ADVERTISEMENT

തിരുവനന്തപുരം∙ മലയാളത്തിന്റെ ശ്രീയിലേക്ക് കുഞ്ഞിളം വിരലുകളാൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. വിജയദശമി ദിന  പുലർച്ചെ മലയാള മനോരമയുടെ അക്ഷരമുറ്റത്തു പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ നടന്ന  വിദ്യാരംഭ ചടങ്ങിൽ മലയാളത്തിലെ ശ്രേഷ്ഠരായ ഗുരുക്കന്മാർ കുരുന്നുകളെ അക്ഷര മഹിമയിലേക്ക് നയിച്ചു. രാവിലെ 6.30ന് ഗുരുക്കന്മാരായ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, നോവലിസ്റ്റും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ. ജോർജ് ഓണക്കൂർ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനും മുൻ അംബാസഡറുമായ ടി.പി.ശ്രീനിവാസൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, സംഗീത നാടക അക്കാദമി മുൻ അധ്യക്ഷൻ സൂര്യ കൃഷ്ണമൂർത്തി, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ മർക്കോസ് ഏബ്രഹാം, ചീഫ് ഓഫ് ബ്യൂറോ ജോൺ മുണ്ടക്കയം എന്നിവർ ചേർന്നു വിളക്കു തെളിച്ചതോടെയാണു ചടങ്ങുകൾക്ക് തുടക്കമായത്. 

trivandrum-adoor-gopalakrishnan
തിരുവനന്തപുരത്ത് മലയാള മനോരമയിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ കുരുന്നിനെ ആദ്യാക്ഷരം കുറിക്കുന്നു.

എഴുത്തിനിരുത്ത് ആരംഭിക്കുന്നതിന് ഏറെ മുൻപേ തന്നെ കുട്ടികൾ എത്തിത്തുടങ്ങി. കുഞ്ഞു കസവുമുണ്ടും പട്ടുപാവാടയും പുത്തനുടുപ്പും അണിഞ്ഞെത്തിയ കുരുന്നുകൾ മാതാപിതാക്കളോടൊപ്പം ഗുരുക്കന്മാരുടെ അരികിലെത്തി. തുടർന്ന് അരി നിറച്ച താലത്തിൽ ഗുരുവിരൽ കരുതലിൽ ചന്തത്തോടെ ആദ്യാക്ഷരം കുറിച്ചു. വലതു കൈയിലെ ചൂണ്ടുവിരലാൽ വടിവൊത്ത അക്ഷരങ്ങൾ പിറന്നപ്പോൾ ചിലർക്കു കൗതുകം, ചിലർക്കു കരച്ചിൽ, ചിലർക്കു വിടർന്ന ചിരി. കരച്ചിലുകാർക്കെല്ലാം മിഠായിമധുരം കിട്ടിയപ്പോൾ ഉടനെ കണ്ണീരു മാഞ്ഞു ചിരിയായി.  മലയാളം മലയാളിക്ക് ജീവാമൃതമാണെന്നും ഭാഷയില്ലെങ്കിൽ സംസ്കാരം നിലനിൽക്കില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ രക്ഷിതാക്കളോടു പറഞ്ഞു.

trivandrum-sreenivasan
ടി.പി.ശ്രീനിവാസൻ കുട്ടികളെ എഴുത്തിനിരുത്തുന്നു.

മലയാളം നിലനിൽക്കണം. കുട്ടികളെ എക്കാലവും ഭാഷയോട് അടുപ്പിച്ചു നിർത്തണം. സ്വന്തം ഭാഷയിൽ വളരുമ്പോഴാണ് ഏതൊരാളും പൂർണതയിലെത്തുന്നത്. മറ്റു ഭാഷകൾ സ്വായത്തമാക്കാനും മാതൃഭാഷയുടെ പിന്തുണയും കെൽപ്പും വേണ്ടിവരും–അടൂർ പറഞ്ഞു. കുരുന്നുകളെ ആദ്യമായി അക്ഷര ലോകത്തിലേക്ക് ആനയിച്ച  ഗുരുവിനൊപ്പം ഫോട്ടോയും സെൽഫികളുമെടുത്ത് സന്തോഷത്തോടെയായിരുന്നു രക്ഷിതാക്കൾ അക്ഷര മണ്ഡപം വിട്ടിറങ്ങിയത്.

