ADVERTISEMENT

വിഴിഞ്ഞം∙ ഒരു ജനതയുടെ സംസ്കാരവും നിലനിൽപും തൊഴിലും വാസവും നശിപ്പിക്കുന്നത് കോടതികൾ കണ്ണു തുറന്നു കാണണമെന്നു  വിഴിഞ്ഞം തുറമുഖ സമരസമിതി കൺവീനർ ഫാ.തിയോഡോഷ്യസ് ഡിക്രൂസ്. 50,000ത്തിൽപരം വരുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവന്റെ, നിലനിൽപിന്റെ പ്രശ്നമാണിത്. നഗരമധ്യത്തിൽ അടച്ചിട്ട മുറികളിലിരുന്നും കൃത്രിമമായി ഉണ്ടാക്കിയ കടലിൽ ഇരുന്നും റിപ്പോർട്ട് തയാറാക്കാനാവില്ല. ഒന്നുകിൽ തുറമുഖ നിർമാണം എന്നേക്കുമായി ഉപേക്ഷിക്കണം.അല്ലെങ്കിൽ തീരദേശ മത്സ്യത്തൊഴിലാളികളിൽ വൈദഗ്ധ്യമുള്ളവരെ കൂടി ഉൾപ്പെടുത്തി സുതാര്യമായി പഠനം നടത്തണമെന്നും അതുവരെ പണി നടത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമരം കാരണം ഇവിടെ ക്രമസമാധാന പ്രശ്നമില്ല. ഇത്രയും ദിവസത്തെ സമരത്തിൽ അനിഷ്ട സംഭവമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 വിഴിഞ്ഞത്തെ  തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ  അതിരൂപതയുടെ  നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ നടന്നു വരുന്ന  രാപകൽ സമരത്തിന്റെ 11 ാം ദിവസമായ ഇന്നലെ എത്തിയ പള്ളിത്തുറ, തുമ്പ, കൊച്ചുതുറ , സെന്റ് ഡൊമനിക് വെട്ടുകാട്, സെന്റ ആൻഡ്രൂസ് തുമ്പ എന്നീ ഇടവകകളിൽ നിന്നുള്ള  മത്സ്യത്തൊഴിലാളികൾ പ്രതിബന്ധങ്ങൾ ഭേദിച്ച് തുറമുഖ നിർമാണ പ്രദേശത്തേക്ക് മാർച്ച് ചെയ്യുന്നു.
വിഴിഞ്ഞത്തെ തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ നടന്നു വരുന്ന രാപകൽ സമരത്തിന്റെ 11 ാം ദിവസമായ ഇന്നലെ എത്തിയ പള്ളിത്തുറ, തുമ്പ, കൊച്ചുതുറ , സെന്റ് ഡൊമനിക് വെട്ടുകാട്, സെന്റ ആൻഡ്രൂസ് തുമ്പ എന്നീ ഇടവകകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ പ്രതിബന്ധങ്ങൾ ഭേദിച്ച് തുറമുഖ നിർമാണ പ്രദേശത്തേക്ക് മാർച്ച് ചെയ്യുന്നു.

രാജ്യാന്തര തുറമുഖ കവാടത്തിലെ സമര പന്തലിലേക്ക് പിന്തുണ അറിയിച്ച് ഇന്നലെ ഒട്ടേറെ  സഭകളും സംഘടനകളും എത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ മത,രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികളുമാണ്  ഐക്യദാർഢ്യവുമായി 11 ാം ദിവസം പിന്നിട്ട സമരമുഖത്തേക്ക് ഒഴുകി എത്തിയത്. പള്ളിത്തുറ,കൊച്ചുതുറ,തുമ്പ,സെന്റ് ഡൊമിനിക് എന്നീ ഇടവകളിൽ നിന്നുള്ള അംഗങ്ങളാണ് ഇന്നലെ സമരത്തിന് എത്തിയത്. വൈദികരായ ഫാ.ബിനു അലക്സ്,ഫാ.ജേക്കബ് മരിയ, ഫാ.ഷാജിൻ ജോസ്,ഫാ. പോൾജി എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സമരക്കാർ ബാരിക്കേഡുകളും മതിലും ഗേറ്റും ഭേദിച്ച് പദ്ധതി പ്രദേശത്തേക്കു നീങ്ങി കൊടികൾ നാട്ടി . തുടർന്നു നടന്ന പ്രതിഷേധ സംഗമം ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ ഉദ്ഘാടനം ചെയ്തു. 

നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസന്റ് സാമൂവൽ, മോൺ. ജി ക്രിസ്തുദാസ്,വാരാപ്പുഴ വികാരി ജനറൽ മാത്യു ഇലഞ്ഞിവട്ടം, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജ്യൂഡ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി, ഷെറി.ജെ.തോമസ്, വരാപ്പുഴ ചാൻസലർ ഫാ. എബിജൻ അറയ്ക്കൽ, ആലപ്പുഴ രൂപതയിൽ നിന്നുള്ള സേവ്യർ കുര്യഞ്ചേരി, കെഎൽസിഎ രൂപത പ്രസിഡന്റ്, ജോൺ ബ്രിട്ടോ,ഫാ. അലക്സാണ്ടർ ഒറ്റവശ്ശേരി, ഫാ. ജോൺസൺ പുത്തൻ വീട്ടിൽ,കൃപാസനം ഡയറക്ടർ വി.പി.ജോസഫ് വലിയ വീട്ടിൽ. സിസ്റ്റർ ഉഷ ലോറൻസ്, എടത്വ ഫൊറോനയിൽ നിന്ന് ഫാ. മാത്യു ചൂരവടി എന്നിവർ അഭിവാദ്യമർപ്പിക്കാൻ എത്തി.

ഇന്നു 12 ാം ദിവസത്തിലേക്ക്...

12–ാം ദിവസമായ ഇന്ന് സമരപ്പന്തലിൽ എത്തുന്നത് സെന്റ് ആൻഡ്രൂസ്, ഫാത്തിമപുരം, പുത്തൻതോപ്പ്,വെട്ടുതുറ,മര്യനാട് എന്നീ ഇടവകളിലെ അംഗങ്ങൾ. ഫാ. ജെറോം ഫെർണാണ്ടസ്,ഫാ.ജെറോം റോസ്, ഫാ. ആന്റോ ഡിക്സൺ, മരിയ ഡൊമിനിക്, ഫാ.സൈറസ് കളത്തിൽ എന്നിവർ നേതത്വം നൽകും.

ധീവര സഭ എത്തി

രാജ്യാന്തര തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ നടന്നു വരുന്ന രാപകൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അഖില കേരള ധീവരസഭ സംസ്ഥാന കമ്മിറ്റി തുറമുഖ കവാടത്തിൽ മാർച്ചും ധർണയും നടത്തി. 

ധർണ ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. െപരേര അധ്യക്ഷനായി. നെയ്യാറ്റിൻകര രൂപത ബിഷപ് വിൻസന്റ് സാമുവൽ സന്ദേശം നൽകി. ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ, ഓർഗനൈസിങ് സെക്രട്ടറി പി.വി.ജനാർദ്ദനൻ, ജില്ലാ പ്രസിഡന്റ് പനത്തുറ പി.ബൈജു, സെക്രട്ടറി കാലടി സുഗതൻ,സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. തമ്പി, പി.എം.സുഗതൻ, ഫാ.മൈക്കിൾ തോമസ്, ഫാ.തിയോഡോഷ്യസ് ഡിക്രൂസ്, ഫാ. സന്തോഷ്, ഫാ. ആഷ്‌ലിൻ,ഫാ.ഷാജിൻ ജോസ്, ഫാ.ബിനു അലക്സ്, ഫാ.ജേക്കബ് മരിയ, ഫാ.പോൾജി എന്നിവർ പ്രസംഗിച്ചു. കൺവീനർമാരായ പാട്രിക് മൈക്കിൾ, ജോൺസൺ ജോസഫ്, നിക്സൺ ലോപ്പസ്, ജോയി ജെറാൾഡ്, ജോയി വിൻസന്റ്, ജാക്സൺ ഫെൻസൻ എന്നിവർ നേതൃത്വം നൽകി.

