ADVERTISEMENT

തിരുവനന്തപുരം ∙  ആംബുലൻസ് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മകളുടെ കൺമുന്നിൽ പിതാവിനു സ്വകാര്യ ആംബുലൻസ് ജീവനക്കാരുടെ ക്രൂരമർദനം. മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ശനിയാഴ്ച രാത്രി ഒന്നിന് അതിക്രമിച്ചു കയറിയായിരുന്നു ഈ അക്രമം. പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് 4 പേർക്കെതിരെ കേസെടുത്തു. കഴക്കൂട്ടം ചന്തവിള സ്വദേശി റഹീസ്ഖാനാണ്(28)  പരുക്കേറ്റത്. വാഹന അപകടത്തിൽ ഗുരുതര പരുക്കേറ്റ് ശസ്ത്രക്രിയയ്ക്കായി കാത്തു കിടന്ന മകൾ റയാന ഫാത്തിമ (7 ) ഉൾപ്പെടെ മൂന്നു മക്കളുടെയും ഭാര്യയുടെയും മുന്നിലിട്ടായിരുന്നു മർദനം.

ശനിയാഴ്ച രാത്രി 10 ന് ഇദ്ദേഹവും കുടുംബവും ഓട്ടോയിൽ വീട്ടിലേക്കു പോകുമ്പോഴാണു കഴക്കൂട്ടം പൊലീസ് സ്റ്റേഷനു സമീപം ആംബുലൻസ് ഇടിച്ചത്. ഭാര്യ നൗഫിയ(26), മക്കളായ റയാന ഫാത്തിമ, നഹാസ്(10), അംജത് (9) എന്നിവർക്കു പരുക്കേറ്റു. റയാനയുടെ പരുക്ക് ഗുരുതരമായിരുന്നു. ഇവരെ ഉടൻ എസ്എടി ആശുപത്രിയിലെത്തിച്ചു.  പരിശോധനയിൽ റയാനയ്ക്കു ശസ്ത്രക്രിയ നിർദേശിച്ചു. മരുന്നും സാധനങ്ങളും വാങ്ങി നൽകിയ ശേഷം താൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അക്രമികൾ ആശുപത്രിക്കുള്ളിലെത്തി മർദിച്ചതന്ന് റഹീസ് ഖാൻ പരാതിയിൽ പറയുന്നു. ഡ്രൈവർമാർ റഹീസ്ഖാന്റെ കരണത്തടിച്ചു വീഴ്ത്തിയ ശേഷം വളഞ്ഞിട്ടു തല്ലുകയായിരുന്നുവെന്നാണ് പരാതി.

ആംബുലൻസിന് ഓട്ടോറിക്ഷ സൈഡ് കൊടുക്കാതിരുന്നതാണ് അപകടത്തിനു കാരണമെന്നു പറഞ്ഞായിരുന്നു മർദനം. ഭാര്യയും മക്കളും കരഞ്ഞു പറഞ്ഞിട്ടും പിന്തിരിഞ്ഞില്ല. മൊബൈലിൽ മർദനദൃശ്യം പകർത്തിയ മകൻ നഹാസിനെ വലിച്ചു നിലത്തിട്ടു. വീഴ്ചയിൽ കുട്ടിയുടെ കൈക്കു പരുക്കേറ്റു. തന്റെ ബന്ധു ഷാരൂഖ് ഖാനും (21) മർദനമേറ്റെന്നും റഹീസ് ഖാൻ പരാതി നൽകി. ആശുപത്രിയിൽ ഉണ്ടായിരുന്ന 2 സുരക്ഷാ ജീവനക്കാർ ഇടപെട്ടില്ലെന്നും വിവരമറിഞ്ഞെത്തിയ പൊലീസ്, പരാതി എഴുതി നൽകാതെ നടപടി എടുക്കില്ലെന്നു പറഞ്ഞെന്നും ആക്ഷേപമുണ്ട്.

ഇന്നലെ വൈകിട്ട് റയാനയുടെ ശസ്ത്രക്രിയയ്ക്കു ശേഷം ബന്ധുക്കൾ നേരിട്ടെത്തി പരാതി നൽകിയ ശേഷമാണു പൊലീസ് കേസ് എടുത്തത്. ഇന്നലെ രാത്രി ഒന്നിനായിരുന്നു ആക്രമണം.  മലയിൻകീഴിലെ കുടുംബവീട്ടിൽ നിന്ന് ചന്തവിളയിലെ വാടക വീട്ടിലേക്ക് പോകുമ്പോൾ  കഴക്കൂട്ടം പൊലീസ് സ്റ്റേഷനു സമീപത്തായിരുന്നു അപകടം. പിന്നിലൂടെ വന്ന ആംബുലൻസ് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. ഇവരെ ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്നു പേർ ചേർന്നാണ്് എസ്എടി ആശുപത്രിയിലേക്കു കൊണ്ടു പോയത്.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com