കൊച്ചു മക്കളുടെ വിദ്യാരംഭ ചടങ്ങു കാണാൻ ഒട്ടേറെ മുത്തച്ഛന്മാരും മുത്തശ്ശിമാരും മറ്റു ബന്ധുക്കളും എത്തിയിരുന്നു. കുഞ്ഞനിയന്റെയും അനിയത്തിയുടെയും വിദ്യാംരംഭ ചടങ്ങു കാണാൻ കുഞ്ഞുചേട്ടന്മാരും ചേച്ചിമാരും സന്നിഹിതരായിരുന്നു.  അക്ഷരം കുറിച്ചിറങ്ങിയ കുരുന്നുകൾ പരസ്പരം പെട്ടെന്ന് സൗഹൃദത്തിലായി. രക്ഷിതാക്കൾക്കും തിരക്കില്ലായിരുന്നു. പായസ മധുരം നുണഞ്ഞും സമ്മാനങ്ങൾ ഉയർത്തിപ്പിടിച്ചും തോളിൽ കുഞ്ഞു ബാഗ് തൂക്കിയും മുറ്റത്ത് ഏറെ നേരം ഓടിക്കളിച്ചായിരുന്നു അവരുടെയെല്ലാം മടക്കം. ഉച്ചയോടെയാണ് വിദ്യാരംഭ ചടങ്ങിന് സമാപനമായത്.

trivandrum-jacob-punnose
മുൻ ഡിജിപി ജേക്കബ് പുന്നൂസ് കുരുന്നിന് ആദ്യാക്ഷരം കുറിക്കുന്നു.

അക്ഷരമധുരം നുണഞ്ഞ് മൂന്നു ജോടി ഇരട്ടകൾ

തിരുവനന്തപുരം ∙ മലയാള മനോരമയുടെ വിദ്യാരംഭ വേദിയിൽ അക്ഷരമധുരം നുണയാനെത്തിയത് മൂന്നു ജോടി ഇരട്ടകൾ. കഴക്കൂട്ടം നെഹ്റു ജംക്‌ഷൻ കൊടിയിൽവീട് നെസ്റ്റിൽ പരേതനായ പ്രദീപിന്റെയും സംഗീതയുടെയും മക്കളായ എസ്.പി.കനിഷ്ക, പി.എസ്.കാശിനാഥ് (3 വയസ്സ്) എന്നിവർക്ക് ജോർജ് ഓണക്കൂർ ആദ്യാക്ഷരം കുറിച്ചു. മരുതംകുഴി ടിസി 7/1069 (8) കോടിയാട്ട് വില്ലയിൽ ലൂർദ് മാതാ എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് അധ്യാപകൻ എബീഷ് ഏബ്രഹാമിന്റെയും ജെറിൻ അന്നയുടെയും മക്കളായ ഏഡൻ ഏബ്രഹാം എബീഷിനും ഏബൻ ജോ എബീഷിനും (3 വയസ്സ്) സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഹരിശ്ര‍ീ കുറിച്ചു. പാപ്പനംകകോട് അരുവാക്കോട് വലിയവിള പുത്തൻവീട്ടിൽ സിവിൽ പൊലീസ് ഓഫിസർ അനൂപിന്റെയും ആര്യയുടെയും മക്കളായ റിദാനിഖ എ.എനൂപ്, റിദാൻ എ.അനൂപ് (2 വയസ്സ്) എന്നിവർക്കും അടൂർ ഗോപാലകൃഷ്ണനാണ് ആദ്യാക്ഷരം എഴുതിച്ചത്.

trivandrum-sooryakrishnamoorthy
വിദ്യാരംഭം ചടങ്ങിൽ സൂര്യകൃഷ്ണമൂർത്തി ആദ്യാക്ഷരം എഴുതിക്കുന്നു.