വിഴിഞ്ഞത്തെ ക്രമസമാധാന പാലനത്തിന് പൊലീസിന് ഹൈക്കോടതിയുടെ നിർദേശം

വിഴിഞ്ഞം പ്രദേശത്തു ക്രമസമാധാനം നിലനിർത്താൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ തിരുവനന്തപുരം പൊലീസ് കമ്മിഷണർക്കും ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും ഹൈക്കോടതി നിർദേശം നൽകി. പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടു അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ കരാർ കമ്പനി ഹോവെ എൻജിനീയറിങ് പ്രോജക്ട്സ് എന്നിവർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് അനു ശിവരാമന്റെ നിർദേശം.

കേന്ദ്രസേനയുടെ ആവശ്യമില്ലെന്നും സംരക്ഷണം നൽകാനാകുമെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതു സർക്കാരാണെന്നു കമ്പനികൾ വ്യക്തമാക്കി. പദ്ധതിക്കു നിയമപരമായ എല്ലാ അനുമതിയുമുണ്ട്. കരാറിൽ ഏർപ്പെടുന്നതിനു മുൻപു 2014 ജൂണിൽ തന്നെ പരിസ്ഥിതി അനുമതി ലഭിച്ചിട്ടുണ്ടെന്നും പദ്ധതി തടസ്സപ്പെടുത്തുന്നതു പൊതു താൽപര്യത്തിനു വിരുദ്ധമാണെന്നും ഹർജിക്കാർ വ്യക്തമാക്കി.

തിരുവനന്തപുരം ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ ഉൾപ്പെടെയുള്ളവർക്കു പ്രത്യേക ദൂതൻ വഴി നോട്ടിസ് നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഹർജി 29ന് വീണ്ടും പരിഗണിക്കും. പൊലീസും സർക്കാരും മൂകസാക്ഷികളായി നിൽക്കുകയാണെന്നും മതിയായ സംരക്ഷണം നൽകാൻ സർക്കാരിനും പൊലീസിനും സിആർപിഎഫിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നിർദേശം നൽകാനുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.

‘പാറഖനനത്തിൽ മനുഷ്യാവകാശ ലംഘനം :കലക്ടർ നടപടി സ്വീകരിക്കണം’ 

വിഴിഞ്ഞം പദ്ധതിക്കായി പാറ ഖനനം നടത്തുന്ന നഗരൂരിലെ പാറമട ജില്ലാ കലക്ടർ അടിയന്തരമായി സന്ദർശിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇവിടെ  നിയമ ലംഘനങ്ങളുണ്ടെന്ന . നാട്ടുകാരുടെ പരാതികൾ പരിഹരിച്ച ശേഷം  സെപ്റ്റംബർ 28 നകം  വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. 

പാറ പൊട്ടിക്കുമ്പോഴുള്ള ആഘാതം അനുവദനീയമായ ദൂര പരിധി കടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുള്ളതായി നഗരൂർ പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു.  ആവശ്യമായ എല്ലാ ഔദ്യോഗിക രേഖകളും ഹാജരാക്കിയതിനാൽ പാറമടയ്ക്കുള്ള ലൈസൻസ് നിഷേധിക്കാൻ പഞ്ചായത്തിന് കഴിയില്ല. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രാജേഷ് കുമാർ ഷായുടെ പേരിലാണ് പാറ ഖനനം നടത്താൻ കലക്ടർ നിരാക്ഷേപ പത്രം നൽകിയത്.  ഇതിന്റെ അടിസ്ഥാനത്തിൽ 2024 ഫെബ്രുവരി 28  വരെ പാറ ഖനനം നടത്താൻ അനുമതി നൽകിയിട്ടുണ്ട്.

പരാതി സത്യമാണെന്ന് പഞ്ചായത്തിന്റെ വിശദീകരണത്തിൽ നിന്നു ബോധ്യമായതായി കമ്മിഷൻ വിലയിരുത്തി. പരിസരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ  നിരാക്ഷേപ പത്രം നൽകിയ ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തമുണ്ടെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.  നഗരൂർ സ്വദേശികളായ സാബുവും മോഹനകുമാറും സമർപ്പിച്ച പരാതിയിലാണ് നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com