ADVERTISEMENT

തിരുവനന്തപുരം ∙ നമ്മുടെ നാടിനെ ലഹരി മരുന്നു വ്യാപനത്തിലൂടെ ക‍ീഴ്പെടുത്താൻ ചില ക്ഷുദ്ര ജീവികൾ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.  നാട്ടിലെ കുഞ്ഞുങ്ങളെയും യുവാക്കളെയും അവർ പ്രത്യേകമായി ലക്ഷ്യമ‍ിടുന്നു. ഒരു നാടിന്റെ പ്രസരിപ്പ് യുവാക്കളിലും കുട്ടികളിലുമാണ് . ലഹരി മരുന്നിന് അടിപ്പെടുന്ന സമൂഹം പ്രതികരണ ശേഷിയില്ലാത്തതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വൈഎംസിഎയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരി ഉപയോഗിക്കുന്നവർ മനുഷ്യത്വം പൂർണമായി ചോർന്നുപോയ അവസ്ഥയിലേക്കെത്തും.

മനുഷ്യരൂപം മാത്രമേ പിന്നീട് ശേഷിക്കൂ. ലഹരി മരുന്നിന് ഈ സമൂഹത്തെ കീഴ്പെടുത്താൻ അനുവദിക്കില്ലെന്ന പ്രതിജ്ഞയോടെയുള്ള ബോധവൽക്കരണമാണ് ഗാന്ധി ജയന്തി ദിനം മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ലഹരിക്കെതിരായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നമ്മുടെ നാടിനെ മുഴുവൻ ബന്ധനത്തിലാക്കാൻ കഴിയുന്ന ലഹരി മരുന്നു വ്യാപനത്തിനെതിരായ പ്രവർത്തനങ്ങളിൽ വൈഎംസിഎ പോലെയുള്ള പ്രസ്ഥാനങ്ങൾ ഇടപെട്ട് നമ്മുടെ യുവാക്കളെയും ദേശത്തെയും മോചിപ്പിക്കേണ്ടതുണ്ടെന്നു ബാവാ പറഞ്ഞു.

പൊതുസമൂഹത്തിന്റെ ബന്ധം കാത്തു സൂക്ഷിക്കുന്ന കണ്ണികൾ കുറഞ്ഞുവരുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അത്തരം കണ്ണികൾ ഏറെ ആവശ്യമായ കാലമാണിത്. വൈഎംസിഎ ജീവകാരുണ്യ പ്രവൃത്തികൾ ചെയ്യുന്നത് ഈ ബന്ധത്തിന്റെ പേരിലാണെന്നും അദ്ദേഹം  പറഞ്ഞു. വീടില്ലാത്തവർക്കു വീട് (ഹോം ഫോർ ഹോംലെസ്) എന്ന വൈഎംസിഎയുടെ പദ്ധതിയുടെ ഉദ്ഘാടനവും ബാവാ നിർവഹിച്ചു.  വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്യംസ് ബസ്റ്റിന്റെ പ്രതിമ അനാച്ഛാദനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. 

150 വർഷം തികഞ്ഞ തിരുവനന്തപുരം വൈഎംസിഎയ്ക്ക് അംഗീകാരമായി തപാൽ വകുപ്പ് പുറത്തിറക്കിയ പോസ്റ്റൽ കവറിന്റെ പ്രകാശനം വൈഎംസിഎ നാഷനൽ കൗൺസിൽ പ്രസിഡന്റ് ജസ്റ്റിസ് ജേക്കബ് ബഞ്ചമിൻ കോശിക്കു നൽകി ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഷ്യൂലി ബർമൻ നിർവഹിച്ചു. വിദ്യാർഥി സ്കോളർഷിപ്പുകൾ ഒ.രാജഗോപാൽ വിതരണം ചെയ്തു. തിരുവനന്തപുരം വൈഎംസിഎ പ്രസിഡന്റ് കെ.ഐ.കോശി അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ കെ.വി.തോമസ്, വൈഎംസിഎ റീജനൽ ചെയർമാൻ ജിയോ ജേക്കബ്, തിരുവനന്തപുരം വൈഎംസിഎ ട്രഷറർ ഇടിക്കുള സക്കറിയ, ഷാജി ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com