ADVERTISEMENT

തിരുവനന്തപുരം∙ എൻഡോസൾഫാൻ വിഷയത്തിൽ 18 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും സാമൂഹിക പ്രവർത്തക ദയാബായി ഉടനെ തലസ്ഥാനം വിടുന്നില്ല. കുറച്ചു ദിവസം കൂടി ഇവിടെ തങ്ങിയ ശേഷം മടങ്ങാനാണു തീരുമാനമെന്ന് അവർ മനോരമയോടു പറഞ്ഞു. സമരത്തിനിടെ അവശയായ ദയാബായിയെ മൂന്നു തവണയാണു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെയും നിരാഹാര സമരം തുടർന്ന അവർ സ്വന്തം തീരുമാനത്തിൽ ആശുപത്രി വിടുന്നു എന്നെഴുതി വീണ്ടും സമരമുഖത്തേക്ക് എത്തുകയായിരുന്നു. ചില പരിശോധനകൾ നടത്തി വേണ്ടത്ര വിശ്രമിച്ച് ആരോഗ്യം വീണ്ടെടുത്ത ശേഷമേ മടങ്ങാവൂ എന്നു ഡോക്ടർമാർ അഭ്യർഥിച്ചു.

trivandrum-dayabai
എൻഡോസൾഫാൻ ദുരിതബാധിതർക്കു വേണ്ടി നിരാഹാരത്തിലായിരുന്ന സാമൂഹിക പ്രവർത്തക ദയാബായി സമരം അവസാനിപ്പിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നും സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദിയിൽ തിരിച്ചെത്തിയപ്പോൾ പ്രവർത്തകർ നീട്ടിയ ഇളനീരിനു മുന്നിൽ വിതുമ്പുന്നു. ചിത്രം: മനോരമ

സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദിയിലെത്തിയ ദയാബായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നൽകിയ നാരങ്ങാനീരു കുടിച്ച ശേഷം സമരം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചു. സമരം വിജയിക്കുന്ന വേളയിൽ മുടി മുറിക്കുമെന്നു ദയാബായി പറഞ്ഞിരുന്നു. സമരസമിതി പ്രവർത്തകർ അവരുടെ മുടിയുടെ തുമ്പ് മുറിച്ചുമാറ്റിയപ്പോൾ കയ്യടിയും മുദ്രാവാക്യം വിളികളും മുഴങ്ങി. എൻഡോസൾഫാൻ വിഷയം ഒരിക്കലും സർക്കാരിനെ വിമർശിക്കാനുള്ള ആയുധമായി കണ്ടിട്ടില്ലെന്നു സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി ഇടപെട്ടു പ്രശ്നം പരിഹരിച്ചതിൽ ഏറെ സന്തോഷം. എന്നും ദുരിതബാധിതരുടെ പ്രശ്നപരിഹാരത്തിനായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, സമരസമിതി നേതാക്കളായ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, എം. ഷാജർഖാൻ, കരീം ചൗക്കി എന്നിവർ പ്രസംഗിച്ചു. കാസർകോട്ട് നിന്നുള്ള സമരസമിതി നേതാക്കളും ഏതാനും ദിവസം കൂടി തലസ്ഥാനത്തു തുടരും. സർക്കാർ നൽകിയ ഉറപ്പും ഭാവിപരിപാടികളും ചർച്ച ചെയ്യുമെന്ന് അവർ അറിയിച്ചു. പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ ദയാബായിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

സർക്കാർ നൽകിയ ഉറപ്പുകൾ:

∙ കാസർകോട് ജില്ലയിലെ ഗവ. മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിത്സയ്ക്കു മുൻഗണന

∙ കാസർകോട് ടാറ്റാ ട്രസ്റ്റ് ആശുപത്രിയും കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും പൂർണ സജ്ജമാകുമ്പോൾ എൻഡോസൾഫാൻ ബാധിതർക്കു മുൻഗണന.

∙ ജില്ലയിൽ ന്യൂറേോളജിസ്റ്റുമാരെ നിയമിച്ച് ന്യൂറോളജി ചികിത്സാ സൗകര്യമൊരുക്കും.

∙ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഒരു വർഷത്തിനകം ന്യൂറോളജി ചികിത്സാ സൗകര്യം മെച്ചപ്പെടുത്തും.

∙ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, ബഡ്സ് സ്കൂളുകൾ എന്നിവിടങ്ങളിൽ ദിനപരിചരണത്തിനു പ്രത്യേക സംവിധാനം

∙ എൻഡോസൾഫാൻ ബാധിതരെ കണ്ടെത്താനുള്ള അപേക്ഷ 2 മാസത്തിനകം സമർപ്പിച്ചാൽ 5 മാസത്തിനകം ഇതു പരിശോധിച്ച് പ്രത്യേക മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com