ADVERTISEMENT

തിരുവനന്തപുരം ∙ നിയമനങ്ങൾക്കു പാർട്ടി പട്ടിക ചോദിച്ചു കത്തെഴുതിയ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ സമരം തുടർച്ചയായ രണ്ടാം ദിവസവും തുടർന്നു. കോൺഗ്രസ്, ബിജെപി സമരങ്ങൾ ശക്തമാകുന്നതിനിടയിൽ മേയർക്കു സംരക്ഷണമൊരുക്കി സിപിഎം പ്രവർത്തകർ. മുടവൻമുഗളിൽ മേയറുടെ വീടിനു മുന്നിൽ വാഹനം തടയാനെത്തിയ കെഎസ്‍യു പ്രവർത്തകർക്കു ഡിവൈഎഫ്ഐ പ്രവർത്തകരുടെയും കോർപറേഷൻ ജീവനക്കാരന്റെയും നേതൃത്വത്തിൽ ക്രൂര മർദനം. സമരക്കാരുടെ മുന്നിലെത്താതെ സമാന്തര വഴിയിലൂടെയാണ് മേയർ ഇന്നലെ ഓഫിസിലെത്തിയത്.രാവിലെ മുതൽ കോർപറേഷൻ ഓഫിസിലും പരിസരത്തും വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിര‍ുന്നു.

trivandrum-arya
കോർപറേഷനിലെ വിവിധ തസ്തികകളിലേക്കുള്ള ഒഴിവിൽ നിയമനത്തിനായി പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയെന്ന ആരോപണത്തെ തുടർന്ന് മേയർ ആര്യ രാജേന്ദ്രന്റെ ഒ‍ാഫിസിനു മുന്നിൽ ബിജെപി നഗരസഭാംഗങ്ങൾ പ്രതിഷേധം നടത്തിയതിനെ തുടർന്ന് പിഎയുടെ മുറിയിലൂടെ പ്രവേശിച്ച് ജോലിയിൽ ഏർപ്പെട്ട മേയർ.

∙ രാവിലെ 9.30 : കോർപറേഷൻ ഓഫിസിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം. മേയറുടെയും വിവാദ കത്തുകളിലൊന്ന് എഴുതിയെന്നു പരസ്യമായി സമ്മതിച്ച പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡി.ആർ.അനിലിന്റെയും ഓഫിസിനു മുന്നിൽ ഇരുന്നും കിടന്നും ബിജെപി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ.ഗോപന്റെ നേതൃത്വത്തിൽ സമരം. ഇരുവരുടെയും ഓഫിസിന്റെ വാതിലിൽ ബിജെപി കൊടി നാട്ടി. 

∙ 10.15 : കോർപറേഷൻ പ്രധാന ഗേറ്റിനു മുന്നിൽ കോൺഗ്രസ് ജനപ്രതിനിധികളുടെ സമരം. കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രധാന ഗേറ്റിനു മുന്നിൽ കെട്ടിയ പന്തലിൽ നടത്തിയ സമരം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

trivandrum-arun
1. മേയർ ആര്യ രാജേന്ദ്രന്റെ വസതിക്കു മുന്നിൽ പ്രതിഷേധം നടത്തിയ കെഎസ് യു പ്രവർത്തകൻ എസ്.കെ. അരുണിനെ വളഞ്ഞിട്ടു മർദിക്കുന്നു. 2. അരുണിനെ പെ‍ാലീസ് അറസ്റ്റു ചെയ്യുന്നു.

∙ രാവിലെ തന്നെ എൽഡിഎഫ് കൗൺസിലർമാർ കോർപറേഷൻ ഓഫിസിലെത്തി മേയർക്കു സംരക്ഷണം നൽകാൻ തയാറെടുത്തിരുന്നു.