ഇരട്ടകളല്ലെങ്കിലും സഹോദരങ്ങളായ പലരും മനോരമയിൽ വിദ്യാരംഭത്തിനെത്തിയിരുന്നു. പേരൂർക്കട ദർശന നഗർ മൻഷാലിയിൽ നിഷാംഖാന്റെയും അൽഷയുടെയും കുരുന്ന് ആഫിയ ഖാൻ (രണ്ടര) ആദ്യാക്ഷരമെഴുതിയപ്പോൾ ഒപ്പമെത്തിയ സഹോദരൻ അബ്രാം ഖാനും അക്ഷരമെഴുതി. അക്ഷര ലോകത്തേക്കു കടന്ന കുട്ടികളിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളിലൊര‍ാളായി ഒരു വയസ്സുകാരൻ അബ്രാം. തൈക്കാട് പൗണ്ട്കുളം ടിസി 24/63 ൽ ഉണ്ണിക്കൃഷ്ണൻ – സുരഭി ദമ്പതികളുടെ മക്കളായ കൃഷ്ണാനന്ദും (4) കൃഷ്ണ നന്ദയും (2), കുളത്തൂർ പ്ലാമുട്ടിക്കട നല്ലൂർവട്ടം ഈഴത്ത് വിളയിൽ ഷിബുവിന്റെയും ജിനിയുടെയും മക്കളായ അർജുൻ (3), അദ്വൈത് (2) തുടങ്ങിയവർ ആദ്യാക്ഷരമെഴുതാനെത്തിയ സഹോദരങ്ങളിൽ ചിലരാണ്.

കനിഷ്കയും കാശിനാഥനും മനസിൽ കുറിച്ചു - അച്ഛൻ !

തിരുവനന്തപുരം ∙ എസ്.പി.കനിഷ്കയുടെയും പി.എസ്.കാശിനാഥ‍ിന്റെയും കൈപിടിച്ച് ഡോ.ജോർജ് ഓണക്കൂർ ആദ്യാക്ഷരമെഴുതിക്കുമ്പോൾ കാണാൻ അച്ഛനുണ്ടായിരുന്നില്ല. മൂന്നു വയസ്സുള്ള ഇരട്ടകളായ കനിഷ്കയുടെയും കാശിനാഥിന്റെയും അച്ഛൻ കഴക്കൂട്ടം നെഹ്റു ജംക്‌ഷന് കൊടിയിൽവീട് നെസ്റ്റിൽ പ്രദീപ് (42) അർബുദ ബാധിതനായി മരിച്ചത് മൂന്നു മാസം മുൻപ് .  മലയാള മനോരമ കഴക്കൂട്ടം നെഹ്റു ജംക്‌ഷൻ ഏജന്റായിരുന്നു പ്രദീപ്. 

പ്രദീപിന്റെ മരണത്തിനു തൊട്ടുപിന്നാലെയാണ് കനിഷ്കയ്ക്കും കാശിനാഥിനും കുഞ്ഞനുജൻ കൈലാസ് നാഥ് ജനിച്ചത്. അതിനാൽ അമ്മ സംഗീതയും ഇന്നലെ ഇരുവരുടെയും വിദ്യാരംഭം  കാണാനെത്തിയില്ല. പ്രദീപിന്റെ സഹോദരിയും മനോരമ കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ ഏജന്റുമായ പ്രതിഭയും ഭർത്താവ് എഫ്സിഐ ജീവനക്കാരൻ ജയകുമാറും ചേർന്നാണ് കുട്ടികളെ മലയാള മനോരമയിൽ വിദ്യാരംഭത്തിനെത്തിച്ചത്.

trivandrum-vidyarambham-children
മലയാള മനോരമയിൽ വിദ്യാരംഭം കുറിക്കാൻ കുരുന്നുകളുമായി എത്തിയവരുടെ തിരക്ക്.

ഒഎൻവി, സുഗതകുമാരി.....  മൺമറഞ്ഞ ഗുരുക്കന്മാരെ സ്മരിച്ച് ...

തിരുവനന്തപുരം∙  കോവിഡ് മൂലം മുടങ്ങിപ്പോയ കുരുന്നുകളുടെ എഴുത്തിനിരുത്ത് പുനരാരംഭിച്ചപ്പോൾ വർഷങ്ങളോളം മനോരമയുടെ  വിദ്യാരംഭ വേദിയിൽ നിറ‍ഞ്ഞുനിന്ന  ആ നാലു പേരുകൾ  അവിടെ കൂടിയവുടെ ഒാർമകളിൽ മൗന നൊമ്പരത്തിന്റെ അലകളുയർത്തി. കവികളായ ഒ.എൻ.വി. കുറുപ്പും  സുഗതകുമാരിയും  മുൻ ചീഫ് സെക്രട്ടറി സി.പി.നായരും  , മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.ഡി. ബാബുപോളും . ഇത്തവണ ഗുരുക്കന്മാരായ അടൂർ ഗോപാലകൃഷ്ണനും ജോർജ് ഓണക്കൂറും ടി.പി.ശ്രീനിവാസനും ജേക്കബ് പുന്നൂസും സൂര്യ കൃഷ്ണമൂർത്തിയും തിരി തെളിക്കും മുൻപ്  മഹാഗുരുക്കന്മാർക്ക്  പ്രണാമമർപ്പിച്ചു. 

