ADVERTISEMENT

കാട്ടാക്കട ∙ കെഎസ്ആർടിസി ഡിപ്പോയിൽ കൺസെഷൻ പുതുക്കാനെത്തിയ അച്ഛനെയും മകളെയും മർദിച്ച പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിന് ഒരാൾ പിടിയിൽ. ഐഎൻടിയുസി സംസ്ഥാന കൗൺസിൽ അംഗം സി.പി.മിലൻ ഡോറിച്ചിന്റെ അടുത്ത ബന്ധു മണ്ഡപത്തിൻകടവ് ചിത്രാലയം വീട്ടിൽ പ്രദീഷ്(32)ആണ് പിടിയിലായത്. പ്രതിയെ രക്ഷപെടുത്തിയതിനാണ് പ്രദീഷിനെതിരെ കേസ്. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. മിലൻഡോറിച്ചിനെ പ്രദീഷ് സ്വന്തം വാഹനത്തിൽ പീരുമേട് എത്തിച്ചുവെന്നു അന്വേഷണ സംഘം കണ്ടെത്തി.

ഇതേ തുടർന്നാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. മിലൻ ഡോറിച്ചിനു പുറമെ കെഎസ്ആർടിഇഎ സിഐടിയു യൂണിറ്റ് സെക്രട്ടറിയായ കണ്ടക്ടർ എൻ.അനിൽകുമാർ, ആര്യനാട് സ്റ്റേഷൻ മാസ്റ്റർ എം.മുഹമ്മദ് ഷെരീഫ്,മെക്കാനിക്കൽ ജീവനക്കാരൻ എസ്.അജികുമാർ എന്നിവരാണ് പ്രതികൾ. ഇവരിൽ 3 പേരും ജില്ല വിട്ടതായാണ് സൂചന. പ്രതികൾക്ക് അഭയമൊരുക്കിയത് ഭരണ പക്ഷ തൊഴിലാളി സംഘടനയാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പൊലീസ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ. പ്രതികളെ പൊലീസിനു മുന്നിൽ ഹാജരാക്കാമെന്നു ഭരണപക്ഷം ഉറപ്പ് നൽകിയിരുന്നു.

എന്നാൽ മുൻകൂർ ജാമ്യം ലഭിക്കുമെന്ന അഭിഭാഷക ഉറപ്പിൻമേൽ പ്രതികൾ രാഷ്ട്രീയ നേതൃത്വത്തിന്റെ കയ്യിൽ നിന്നും വഴുതിപോയി.  ഭരണപക്ഷ യൂണിയന്റെയും സിപിഎം നേതാക്കളുടെയും വാക്ക് വിശ്വസിച്ച പൊലീസ് പ്രതികൾക്ക് വേണ്ടി കാത്തിരുന്നു. അവസാനം ഇവരെയും കബളിപ്പിച്ച് പ്രതികൾ അഭിഭാഷകർക്ക് പിന്നാലെ പോയി. ഇതോടെ പ്രതികളെ ഹാജരാക്കാമെന്നു സമ്മതിച്ചവരും കാത്തിരുന്ന പൊലീസും വെട്ടിലായി. പ്രതികൾക്കു വേണ്ടി സംസ്ഥാനത്തിനു പുറത്തും തിരച്ചിൽ നടക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. എന്നാൽ ബന്ധുക്കളിൽ ചിലരുമായി പ്രതികൾ ബന്ധപ്പെടുന്നുണ്ട്.

ഇതിന്റെ ചുവട് പിടിച്ചാണ് കാട്ടാക്കട ഡിവൈഎസ്പി എസ്.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം. മുഖം നഷ്ടപ്പെട്ട പൊലീസ് ഇനി കടുത്ത നിലപാടിലേക്ക് എന്ന സൂചനയാണ് നൽകുന്നത്. ഇതേ സമയം, ആദ്യ 3 ദിവസങ്ങളിൽ പ്രതികൾ നാട്ടിൽ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാൻ കാട്ടാക്കട പൊലീസ് തയാറായില്ല. പൊലീസ് നടപടിക്കെതിരെ വിമർശനം ഉയർന്നപ്പോൾ കാട്ടാക്കട ഇൻസ്പെക്ടറെ ഒഴിവാക്കി ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച ശേഷമാണ് പ്രതികൾക്കു വേണ്ടി കാര്യമായ അന്വേഷണം ആരംഭിച്ചത്. ഇതോടെ ഹാജരാക്കാമെന്ന ഉറപ്പ് അന്വേഷണ സംഘത്തിനു ലഭിച്ചു.പക്ഷേ,കാര്യങ്ങൾ കൈവിട്ടുപോയി. പൊലീസിനു നാണക്കേടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com