ADVERTISEMENT

തിരുവനന്തപുരം ∙ കോർപറേഷനു കീഴിലെ ആരോഗ്യ സ്ഥാപനങ്ങളിലെ 295 താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു വിടാനുള്ള സർക്കാർ നിർദേശത്തിനു പുല്ലുവില കൽപിച്ച് കോർപറേഷൻ ഭരണസമിതി. ഒഴിവുകൾ ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു റിപ്പോർട്ട് ചെയ്തില്ലെന്നു മാത്രമല്ല, കരാർ അടിസ്ഥാനത്തിൽ നടത്താനിരുന്ന വിവാദ നിയമനത്തിന്റെ തുടർ നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തു.  21 മുതൽ 28 വരെ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തെ തുടർന്നാണ് നടക്കാതെ പോയത്. 

ഡോക്ടർമാർ ഉൾപ്പെടെയുള്ള തസ്തികകളിൽ നിയമിക്കുന്നതിനു പാർട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്കു നൽകിയ കത്ത് പുറത്തു വന്നതിനു പിന്നാലെ ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു റിപ്പോർട്ട് ചെയ്യാൻ തദ്ദേശ മന്ത്രി എം.ബി. രാജേഷ് നിർദേശിച്ചിരുന്നു.

 ഇതു ചെവിക്കൊള്ളാതെയാണ് കോർപറേഷൻ വീണ്ടും സ്വന്തം നിലയിൽ നിയമനനടപടികളുമായി മുന്നോട്ടു പോയത്. ജനകീയാസൂത്രണ വിഭാഗത്തിൽ നിന്ന് കഴിഞ്ഞ 31ന് വിജ്ഞാപനം ഇറക്കി. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 16 ആയിരുന്നു. ഇതിനിടെയാണ് കത്തു വിവാദമുണ്ടായത്. എന്നിട്ടും 21ന് നടത്താൻ നിശ്ചയിച്ച അഭിമുഖം മാറ്റിവച്ചില്ല. അഭിമുഖത്തിനെത്തിയ ഉദ്യോഗാർഥികൾ പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു.  കോർപറേഷനിലെ നിയമന ലോബി ഉദ്യോഗാർഥികളിൽ നിന്ന് പണം കൈപ്പറ്റിയതാണ് ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കത്തു നൽകാത്തതിനു കാരണമെന്നാണ് ആരോപണം. 

അതേസമയം, എംപ്ലോയ്മെന്റ് എക്സ്‍ചേഞ്ചിൽ നിന്നു നിയമനം നടത്തുന്നതിന് ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടെന്നും അതു നീക്കുന്നതിനായി ഡയറക്ടർക്കു കത്ത് നൽകിയിട്ടുണ്ടെന്നും കോർപറേഷൻ ഓഫിസ് അറിയിച്ചു. അതിന്മേൽ തീരുമാനം ഉണ്ടാകാത്തതു കൊണ്ടാണ് നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു വിടാത്തത്.

പ്രൈമറി ഹെൽത്ത് സെന്റർ, അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഡോക്ടർമാർ, പബ്ലിക് ഹെൽത്ത് സ്പെഷലിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, സ്വീപ്പർ, പാർട്ട് ടൈം സ്വീപ്പർ, ഒപ്റ്റോമെട്രിസ്റ്റ് തസ്തികകളിലേക്കാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com