ADVERTISEMENT

തിരുവനന്തപുരം∙ കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകളോടൊപ്പം എത്തിയ പിതാവിനെ മർദിച്ച കേസിൽ പ്രതികളായ ജീവനക്കാർ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ജാമ്യാപേക്ഷ അഡീഷനൽ സെഷൻസ് കോടതി  28നു പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷ അഡീ.സെഷൻസ് കോടതിക്കു കൈമാറുകയായിരുന്നു. കണ്ടക്ടർ എൻ.അനിൽകുമാർ, സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെറീഫ്, സുരക്ഷാ ജീവനക്കാരൻ എസ്.ആർ.സുരേഷ്, അസിസ്റ്റന്റ് സി.പി.മിലൻ എന്നിവരാണു മുൻകൂർ ജാമ്യം തേടിയത്.

പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ പ്രേമനനാണ് മകൾ രേഷ്മയുടെ മുന്നിൽ വച്ചു മർദനമേറ്റത്. 20നു നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തു വരികയും വലിയ ചർച്ചയാകുകയും ചെയ്തതോടെ ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. എംഡി പരസ്യമായി മാപ്പു പറയുകയും ചെയ്തു. ഇതിനിടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. യൂണിയൻ നേതാക്കളായ പ്രതികൾക്കു മുൻകൂർ ജാമ്യം ലഭിക്കാനാണ് അറസ്റ്റു വൈകിക്കുന്നതെന്നാണ് ആരോപണം.  

അറസ്റ്റ് വൈകിപ്പിക്കുന്നതായി പരാതി ; വകുപ്പുതല നടപടിയുമില്ല

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസഷൻ പുതുക്കാനെത്തിയ അച്ഛനെയും മകളെയും മർദിച്ച സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും അറസ്റ്റില്ല. പ്രതികൾ ഒളിവിലെന്ന വാദവുമായി പൊലീസ്. യൂണിയൻ നേതാക്കളായ പ്രതികളുടെ അറസ്റ്റ് വൈകുന്നതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലെന്ന ആരോപണം ശക്തം. മർദനമേറ്റവർക്ക് തുടക്കത്തിൽ പിന്തുണ പ്രഖ്യാപിച്ച കെഎസ്ആർടിസി, ഏറ്റവും കൂടുതൽ ഉപദ്രവിച്ചയാൾക്കെതിരെ വകുപ്പുതല നടപടിയെടുക്കുന്നില്ലെന്ന പരാതിയുമായി മർദനമേറ്റ പൂവച്ചൽ പഞ്ചായത്തിലെ എൽഡി ക്ലാർക്ക് പ്രേമനൻ രംഗത്തെത്തി.

കഴിഞ്ഞ 20 ന് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസഷൻ പുതുക്കാനെത്തിയപ്പോഴുണ്ടായ വാക്കു തർക്കത്തെത്തുടർന്ന് ഒരു വിഭാഗം ജീവനക്കാർ ചേർന്ന് പ്രേമനനെയും മകളെയും ആക്രമിച്ചത്. സംഭവം വിവാദമായതോടെ കെഎസ്ആർടിസി ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരൻ എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽ കുമാർ, അസിസ്റ്റന്റ് കള്ളിക്കാട് സ്വദേശി സി.പി.മിലൻ ഡോറിച്ച് എന്നിവരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തിരുന്നു. കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരൻ അജി കുമാറിനെ പ്രേമനന്റെയും മകളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതി ചേർത്തിട്ടുണ്ടെങ്കിലും വകുപ്പുതല നടപടിയുണ്ടായിട്ടില്ല. പ്രതികളെല്ലാം മുൻകൂർ ജാമ്യത്തിനു കോടതിയെ സമീപിച്ചിട്ടുണ്ട്.

സിഐടിയു, ഐഎൻടിയുസി യൂണിയനുകളുടെ നേതാക്കളായ പ്രതികളെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് അറസ്റ്റ് ചെയ്യാതെ പൊലീസ് സഹായിക്കുന്നതെന്നാണ് ആരോപണം. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതികളെയെല്ലാം തിരിച്ചറിയുകയും ചെയ്തെങ്കിലും ഇവർ ഫോൺ സ്വിച് ഓഫ് ചെയ്ത് ഒളിവിൽ പോയെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവ ദിവസം രാത്രി വരെ പ്രതികളിൽ പലരും കാട്ടാക്കട ഡിപ്പോയ‍ിലും പരിസരത്തുമായി ഉണ്ടായിരുന്നിട്ടും പൊലീസ് കണ്ണടച്ചു.ആക്രമണം വിവാദമായതിനു ശേഷം ജാമ്യമില്ലാ വകുപ്പു കൂടി ചേർത്തെങ്കിലും പ്രതികൾ മുൻകൂർ ജാമ്യം നേടുന്നതുവരെ അറസ്റ്റ് വൈകിപ്പിക്കാനാണു പൊലീസ് ശ്രമമെന്ന് മർദനമേറ്റവർ പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com