∙ 10.45 : മുടവൻമുഗളിലെ വീട്ടിൽ നിന്ന് ഓഫിസിലേക്കു പോകാനിറങ്ങിയ മേയർ ആര്യ  രാജേന്ദ്രനെതിരെ കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. വാഹനം തടയാനൊരുങ്ങിയ കെഎസ്‍യു പ്രവർത്തകരെ പൊലീസ് നോക്കി നിൽക്കേ ഡിവൈഎഫ്ഐ പ്രവർത്തകനും മേയറുടെ സ്റ്റാഫും ചേർന്നു മർദിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകൻ മുടവൻമുഗൾ സ്വദേശിയായ അനൂപ് ആണ് മർദനത്തിനു നേതൃത്വം നൽകിയത്. മർദനമേറ്റ കെഎസ്‍യു ജില്ലാ ജനറൽ സെക്രട്ടറി ശരത് കുളത്തൂർ, നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് എസ്.കെ.അരുൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് രാവിലെ മുതൽ പൊലീസും സിപിഎം പ്രവർത്തകരും മുടവൻമുഗളിലെ വീടിനു സമീപം  കാവലുണ്ടായിരുന്നു. മൂന്ന് കെഎസ്‍യു പ്രവർത്തകർ രാവിലെ എത്തിയെങ്കിലും സുരക്ഷാ സന്നാഹം കണ്ട്  താൽക്കാ‍ലികമായി അവിടെ നിന്നു മാറി. േമയർ കാറിലേക്കു കയറ‍ാ‍നൊരുങ്ങിയപ്പോഴാണ് രണ്ടു പേർ അവിടേക്ക് ഓടിയെത്തി വാഹനം തടയാൻ ശ്രമിച്ചത്. ഇവരെ പിടികൂടിയ സിപിഎം പ്രവർത്തകരും മേയറുടെ സ്റ്റാഫും ചേർന്ന് കയ്യേറ്റം ചെയ്യുകയായിരുന്നു. പിന്നാലെ, വാഹനം റോഡിലേക്കു കയറും മുൻപ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലും പ്രതിഷേധിച്ചു. പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

∙ 11.10 : ഐഎൻടിയുസിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പ്രകടനം കോർപറേഷൻ ഓഫിസിനു മുന്നിലേക്ക്.

∙ ഉച്ചയ്ക്ക് 12.10 : മേയർ ആര്യ രാജേന്ദ്രൻ എത്തുമെന്ന അറിയിപ്പു ലഭിച്ചയുടൻ പൊലീസ് കോൺഗ്രസ് കൗൺസിലർമാർ സമരം നടത്തുന്ന പ്രധാന കവാടം അടച്ചു. 

∙ 12.20 : മ്യൂസിയം ഗേറ്റിന് എതിർ വശത്തെ കോർപറേഷൻ ഗേറ്റിലൂടെ മേയറുടെ വാഹനം എത്തി. പൊലീസ്, സിപിഎം പ്രവർത്തകർ സംരക്ഷണവുമായി വാഹനത്തെ വളഞ്ഞു. കോർപറേഷൻ ഓഫിസിനു മുന്നിൽ മേയർ ഇറങ്ങിയതോടെ പ്രധാന ഗേറ്റിനു മുന്നിലുണ്ട‍ായിരുന്ന കോൺഗ്രസ് കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ കൂവി വിളിച്ചു.

പ്രധാന പടിക്കെട്ട് ഉപയോഗിക്കാതെ ഒരു വശത്ത് കൗൺസിൽ ഹാളിലേക്കുള്ള വഴിയിലൂടെ മേയറെ പൊലീസ് സംഘം ഓഫിസിനുള്ളിലേക്ക് എത്തിച്ചു. പിന്നാലെ കൗൺസിൽ ഹാളിന‍ു സമീപത്തെ ഗ്രിൽ വാതിൽ അടച്ചു പൂട്ടി. മേയറുടെ ഓഫിസിനു മുന്നിൽ സമരം നടത്തിയിരുന്ന ബിജെപി കൗൺസിലർമാർക്ക് പ്രതിഷേധത്തിന് അവസരം ലഭിച്ചില്ല. ബിജെപി കൗൺസിലർ ഉച്ചത്തിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി. ഇതേസമയം മേയർ ഓഫിസിനുള്ളിൽ കടന്ന് ഫയലുകൾ പരിശോധിക്കാൻ തുടങ്ങി. പുറത്തും ഉള്ളിലുമായി പൊലീസിനു പുറമേ സിപിഎം കൗൺസിലർമാരും സുരക്ഷയൊരുക്കി മേയർക്കു കാവൽ നിന്നു.

