങ്ങൾ ഉണ്ടായിരുന്നില്ല. തൊണ്ടി മുതൽ ഹാജരാക്കാൻ കോടതി നോട്ടിസ് അയച്ചത് അടുത്ത കാലത്താണ്. അതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് ഇവ കാണാനില്ലെന്നു വ്യക്തമായതെന്നാണ് റേഞ്ച് ഓഫിസർ പൊലീസിനു  നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് മുൻപ് ഇവിടെ ജോലി നോക്കിയ കൂടുതൽ ഉദ്യോഗസ്ഥരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com