ADVERTISEMENT

പാങ്ങോട് ∙ തെരുവിൽ അലഞ്ഞു നടക്കുന്ന നായ്ക്കൾക്കു ഭക്ഷണം നൽകി വന്ന സീരിയൽ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു. ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ കൊച്ചുവയൽ വാണിഭശ്ശേരി വീട്ടിൽ ഭരതന്നൂർ ശാന്ത(64)യ്ക്കാണു കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് തെരുവുനായ്ക്കൾക്കു ഭക്ഷണം നൽകുമ്പോഴാണു സംഭവം.

trivandrum-dog-bite-injuries

വലതു കൈപ്പത്തിക്കും വിരലുകൾക്കും സാരമായി പരുക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭരതന്നൂർ മാർക്കറ്റും ജംക്‌ഷനും കേന്ദ്രീകരിച്ച് 50 ൽ കൂടുതൽ തെരുവുനായ്ക്കൾ ചുറ്റിത്തിരിയുന്നുണ്ട്. മാർക്കറ്റ് ഭാഗത്ത് ഉള്ള നായകൾക്കു 5 വർഷമായി ഭരതന്നൂർ ശാന്ത വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവന്നു നൽകുന്നുണ്ട്.

trivandrum-bharathanoor-shantha
തെരുവു നായയുടെ കടിയേറ്റ ഭരതന്നൂർ ശാന്ത.

വീട്ടിൽ ഉറങ്ങിക്കിടന്ന വിദ്യാർഥിനിയെ തെരുവ് നായ കടിച്ചു

വെഞ്ഞാറമൂട്∙ വീട്ടിൽ ഉറങ്ങിക്കിടന്ന വിദ്യാർഥിനിയെ തെരുവുനായ കടിച്ചു പരുക്കേൽപിച്ചു. വാമനപുരം കുറ്റിമൂട് തിരുവമ്പാടിയിൽ ദിനേശിന്റെ മകൾ അഭയ(18)നാണ് പരുക്കേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം. അലഞ്ഞു തരി‍ഞ്ഞു വന്ന നായ തുറന്നു കിടന്ന വാതിലൂടെ മുറിയിലേക്ക് പ്രവേശിച്ച് വിദ്യാർഥിനിയുടെ കയ്യിൽ കടിക്കുകയായിരുന്നു. മുറിവേറ്റതിനെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്ത് അല‍ഞ്ഞു തിരിയുന്ന നായ്ക്കൾ ഒട്ടേറെയാണ് മതിയായ ലൈസൻസോ പ്രതിരോധ കുത്തിവയ്പുകളോ എടുക്കാതെ നായ്ക്കളെ വളർത്തുന്നവരും നിരവധിയാണെന്നു പരാതിയുണ്ട്. കുറ്റിമൂട് ഗവ.എൽപിഎസിലേക്കു പോകുന്ന വിദ്യാർഥികൾക്കും തെരുവു നായകൾ ഭീഷണിയാണെന്ന് രക്ഷാകർത്താക്കൾ പറയുന്നു.

trivandrum-abhaya
അഭയയുടെ കയ്യിൽ തെരുവു നായ കടിച്ച പാടുകൾ

തെരുവുനായ കുറുകെ ചാടി; യുവാവിന്റെ പല്ലുകൾ നഷ്ടപ്പെട്ടു

വർക്കല∙ തെരുവുനായ ബൈക്കിനു കുറുകെ ചാടിയതിനെ തുടർന്നു റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രക്കാരന്റെ നാലു പല്ലുകൾ നഷ്ടമായി. സ്വകാര്യ ബസ് ഡ്രൈവറായ നഗരസഭ ഏഴാം വാർഡ് അയണിക്കുഴിവിള വീട്ടിൽ വിപിൻ (24) ജോലി കഴിഞ്ഞു വൈകിട്ട് വീട്ടിലേക്കു മടങ്ങവേയാണ് പാരിപ്പള്ളി –വർക്കല റോഡിൽ ചാവർകോടിന് സമീപം അപകടത്തിൽപ്പെട്ടത്. ഏതാനും ദിവസം മുൻപ് നടന്ന അപകടത്തിൽ ചുണ്ട് തകർന്നതിനു പുറമേ ഇരു കൈകാലുകൾക്കും മുറിവേറ്റ വിപിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

വഞ്ചിയൂരിൽ 4 നായ്ക്കൾ ചത്ത നിലയിൽ 

തിരുവനന്തപുരം ∙ വഞ്ചിയൂരിൽ നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ വഞ്ചിയൂർ ചിറക്കുളം റോഡിലാണ് നാലെണ്ണത്തിനെ കണ്ടെത്തിയത്. ഇതിൽ ഒരെണ്ണം വളർത്ത് നായയാണെന്നു സംശയിക്കുന്നു.  കേസെടുത്ത്  അന്വേഷണം ടരെങ്കിലും വിഷം നൽകി കൊന്നതായിരിക്കുമെന്നാണ്  പ്രാഥമിക നിഗമനം. 

ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്ക് നായ കടിയേറ്റു

ചെമ്മരുതി∙ പഞ്ചായത്തിൽ വളർത്തുനായകൾക്കു സംഘടിപ്പിച്ച വാക്സിനേഷൻ ക്യാംപിൽ കുത്തിവെയ്പ്പ് നടത്തുന്നതിനിടെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്കു വളർത്തുനായയുടെ കടിയേറ്റു. തച്ചോട് മൃഗാശുപത്രിയിലെ സ്റ്റാഫ് മണമ്പൂർ ആഴതിൽ വീട്ടിൽ വി.എസ്.വിപിനാണ് കടിയേറ്റത്. 

വലതു കൈത്തണ്ടയിലും തുടയിലും സാരമായി കടിയേറ്റ വിപിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. പേവിഷ പ്രതിരോധ കുത്തിവയ്പിനായാണ് നായയെ മൃഗാശുപത്രിയിൽ എത്തിച്ചത്. ‌നായയുടെ കഴുത്തിലെ ബെൽട്ട് അയഞ്ഞതിനെ തുടർന്നാണ് കടിയേൽക്കാൻ കാരണമായത്. ക്യാംപിൽ കുത്തിവെയ്പിന് എത്തിച്ച മറ്റു നായകളെയും ഇത് ആക്രമിച്ചതായി പറയുന്നു.

trivandrum-vipin
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വിപിന്റെ തുടയിൽ നായയുടെ കടിയേറ്റപ്പോൾ

100 പട്ടി പിടിത്തക്കാരെക്കൂ‌ടി രംഗത്ത് ഇറക്കുന്നു

തിരുവനന്തപുരം ∙ പേ വിഷ പ്രതിരോധ വാക്സിൻ നൽകുന്നതിന് തെരുവു നായ്ക്കളെ പിടികൂടാൻ നൂറു പട്ടിപിടിത്തക്കാരെ കൂടി രംഗത്തിറക്കാൻ ജില്ലാ പഞ്ചായത്ത്. നിലവിൽ 40 പേരാണ് ജില്ലയിൽ നായ്ക്കളെ പിടികുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകുന്നതിനു പുറമേ വളർത്തു നായ്ക്കൾക്ക് അടുത്ത മാസം 20 നകം ലൈസൻസ് നിർബന്ധമാക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനിച്ചു. 

അനിമൽ ബർത്ത് കൺട്രോൾ പദ്ധതിക്കായി ജില്ലയിൽ 5 ഇടങ്ങളിൽ വന്ധ്യംകരണ കേന്ദ്രങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യം ഒരുക്കും. നെടുമങ്ങാട് വെറ്റിനറി പോളി ക്ലിനിക്ക്, പെരുങ്കടവിള, ചെമ്മരുതി, വക്കം, പാങ്ങോട് വെറ്റിനറി ഡിസ്‌പെൻസറികൾ എന്നിവിടങ്ങളിലാണ് വന്ധ്യംകരണ കേന്ദ്രങ്ങൾ ഒരുക്കുക. ഇതിനു ചെലവ് വരുന്ന തുകയുടെ 50 % ജില്ലാ പഞ്ചായത്തും ബാക്കി ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമ പഞ്ചായത്തുകളും തുല്യമായും വഹിക്കും.

വന്ധ്യംകരണ കേന്ദ്രങ്ങളുടെ ദൈംനംദിന ചെലവുകൾ അതത് പഞ്ചായത്തുകൾ വഹിക്കും. ജില്ലയിൽ മാലിന്യ നിർമാർജ്ജനം കാര്യക്ഷമമായി നടപ്പാക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി.  കലക്ടർ ജെറോമിക് ജോർജ്, തദ്ദേശസ്ഥാപന പ്രതിനിധികൾ, ജില്ലാ പ്ലാനിങ് ഓഫിസർ, ജില്ലാ മൃഗസംരക്ഷണ ഓഫിസർ, ജില്ലാ മെഡിക്കൽ ഓഫിസർ, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com