ADVERTISEMENT

തിരുവനന്തപുരം ∙ പഴയ പരിചയക്കാർ വഴിയിൽ കണ്ടാൽ തിരക്കും:  ‘സർവീസ് കുറച്ചായല്ലോ, സാറിന്റെ റിട്ടയർമെന്റ് എന്നാ?’. അതു കേട്ട്  എൻ.എസ്. തങ്കപ്രസാദ് ചിരിക്കും, എന്നിട്ടു  പറയും, ‘67 എന്നേ കഴിഞ്ഞു. റിട്ടയർ ചെയ്തിട്ട് വർഷം ഏഴായി !’. എസ്ബിടിയിൽ നിന്ന് അസിസ്റ്റന്റ് ജനറൽ മാനേജർ ആയി വിരമിച്ച തങ്കപ്രസാദിന്റെ ജീവിതം രണ്ടു ചോദ്യങ്ങൾക്കുള്ള  ഉത്തരമാണ്. കാൻസർ വന്നാൽ മാറ്റാനാകുമോ? ഒരു വൃക്കയില്ലാതെയും മനുഷ്യന് ആരോഗ്യകരമായി ജീവിക്കാനാകുമോ?.രണ്ടിനും ‘യെസ്’ എന്നാണ് മറുപടി.

ആ ‘യെസി’ലേക്ക് എങ്ങനെയെത്താം എന്നതിനുത്തരം ‘റൺ’ എന്നാണ്.  ഓട്ടം !.താൻ ഓടാൻ തുടങ്ങിയതോടെ ഒപ്പം കൂടിയ കാൻസർ  തോറ്റോടിയതായി തങ്കപ്രസാദ് സാക്ഷ്യപ്പെടുത്തുന്നു. മലയാള മനോരമ ഇന്നലെ സംഘടിപ്പിച്ച ‘സാന്തേ ഫൺ’ മാരത്തണിലെ ശ്രദ്ധേയമായ താരം പട്ടം ലക്ഷ്മി നഗർ വൃന്ദാവനത്തിൽ തങ്കപ്രസാദ് ആയിരുന്നു. ഇതൊക്കെയെന്ത് എന്ന ഭാവത്തിൽ അദ്ദേഹം 10 കിമീ 64 മിനിറ്റു കൊണ്ട്  ഓടിത്തീർക്കുകയായിരുന്നു.  രണ്ടു തവണ കാൻസർ ബാധ, അതിനിടയിൽ ഒരു വൃക്ക നീക്കം ചെയ്യലും. ഇതു മൂന്നും കഴിഞ്ഞാൽ അടങ്ങിയൊതുങ്ങി വീട്ടിൽ വയറുനിറയെ മരുന്നും കഴിച്ചിരിക്കേണ്ട ഘട്ടത്തിലാണ് തങ്കപ്രസാദ് ഷൂ മുറുക്കി ഓട്ടം പുനരാരംഭിച്ചത്.

1972 –ൽ കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ നടന്ന കേരള മാരത്തണിൽ 10,000 മീറ്ററിൽ വിജയം നേടിയതോടെയാണ് ദീർഘദൂര ഓട്ട മത്സരങ്ങളോടുള്ള പ്രിയം തുടങ്ങിയത്. ബാങ്കുദ്യോഗസ്ഥനായതോടെ സ്പോർട്സ് വിട്ടു. റിട്ടയർമെന്റിനു ശേഷം തലസ്ഥാനത്തെ ഐ ടെൺ റണ്ണേഴ്സ് ക്ലബ്ബിൽ അംഗമായതോടെയാണ് വീണ്ടും ഓട്ട മത്സരങ്ങളിൽ സജീവമായത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ എല്ലാ ദിവസവും പരിശീലനം. എന്നും 25 റൗണ്ട് ഓടും. 25 റൗണ്ട് പൂർത്തിയാകുമ്പോൾ കൃത്യം 10 കിലോമീറ്റർ  പിന്നിട്ടിരിക്കും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com