ADVERTISEMENT

വിതുര∙ വാമനപുരം നദിയിലെ കല്ലാർ വട്ടക്കയത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളും സഹോദരീ പുത്രനും മുങ്ങി മരിച്ചു. തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശികളായ അബ്ദുൾ ജവാദ് ഖാൻ(35), വൈ. ഫിറോസ് മോൻ(30), ഇവരുടെ സഹോദരീ പുത്രൻ മുഹമ്മദ് സഫ്‌വാൻ(16) എന്നിവരാണു മരിച്ചത്. ബ്രൈമൂർ പോയതിനു ശേഷം പൊന്മുടിയിലേക്കു വന്ന എട്ടംഗ സംഘത്തിലെ അംഗങ്ങളാണ്. പൊന്മുടിയിലേക്കു മണ്ണിടിച്ചിലിനെ തുടർന്നു പ്രവേശനം നിരോധിച്ചതിനാൽ മീൻമുട്ടി വെള്ളച്ചാട്ടം സന്ദർശിച്ച ശേഷം ഇവർ കല്ലാർ വട്ടക്കയത്തിനു സമീപം കുളിക്കാനായി  ഇറങ്ങുകയായിരുന്നു. 

ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. അപകട സാധ്യത ഏറിയ വട്ടക്കയത്തിനു സമീപമാണു സംസ്ഥാന ഹൈവേയോടു ചേർന്ന ഊടു വഴിയിലൂടെ കാറിലെത്തിയ സംഘം ഇറങ്ങുകയായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്നവർ കുളിക്കവേ കൂട്ടത്തിലെ പന്ത്രണ്ട് വയസ്സുകാരി ഹസ്ന ഒഴുക്കിൽപ്പെട്ടു. തുടർന്ന് ഇവരെ രക്ഷിക്കാനായി ശ്രമിച്ച നാല് പേരിൽ മൂന്നു പേരാണു മരിച്ചത്.  കയത്തിൽ കുടുങ്ങിയതോടെ ഒപ്പം ഉണ്ടായിരുന്നവർ നിലവിളിച്ചതോടെ പരിസരവാസികളെത്തി ഹസ്നയേയും രക്ഷിക്കാനായി ഇറങ്ങിയ പത്തു വയസ്സുകാരൻ ഷഹ്സാദിനെയും കരയിലെത്തിച്ചു.

ആദ്യം വെള്ളത്തിൽ കുടുങ്ങിയതു ഹസ്ന ആയിരുന്നെങ്കിലും ഉടൻ കരയ്ക്ക് എത്തിക്കാൻ കഴിഞ്ഞതു തുണയായി. ഹസ്നയെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ഇതിനിടെ മൂവരുടെയും മൃതദേഹം കയത്തിൽ കുടുങ്ങി. നാട്ടുകാർ തിരയുന്നതിനിടെ വിതുരയിൽ നിന്നും ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി. തുടർന്നു നാട്ടുകാരുടെ സഹായത്തോടെ ഫയർ ഫോഴ്സ് അര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണു മൂന്നു പേരെയും കരയിൽ എത്തിച്ചത്. ബീമാപള്ളി തയ്ക്കാപ്പള്ളിക്കു സമീപം ടിസി 45/419 നടുവിളാകം വീട്ടിൽ മൂഹമ്മദ്, യൂസഫ്, ഐഷാ ബീവി ദമ്പതികളുടെ മക്കളാണു മരിച്ച ജവാദും ഫിറോസും.

ഇവരുടെ സഹോദരി സഹീറ ബീവിയുടെയും പീരു മുഹമ്മദിന്റെയും മകനാണു മരിച്ച സഫ്‌വാൻ. ബീമാപ്പള്ളി യുപിസിലെ അധ്യാപകനാണു ജവാദ്. ഫിറോസ് തിരുവനന്തപുരം എസ്എപി ക്യാംപിലെ കോൺസ്റ്റബിളും സഫ്‌വാൻ പേട്ട ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ്.  അനീസ ബീവി ആണു ജവാദിന്റെ ഭാര്യ. മക്കൾ ഫിദ ഫാത്തിമ, ഫൈസാൻ. ബീമ ആണു ഫിറോസിന്റെ ഭാര്യ. മകൻ ഇസാൻ സാദ്.  സഫ്‌വാനു നാല് സഹോദരങ്ങളുണ്ട്; മുഹമ്മദ് സാബിത്ത്, മുഹമ്മദ് ഖാലിദ്, മുഹമ്മദ് നജീബ്, ഫാത്തിമത്ത് അദദിയ. മരിച്ച മൂന്നു പേരുടെയും മൃതദേഹം ബീമാപ്പള്ളി ജമാ അത്ത് ഖബർസ്ഥാനിൽ കബറടക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com