ADVERTISEMENT

തിരുവനന്തപുരം ∙ ദിവസങ്ങളായി ഐസിയുവിൽ ആയിരുന്നതിനാൽ  മൃതദേഹം വളരെ വേഗം കണ്ണൂരിൽ എത്തിക്കണമെന്ന ഡോക്ടർമാരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തലസ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് അന്ത്യോപചാര ചടങ്ങുകൾ ഒഴിവാക്കിയതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബന്ധങ്ങൾ ഉണ്ടാക്കുക, അവ അറ്റുപോകാതെ സൂക്ഷിക്കുക– ഇതായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ജീവിത രീതിയെന്നു എംവി ഗോവിന്ദൻ പറഞ്ഞു.

ജീവിത കാലത്തെ ത്യാഗപൂർണമായ പ്രവർത്തനം സംബന്ധിച്ച വിലയിരുത്തലാണ് ഒരാളെ നേതാവാക്കുന്നത്. ആ നിലയ്ക്ക് കോടിയേരി നേതാവ് എന്ന സ്ഥാനപ്പേരിന് അർഹനാണെന്നും ഗോവിന്ദൻ പറഞ്ഞു. താനും കോടിയേരിയും തമ്മിലുള്ള ബന്ധത്തിന്റെ രസതന്ത്രമാണ്  ഈ കാലയളവിൽ ഇടതു മുന്നണിയെ പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ഒഴിവാക്കിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ‌തമ്മിൽ തല്ലുന്നവരുടെ മുന്നണിയായി മാറരുതെന്നും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നുമുള്ള രാഷ്ട്രീയ സമീപനം പാർട്ടി സെക്രട്ടറിമാ‍ർ എന്ന നിലയിൽ താനും കോടിയേരിയും സ്വീകരിച്ചിരുന്നു. 

രാഷ്ട്രീയ നേതൃ നിരയിലെ അപൂർവ വ്യക്തിത്വമായിരുന്നു കോടിയേരിയെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവ പറഞ്ഞു. കോടിയേരി ആൾക്കൂട്ടത്തിന്റെ മാത്രം നേതാവല്ലെന്നും അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള സമീപനം ഹൃദയ സ്പർശിയാണെന്നും കർദിനാൾ അനുസ്മരിച്ചു. സ്വന്തം പാർട്ടി നിലപാടിൽ നിന്നു വ്യതി ചലിക്കാതെ പ്രതിപക്ഷ കക്ഷികളെ ചേർത്തു നിർത്തിയ വ്യക്തിത്വമാണ് കോടിയേരിയെന്നു ഡിസിസി പ്രസിഡന്റ് പാലോട് രവി പറഞ്ഞു.

സൗമ്യനും ശക്തനുമായ നേതാവായിരുന്നു കോടിയേരിയെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം പാഠമാണെന്നും ബിജെപി നേതാവ് ജോർജ് കുര്യൻ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹിം എംപി, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയ്, മേയർ ആര്യാ രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എം. വിജയകുമാർ, സ്വാമി സന്ദീപാനന്ദഗിരി, നീലോലോഹിത ദാസ്, ഘടകകക്ഷികളുടെ സംസ്ഥാന, ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com