ADVERTISEMENT

വിഴിഞ്ഞം ∙ തുറമുഖ സമരമുഖത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തെത്തുടർന്ന് അക്രമം വ്യാപകമായതോടെ കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെ പൊലീസ് കേസെടുത്തു 

വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളിട്ട് സമരസമിതി ജനറൽ കൺവീനർ മോൺ. ഫാ. യൂജിൻ പെരേര ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുത്തിട്ടുമുണ്ട്. ജനങ്ങൾക്കും പൊലീസിനും നേരെയുള്ള ആക്രമണം, ഇതര മതസ്ഥരുടെ സ്ഥാപനങ്ങൾ അടിച്ചു തകർക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും കേസെടുത്തു.2.10 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നും ഇതിന്റെ പേരിലും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

വിഴിഞ്ഞത്ത് സംഘർഷത്തെ തുടർന്ന് പരുക്കേറ്റ പൊലീസുകാരന് പ്രഥമ ചികിത്സ നൽകുന്നു.

സുപ്രീംകോടതി വിലക്ക് ലംഘിച്ച് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അതീവ സുരക്ഷാ മേഖലയിലുള്ള തുറമുഖ പ്രദേശത്തു അതിക്രമിച്ചു കടന്നതിനും, ഓഫിസ് അടിച്ചു തകർത്തതിനും തുറമുഖ വിരുദ്ധ സമിതി പ്രവർത്തകർക്കെതിരെ കേസുണ്ട്.  സംഘം ചേർന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവർക്കെതിരെ രണ്ട് കേസും എടുത്തു. സമരത്തിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകരുടെ വാഹനങ്ങളുടെ നമ്പറും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

സമരക്കാരോട് പ്രതികാരം അരുത്: കാതോലിക്കാ ബാവാ

ന്യൂഡൽഹി ∙ വിഴിഞ്ഞം സമരക്കാരോടു പ്രതികാരനടപടി പാടില്ലെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. സമരം അക്രമാസക്തമാവുന്നതിനോടു യോജിക്കുന്നില്ല. ക്രമസമാധാന നില തകർന്നാൽ പൊലീസ് ഇടപെടുന്നതു സ്വാഭാവികം. പ്രശ്നത്തിനു പരിഹാരമുണ്ടാക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. പക്ഷേ, തീരദേശവാസികളുടെ ആശങ്കകൾ പരിഹരിച്ച ശേഷമാകണം ഇതെന്നും കാതോലിക്കാ ബാവാ വ്യക്തമാക്കി.

നടപടി പുനഃപരിശോധിക്കണം: സതീശൻ, രമേശ് ചെന്നിത്തല 

വിഴിഞ്ഞത്തെ സംഘർഷത്തിൽ തകർന്ന പൊലീസ് ജീപ്പ്.

തിരുവനന്തപുരം∙ വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഉൾപ്പെടെയുള്ള വൈദികരെ പ്രതികളാക്കി കേസെടുത്ത പൊലീസ് സിപിഎം പ്രവർത്തകർ സമരം ചെയ്താൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കാൻ തയാറാകു‍മോയെന്നു പ്രതിപക്ഷ നേതാവ് വി.‍ഡി.സതീശൻ. വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ  വൈദികർക്കെതി‍രെ കേസെടുത്തത് അംഗീകരിക്കാനാകില്ല. കേട്ടുകേൾവിയില്ലാത്ത സംഭവമാണ് ഇത്. ആർച്ച് ബിഷ‍പ് ഡോ. തോമസ് ജെ. നെറ്റോയെ‍യാണ് ഒന്നാം പ്രതിയാക്കിയിരി‍ക്കുന്നത്. സഹായമെത്രാൻ ക്രിസ്തുരാജ് ഉൾപ്പെടെ അൻപതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്. അദാനിക്കു വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സർക്കാർ എത്തി . വിഴിഞ്ഞ‍ത്തുണ്ടായ സംഘർഷം സർക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടർന്നാണെന്ന ലത്തീൻ രൂപതയുടെ ആരോപണം ഗുരുതരമാണ്. അ‍തേക്കുറിച്ചും അന്വേഷിക്കണം. വിഴിഞ്ഞം സമരത്തിന് യുഡിഎഫ് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആ പിന്തുണ തുടരും– സതീശൻ പറഞ്ഞു. 

വിഴിഞ്ഞത്തെ സംഘർഷത്തെത്തുടർന്നു തടിച്ചുകൂടി നാട്ടുകാർ.

