ADVERTISEMENT

തിരുവനന്തപുരം∙ നാലംഗ കുടുംബത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ  മൂന്നു പേരെയും ഗുരുതര രോഗങ്ങൾ കീഴടക്കിയെങ്കിലും  11 വയസ്സുകാരനായ മകനെ ചികിത്സയിലൂടെ കാൻസറിന്റെ പിടിയിൽ നിന്നു മോചിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പോരാട്ടം തുടരുകയാണ് മുരുക്കുംപുഴ മുണ്ടയ്ക്കൽ വത്സല ഭവനിൽ ഷിബിന്റെ കുടുംബം. തിയറ്റർ ജീവനക്കാരനായ ഷിബിന്റെയും താരയുടെയും മകനായ അഭയിന് രണ്ടു വർഷം മുൻപാണ് കാൻസർ സ്ഥിരീകരിച്ചത്. വൃഷണങ്ങളിൽ കാൻസർ ബാധിച്ച കുട്ടിയെ  വെല്ലൂരിലെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് മജ്ജയിലേക്കു രോഗം പടർന്നതായി അറിയുന്നത്. രണ്ടു ശസ്ത്രക്രിയകൾ നടത്തിയാൽ അഭയിന് രോഗത്തിൽ നിന്നു മോചിതനാകാമെന്നു ഡോക്ടർമാർ പറഞ്ഞു.

‌‌നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്തോടെ 32 ലക്ഷത്തോളം രൂപ കണ്ടെത്തി ആദ്യ ശസ്ത്രക്രിയ ജൂൺ എട്ടിനു നടത്തി.അടുത്തത് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ്. എത്രയും വേഗം പൂർത്തിയാക്കേണ്ട ഈ ശസ്ത്രക്രിയയ്ക്കു വേണ്ടി മുപ്പതു ലക്ഷത്തോളം രൂപ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് കുടുംബം. സുമനസ്സുകളുടെ സഹായത്തിൽ മാത്രമാണ് കുടുംബത്തിന്റെ പ്രതീക്ഷ.കരൾ ചുരുങ്ങുന്ന രോഗത്തെത്തുടർന്ന് ഷിബിൻ ചികിത്സയിൽ ആയതോടെ കുടുംബത്തിന്റെ തുച്ഛ വരുമാനം കൂടി നിലച്ച സ്ഥിതിയാണ്. 

നഴ്സായിരുന്നു താര. താരയ്ക്കും കാൻസർ ബാധിച്ചെങ്കിലും പിന്നീട് ഭേദമായി. ഇതിനിടെ  വിധിയുടെ തുടർ പരീക്ഷണമെന്നോണം താരയ്ക്കും ഷിബിനും ഒരു വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇതോടെ നഴ്സ് ജോലിയും അവസാനിപ്പിക്കേണ്ടിവന്നു. അഭയിന്റെ അനുജത്തി അൻവിത ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.കുടുംബം ഇപ്പോൾ കൊല്ലം കിളികൊല്ലൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. ചികിത്സാസഹായം കണ്ടെത്തുന്നതിനായി  വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.താര ഷിബിന്റെ പേരിൽ ഫെഡറൽ ബാങ്കിന്റെ ഉമയനല്ലൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ- 12730100252723. ഐഎഫ്എസ്‌സി-  FDRL0001273. ഗൂഗിൾ പേ- 81379 65672.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com