trivandrum-vidyarambham-child
മനോരമ തിരുവനന്തപുരം യൂണിറ്റിൽ വിദ്യാരംഭ ചടങ്ങിൽ കുട്ടികളുമായി എത്തിയവർ.

നേരത്തെ മലയാള മനോരമയുടെ വിദ്യാരംഭത്തിൽ  നാലുപേർക്കുമൊപ്പം പങ്കെടുത്തതിന്റെ ഒാർമകൾ അവർ പങ്കുവച്ചു. കോവിഡ് സമയത്തായിരുന്നു സുഗതകുമാരിയുടെയും സി.പി.നായരുടെയും വേർപാട്. ഒഎൻവിയും ഡി. ബാബുപോളും കോവിഡിനു മുൻപു തന്നെ  മലയാളത്തെ വിട്ടു പിരിഞ്ഞിരുന്നു. ‌ഒഎൻവിയും സുഗതകുമാരിയും ആദ്യാക്ഷരം കുറിച്ച കുട്ടികൾ ഇന്നു മിടുക്കരായി  നഗരത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്നുണ്ടെന്ന് ജോർജ് ഓണക്കൂർ ഒാർത്തു. മലയാളം കണ്ട എക്കാലത്തെയും വലിയ ഗുരുക്കന്മാരായിരുന്നു ഇവർ രണ്ടു പേരും.അവരുടെ പക്കൽ നിന്നും അക്ഷരമെഴുതാൻ ആരംഭിച്ച തലമുറ ഭാഗ്യം ചെയ്തവരാണൈന്നും അദ്ദേഹം പറഞ്ഞു.

‌അരിയിൽ കുരുന്നു കൈകൾ കൊണ്ട് ആദ്യാക്ഷരം കുറിക്കുമ്പോൾ ജീവരക്തം പകർന്നെഴുതുന്ന തന്റെ കവിത പോലെ  സുഗതകുമാരി അതിൽ ആത്മാർപ്പണം നടത്തിയിരുന്നു. അരിമണി അന്നമാണ്. അതേ സമയം അത് അറിവിനുള്ള ആർജവം വർധിപ്പിക്കുന്നുവെന്നും ടീച്ചർ പറഞ്ഞിരുന്നു. മലയാളം കേരളത്തിന്റെ സംസ്കാരമാണെന്നും മലയാളം പഠിക്കാത്തവരെ കേരളീയനായി  കാണാനാവില്ലെന്നും ഒഎൻവി പറയുമായിരുന്നു. ഔദ്യോഗിക രംഗത്തും സർക്കാർ സർവീസിലുള്ളതുമായ ഒട്ടേറെ പേർ തങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാരംഭത്തിന് ബാബു പോളിന്റെയും സി.പി.നായരുടെയും  അരികിലെത്തിയിരുന്നു.

caligraphy
മലയാള മനോരമ കോട്ടയം യൂണിറ്റിൽ ഗുരുവായിരുന്ന കലിഗ്രഫി കലാകാരൻ നാരായണ ഭട്ടതിരി, വേദിയിൽ ഇരുന്ന് വരച്ചത്.

മനോരമയിൽ ഗുരുശ്രേഷ്ഠരായി 69 പേർ

മലയാള മനോരമയുടെ വിവിധ യൂണിറ്റുകളിലെ വിദ്യാരംഭച്ചടങ്ങിൽ ആദ്യാക്ഷരമെഴുതിച്ചത് പ്രമുഖ കലാകാരന്മാരും എഴുത്തുകാരും വിദ്യാഭ്യാസ വിദഗ്ധരും ആധ്യാത്മിക രംഗത്തുള്ളവരും ഉദ്യോഗസ്ഥ പ്രമുഖരുമായ 69 പേർ. 2002 ൽ മനോരമ പാലക്കാട് യൂണിറ്റിലെ വിദ്യാരംഭത്തിൽ ആദ്യാക്ഷരം എഴുതിയ ബി.കാവ്യയാണ് കോട്ടയത്ത് ഉദ്ഘാടനച്ചടങ്ങിൽ ദീപം കൈമാറിയത്. മനോരമ പത്രാധിപ സമിതിയിലെ പുതിയ അംഗമാണ് കാവ്യ.