തിരുവനന്തപുരം∙വിഴിഞ്ഞം വിഷയത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോക്കെതി‍രെയും സഹ മെത്രാ‍ൻമാർക്കെതിരെയും കേസെടുത്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പൊലീസ് നടപടി പുനഃപരിശോധിക്കണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം പോർട്ട് ഓഫിസിനു നേരെ ഉണ്ടായതുൾപ്പെടെ  ആക്ര‍മണങ്ങളെയെല്ലാം ശക്തമായി അപലപിക്കുന്നു. സ്ഥലത്തില്ലാതിരുന്ന ബിഷപ്പിനെ‍തിരെയും മറ്റു വൈദികർക്കെതിരെയും ഗൂഢാലോചന കുറ്റം ചുമത്തിയത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭ‍യും:  അതിരൂപത

തിരുവനന്തപുരം∙ ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭ‍യുമാണ് കേരളത്തിൽ ഇപ്പോഴുള്ളതെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത.  വിഴിഞ്ഞ‍ത്തുണ്ടായ സംഘർഷം സർക്കാ‍രിന്റെ ആസൂത്രിത നീക്കത്തി‍ന്റെ ഫലമാണെന്നും വൈദികർ‍ക്കെതിരെ ഗൂഢനീക്കം നടക്കുന്നതായും സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്. പെരേര പറഞ്ഞു.  വിഴിഞ്ഞ‍ത്തെ സംഘർഷം സർക്കാർ ഒത്താശയോടെയാണ് നടക്കുന്നതെന്നും സർക്കാരിന്റേത് വികൃതമായ നടപടികളാണെ‍ന്നും സമരസമിതി കൺവീനർ കൂടിയായ ഫാ. തിയഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.  തീരദേശ മത്സ്യത്തൊഴിലാളികൾക്കെതിരെ പൊലീസിനെ മുഖ്യമന്ത്രി അഴിച്ചു വിട്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികൾക്കു നേരെ നരനായാട്ടു  നടത്തുകയാണ് പൊലീസ്.  ബിജെപി നേതാവിന്റെയും കോൺ‍ഗ്രസ് കൗൺസിലറുടെയും നേതൃത്വത്തിലാണ് ഗുണ്ടായിസം നടന്നത്. ഇവരെ പൊലീസ് തൊട്ടിട്ടില്ലെന്നും കൺവീനർ പറഞ്ഞു. 

സർക്കാർ നിലപാട് അപകടകരം: കെആർഎൽസിസി‌

കൊച്ചി∙ തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടും യുദ്ധം പ്രഖ്യാപിക്കുന്ന ഇടതു മുന്നണി സർക്കാരിന്റെ നിലപാട് അപകടകരമാണെന്ന് കെആർഎൽസിസി രാഷ്ട്രീയകാര്യ സമിതി അഭിപ്രായപ്പെട്ടു.  സമരത്തോടു നിഷേധാത്മക നിലപാടാണു സർക്കാരിന്. വിഴിഞ്ഞം തുറമുഖ നിർമാണം തടസ്സം കൂടാതെ നടക്കുന്നുണ്ടെന്നു സർക്കാരാണു ചിത്രങ്ങൾ സഹിതം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. നിർമാണം തടസ്സപ്പെട്ടിട്ടുണ്ടെങ്കിൽ ഉത്തരവാദികൾ സർക്കാരും അദാനിയുമാണെന്ന് സമിതി കൺവീനറും വൈസ് പ്രസിഡന്റുമായ ജോസഫ് ജൂഡ് ആരോപിച്ചു. 

വിഴിഞ്ഞത്ത് സംഘർഷത്തെത്തുടർന്ന് എത്തിയ പൊലീസ് സേന സ്റ്റേഷനകത്ത്.

വിദഗ്ധ സംഗമം നാളെ 

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പ്രവർത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് സംഘടിപ്പിക്കുന്ന വിദഗ്ധ സംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാസ്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ രാവിലെ 10നു നടക്കുന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും

കേസ് ഇന്ന് കോടതിയിൽ 

സംഘർഷത്തിൽ പരുക്കേറ്റ പ്രവർത്തകൻ.

വിഴിഞ്ഞം∙ വിഷയത്തിൽ ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും.   കേസ് ശക്തിപ്പെടുത്തിയതിന് പിന്നാലെ പദ്ധതി നിർമാണം വൈകിയത് മൂലമുളള നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന തുറമുഖ കമ്പനി ആവശ്യത്തെ പിന്തുണയ്ക്കുന്ന നിർണായക നീക്കവും സർക്കാർ നടത്തിയേക്കും. ആർച്ച് ബിഷപ്പിനെതിരെ കേസെടുത്ത സാഹചര്യത്തിൽ സർക്കാരിനെതിരെ ലത്തീൻ അതിരൂപതയും ശക്തമായ നിലപാടെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com