ADVERTISEMENT

തിരുവനന്തപുരം ∙  കേശവദാസപുരത്തിനു സമീപം റിട്ട. സർക്കാർ ഉദ്യോഗസ്ഥ മനോരമ കൊല്ലപ്പെട്ട കേസിൽ നഷ്ടപ്പെട്ട ആഭരണങ്ങൾ കണ്ടെത്താ‍ൻ കഴിയാതെ പൊലീസ്. മാല, കമ്മലുകൾ, വള എന്നിയുൾപ്പെടെ 6 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്നാണ് കണക്ക്. എന്നാൽ ഇന്നലെ അന്വേഷണ സംഘം കൊലപാതകം നടന്ന പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കൊലപാതകത്തിനു ശേഷം പ്രതി മൃതദേഹം തള്ളിയ കിണറിനു സമീപ പ്രദേശങ്ങൾ, ഈ കിണറുള്ള വീടും പരിസരവും, പ്രതി താമസിച്ചിരുന്ന വീട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തിരഞ്ഞെങ്കിലും ആഭരണങ്ങൾ കണ്ടത്തിയില്ല.

സ്വർണ്ണാഭരണങ്ങൾ താൻ കണ്ടിട്ടില്ലെന്നാണ് പ്രതി ആദം അലി പറയുന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്നും തിരച്ചിൽ തുടരുമെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.  കൊല്ലപ്പെടുമ്പോൾ മനോരമ ആഭരണങ്ങൾ ധരിച്ചിരുന്നോ, വീടിനുള്ളിൽ സൂക്ഷിച്ചിരുന്നത് കവർന്നതാണോ എന്നതു സംബന്ധിച്ചും പൊലീസിനു വ്യക്തതയില്ല. അതേസമയം, കൊലപ്പെടുത്താനുപയോഗിച്ച കത്തി തെളിവെടുപ്പിന്റെ ആദ്യ ദിവസം തന്നെ കണ്ടെത്തിയിരുന്നു. മൃതദേഹത്തിനൊപ്പം കത്തിയും കിണറ്റിൽ തള്ളിയ ശേഷമാണ് ആദം അലി സംസ്ഥാനം വിട്ടത്.

കിണറിലെ വെള്ളം വറ്റിച്ച് നടത്തിയ പരിശോധനക്കിടെ  വെള്ളം ഒഴുകിയെത്തിയ ഓടയിൽ നിന്നാണ് കത്തി കണ്ടെടുത്തത്. എന്നാൽ മനോരമയുടെ മൃതദേഹം പുറത്തു കാണാതിരിക്കാൻ മൃതദേഹത്തിൽ കെട്ടിയ കല്ലുകളല്ലാതെ കിണറ്റിൽ നിന്ന് ആഭരണങ്ങളൊന്നും കണ്ടെത്താനായില്ല. 9 ദിവസത്തേക്കാണ് ആദം അലിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കോളജ് വിദ്യാഭ്യാസ വകുപ്പ് റിട്ട ഉദ്യോഗസ്ഥ കേശവദാസപുരം മീനംകുന്നിൽ വീട്ടിൽ മനോരമ (68) കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. പ്രതി ആദം അലിയെ ചെന്നൈയിൽ നിന്ന് അടുത്ത ദിവസം പിടികൂടിയിരുന്നു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com