വിവിധ യൂണിറ്റുകളിൽ ഗുരുക്കന്മാരായത് ഇവർ:

കോട്ടയം: ഡോ. സിറിയക് തോമസ്, ഡോ. ജാൻസി ജയിംസ്, ഡോ. കെ.എൻ.രാഘവൻ, റോസ്മേരി, ഡോ. ബാബു സെബാസ്റ്റ്യൻ, ഡോ. ഷീന ഷുക്കൂർ, നാരായണ ഭട്ടതിരി, ജയിംസ് ജോസഫ്

തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ, ഡോ. ജോർജ് ഓണക്കൂർ, ടി.പി.ശ്രീനിവാസൻ, ജേക്കബ് പുന്നൂസ്, സൂര്യ കൃഷ്ണമൂർത്തി

കൊല്ലം: നീലമന വി.ആർ.നമ്പൂതിരി, ഡോ. എ.അജയഘോഷ്, ഡോ. ബി.പത്മകുമാർ, പ്രഫ. പി.ഒ.ജെ.ലബ്ബ, ചവറ കെ.എസ്.പിള്ള

ആലപ്പുഴ: ജി.വേണുഗോപാൽ, വയലാർ ശരത്ചന്ദ്രവർമ, ഡോ. ടി.കെ.സുമ, ഡോ. പി.എം.മുബാറക് പാഷ

പത്തനംതിട്ട : ഡോ. അലക്സാണ്ടർ ജേക്കബ്, ബ്ലസി, ബെന്യാമിൻ, ഡോ. കെ.എസ്.രവികുമാർ, പി.എൻ.സുരേഷ്

കൊച്ചി : പ്രഫ. എം.കെ.സാനു, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട്, ഡോ. ശ്രീവത്സൻ ജെ.മേനോൻ, പി.വിജയൻ, ഡോ. എം.ബീന, ഡോ. സച്ചിദാനന്ദ കമ്മത്ത്, സിപ്പി പള്ളിപ്പുറം

തൃശൂർ: കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, പെരുവനം കുട്ടൻ മാരാർ, പ്രഫ. പി.വി.കൃഷ്ണൻ നായർ, പ്രഫ. പി.ഭാനുമതി, പ്രഫ. എം.ഡി.രത്നമ്മ

പാലക്കാട് : ജസ്റ്റിസ് എം.എൻ.കൃഷ്ണൻ, കല്ലൂർ രാമൻകുട്ടി മാരാർ, ഡോ. സി.പി.ചിത്ര, ആഷാ മേനോൻ, ഡോ. കെ.ജി.രവീന്ദ്രൻ, ടി.ഡി.രാമകൃഷ്ണൻ

മലപ്പുറം: ഇ.െക.ഗോവിന്ദ വർമ രാജ, ടി.ബി.വേണുഗോപാലപ്പണിക്കർ, ഡോ. കെ.മുരളീധരൻ, ശ്രീഹരി ഗിരീഷ് നമ്പൂതിരി.

കോഴിക്കോട്: ഡോ. ബീന ഫിലിപ്, ഡോ. ജെ.പ്രസാദ്, കൽപറ്റ നാരായണൻ, എൻ.പി.ഹാഫിസ് മുഹമ്മദ്, പി.പി.ശ്രീധരനുണ്ണി

കണ്ണൂർ: ടി.പത്മനാഭൻ, എം.മുകുന്ദൻ, സി.വി.ബാലകൃഷ്ണൻ

ഡൽഹി: വിജയ് കെ.നമ്പ്യാർ, ജസ്റ്റിസ് ആശ മേനോൻ

മുംബൈ: ആനന്ദ് നീലകണ്ഠൻ, ജി.വി.ശ്രീകുമാർ.

ബെംഗളൂരു: എ.വി.എസ്.നമ്പൂതിരി, ശ്രീദേവി ഉണ്ണി.

ചെന്നൈ: ശരത്, ഗോപിക വർമ

ദുബായ്: ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. ആസാദ് മൂപ്പൻ, ജോസ് പനച്ചിപ്പുറം

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com