∙ ഉച്ചയ്ക്ക് 1.10: മേയറുടെ ഓഫിസിനു മുന്നിൽ സമരം നടത്തിയ കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കൗൺസിലർമാരായ എം.ആർ.ഗോപൻ, തിരുമല അനിൽ, പി.ബി.മഞ്ജു, സുമി  ബാലു, പത്മ, പി.അശോക് കുമാർ, മീന ദിനേശ്, ജി.എസ്.മഞ്ജു, സിമി ജ്യോതിഷ്, മധുസൂദനൻ നായർ, എസ്.ആർ.ബിന്ദു, രാജലക്ഷ്മി, സത്യവതി, ശ്രീദേവി എന്നിവരെ അറസ്റ്റ് ചെയ്ത മ്യൂസിയം പൊലീസ് ജാമ്യത്തിൽ വിട്ടു. ഉച്ചയോടെ കോർപറേഷൻ പരിസരത്തെ പ്രതിഷേധ സമരങ്ങൾക്കു താൽക്കാലിക വിരാമമായി.

trivandrum-ramesh
മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്കു മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. നേതാക്കളായ വർക്കല കഹാർ, പാലോട് രവി, വി.എസ്.ശിവകുമാർ, വി.പ്രതാപചന്ദ്രൻ തുടങ്ങിയവർ സമീപം.

മേയർ രാജി വച്ചില്ലെങ്കിൽ ജനങ്ങൾ പുറത്താക്കുമെന്നു  രമേശ് ചെന്നിത്തല

തിരുവനന്തപുരം ∙ ‘ആനാവൂർ നാഗപ്പന്മാരുടെ ചെരുപ്പ് നക്കാത്തവർക്ക് ജോലി ഇല്ലാത്ത അവസ്ഥയാണെന്നു രമേശ് ചെന്നിത്തല. 14 ജില്ലാ സെക്രട്ടറിമാരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലേക്കുള്ള റിക്രൂട്ടിങ് ഏജന്റുമാരായി പ്രവർത്തിക്കുന്നു. ഇതുപോലെ അഴിമതി നടത്തുന്ന ഒരു മേയർ തിരുവനന്തപുരം കോർപറേഷന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. മേയർ രാജി വച്ചില്ലെങ്കിൽ ജനങ്ങൾ അടിച്ചു പുറത്താക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമനത്തിനു പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്കു മേയറുടെ പേരിൽ കത്തു നൽകിയ സംഭവത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്  കൗൺസിലർമാർ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല. 

ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. വി.എസ്.ശിവകുമാർ, കെ.പി.ശ്രീകുമാർ, വർക്കല കഹാർ, ശരത്ചന്ദ്രപ്രസാദ്, എം.എ.വാഹിദ്, ജി.എസ്.ബാബു, ജി.സുബോധൻ, പ്രതാപചന്ദ്രൻ, പി കെ.വേണുഗോപാൽ നെയ്യാറ്റിൻകര സനൽ, വഞ്ചിയൂർ പദ്മകുമാർ, ആർ.ഹരികുമാർ, ശാസ്തമംഗലം മോഹനൻ, സുദർശനൻ, കോട്ടാത്തല മോഹനൻ, കമ്പറ നാരായണൻ, ശ്രീകുമാർ, ടോണി ഒളിവർ, ഡി.അനിൽകുമാർ, ആക്കുളം സുരേഷ്, ആലംകോട് സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

‘അഴിമതിവിരുദ്ധ സമരം യുഡിഎഫ് ഏറ്റെടുക്കും’

തിരുവനന്തപുരം ∙ കോർപറേഷനിലെ അഴിമതിക്കെതിരെയുള്ള സമരം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ്‌ പാലോട്‌ രവി അറിയിച്ചു. ഇന്നു മുതൽ യുഡിഎഫ് സമരം ഏറ്റെടുക്കും. ഇന്നു രാവിലെ 9 ന്‌ കോർപറേഷനു മുന്നിൽ നടക്കുന്ന സത്യഗ്രഹ സമരത്തിന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശൻ നേതൃത്വം നൽകും. 10 ന്‌ എം.വിൻസന്റ്‌ എംഎൽഎയുടെ നേതൃത്വത്തിൽ സത്യഗ്രഹം സംഘടിപ്പിക്കും.

അന്ന് ജില്ലയിലെ മണ്ഡലം കമ്മിറ്റികൾ അഴിമതി ഭരണത്തിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തും. 12 ന്‌ കോർപറേഷനിലെ മുഴുവൻ വാർഡുകളിലും നഗരസഭയിൽ നടമാടുന്ന അഴിമതി തുറന്നു കാണിക്കുന്ന വാർഡ്‌ തല യുഡിഎഫ്‌ ധർണ സംഘടിപ്പിക്കും. തുടർന്ന്‌ കോർപറേഷൻ പരിധിയിലെ 9 ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ അഴിമതി വിരുദ്ധ പ്രചാരണ ജാഥ സംഘടിപ്പിക്കുമെന്നും പാലോട്‌ രവി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com