ADVERTISEMENT

പോത്തൻകോട് ∙ കൊല്ലം ചവറയിൽ രണ്ടാഴ്ച മുൻപ് നടന്ന വിവാദ  സംഭവം നടന്നതിനു പിന്നാലെ തിരുവനന്തപുരം അണ്ടൂർക്കോണത്തും വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ പ്രാകൃത നടപടിയെന്നു വെളിപ്പെടുത്തൽ.  അണ്ടൂർക്കോണം ‘തളിക‍’ യിൽ ഹജിത്കുമാർ -വീണ ദമ്പതികളുടെ നിർമാണത്തിലിരിക്കുന്ന വീടിന്റെ മുൻവശത്തെ ഭിത്തിയിലാണ് ‍‍ നോട്ടീസ് പതിക്കുകയും പിന്നാലെ കറുത്ത സ്പ്രേ പെയിന്റു കൊണ്ട് വലിയ അക്ഷരത്തിൽ ഉടമസ്ഥാവകാശം എഴുതുകയും ചെയ്തത്.   ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആന്റ് ഫിനാൻസ് കമ്പനിയിൽ നിന്നും എത്തിയവരാണ് നിയമവിരുദ്ധ പ്രവർത്തനം നടത്തിയത്.

അതേസമയം കലക്ഷൻ ചുമതലയുള്ള ചില ജീവനക്കാരാണ് ഇതിനു പിന്നിലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.  എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ പ്രതികരിക്കാനും അധികൃതർ തയ്യാറായിട്ടില്ല.  ഇക്കഴിഞ്ഞ ഏപ്രിൽ 9നാണ് ബാങ്കിന്റെ പ്രതിനിധികളെന്നു പറഞ്ഞെത്തിയ രണ്ടുപേർ നോട്ടീസ് പതിച്ച ശേഷം ഹജിത്ത്കുമാറിന്റെ ഭാര്യ വീണയെ വാടക വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മടങ്ങവെ ചുമരിൽ പെയിന്റു കൊണ്ട് എഴുതുകയും ചെയ്തത്. അപമാനം കാരണം ഇക്കാര്യം പുറത്തറിയാതിരിക്കാൻ വീട്ടുകാർ എഴുത്തിനു മുകളിൽ പേപ്പർ കൊണ്ട് മറച്ചിരുന്നു.

തുടർന്നു ഫോണിലൂടെയും നേരിട്ടും ഭീഷണി വന്നതോടെയാണ്  വിവരം ഇവർ പുറത്തറിയിച്ചത്. വിദേശത്തു ജോലിയുള്ള ഹജിത്ത്കുമാർ അണ്ടൂർക്കോണത്ത് എട്ടു സെന്റ് സ്ഥലം വാങ്ങിയ ശേഷം വീടിനായി 2020 ജൂലൈ 14നാണ് സ്വകാര്യബാങ്കിൽ‍ നിന്നും‍ 27,07,721 രൂപ വായ്പയെടുത്തത്. ഇതിൽ മൂന്നു ലക്ഷം ഇൻഷ്വറൻസിനായി നീക്കിയെന്നും രണ്ടു ലക്ഷം വായ്പ തരപ്പെടുത്തിയതിന് കമ്മീഷനായി നൽകിയെന്നും ഹജിത്ത്കുമാറിന്റെ ഭാര്യ വീണ പറഞ്ഞു.  20 വർഷം കൊണ്ട് 16 ശതമാനം പലിശയോടെയാണ് വായ്പ തിരിച്ചടയ്ക്കേണ്ടത്. വീടു നിർമ്മാണ പുരോഗതിയനുസരിച്ച് ഘട്ടംഘട്ടമായാണ് ബാങ്ക് തുക നൽകിയത്.

കോവിഡ് വ്യാപന കാലത്തെ സാമ്പത്തിക മാന്ദ്യത്തെ തുടർന്നാണ് മൂന്നു മാസത്തെ തിരിച്ചടവ് മുടങ്ങിയത്. ഇത് ബാങ്കിനെ ബോധ്യപ്പെടുത്തുകയും സാവകാശം ചോദിക്കുകയും ചെയ്തെങ്കിലും അവർ വഴങ്ങിയില്ല.  ഹജിത്ത് കുമാർ ഇപ്പോൾ ബഹ്റിനിലാണ്. നാട്ടിൽ ഭാര്യ വീണയും രണ്ടു മക്കളും മാത്രമാണുള്ളത്. നോട്ടീസ് ഒട്ടിക്കരുതെന്നും അടുത്ത ദിവസം ഒരുമാസത്തെ തുക അടയ്ക്കാമെന്നു പറഞ്ഞെങ്കിലും ഞങ്ങളുടെ നിയമം ഇങ്ങനെയെന്നും ഭിത്തിയിൽ എഴുതുന്നതിനുള്ള അവകാശം ഉണ്ടെന്നും ആത്മഹത്യ ചെയ്താൽ ഇൻഷ്വറൻസുകാർ പണം തരുമല്ലോ എന്നുമാണ് വീട്ടിലെത്തുന്ന കലക്ഷൻ‍ ഏജന്റുമാർ ഭീഷണി മുഴക്കുന്നതെന്നും വീണ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com