ADVERTISEMENT

മലയിൻകീഴ് ∙ കിടക്ക, തലയിമണ എന്നിവ നിർമിക്കുന്ന സ്വകാര്യ കമ്പനിയിൽ വൻ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടം. ആളപായമില്ല. കമ്പനിയുടെ ഭാഗമായ കോൺക്രീറ്റ് കെട്ടിടത്തിന്റെ ഒരു ഭാഗവും യന്ത്രങ്ങളും മറ്റു ഉപകരണങ്ങളും കത്തി നശിച്ചു. മലയിൻകീഴ് അന്തിയൂർക്കോണം മൂങ്ങോട് തൊളിക്കോട് ഭാഗത്തെ ശരത് ജെ.വി.നായരുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ഇന്നലെ രാവിലെ ഒൻപതോടെയാണ് അപകടം.

രാവിലെ ജോലി തുടങ്ങുന്നതിനിടെ ആണ് കൂട്ടിയിട്ടിരുന്ന കൃത്രിമ പഞ്ഞിയിൽ  നിന്ന് തീയും പുകയും ഉയർന്നത്. ഉടമ ശരത്തിന്റെ വീടിനോട് ചേർന്നാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. വീടിനു മുന്നിൽ കഴിഞ്ഞ ദിവസം ഇറക്കിയിട്ട ലോഡ് കണക്കിന് പഞ്ഞിയാണ് ആദ്യം കത്തിയത്.നിമിഷങ്ങൾക്കകം തീ ആളി കത്തി പടർന്നു.

തൊട്ടു മുകളിലുള്ള വീട്ടിലെ മുറിയിലേക്ക് തീ വ്യാപിച്ചു. ഇതിനുള്ളിൽ ഉണ്ടായിരുന്ന ഉപകരണങ്ങളും ജനലുകളും വാതിലും നശിച്ചു. ഭിത്തികളിൽ വിള്ളൽ ഉണ്ടായി.  തൊഴിലാളികൾ ഓടിമാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. യന്ത്രങ്ങൾ പ്രവർത്തിക്കുന്നതിന് സ്ഥാപിച്ചിരുന്ന ഇലക്ട്രിക് മോട്ടറിന് ഉണ്ടായ ഷോർട് സർക്യൂട്ട് ആവാം അപകട കാരണമെന്ന് സംശയിക്കുന്നു.മോട്ടറിൽ നിന്നുള്ള വയറുകൾ കടന്നു പോകുന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന പഞ്ഞികളിൽ ആണ് തീ ഉണ്ടായത്.

കണ്ണു നിറഞ്ഞ് ഉടമയും തൊഴിലാളികളും

തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തെ വിഴുങ്ങി കൊണ്ട് തീയും പുകയും ഉയരുന്നത് നിറ കണ്ണുകളോടെ നോക്കി നിൽക്കേണ്ട അവസ്ഥയിലായിരുന്നു സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ. ഇതിനു സമീപം എന്ത് ചെയ്യണമെന്നും പറയണമെന്നും അറിയാതെ നിശ്ചലനായി നിൽക്കുകയായിരുന്നു ഉടമ ശരത്. സ്ഥാപനത്തിലെ അതിഥിത്തൊഴിലാളികൾ അടക്കമുള്ളവർ ഏറെ ശ്രമിച്ചിട്ടും തീ അണയ്ക്കാൻ  സാധിച്ചില്ല. ഒടുവിൽ തീ കവർന്നെടുക്കാത്ത സാധനങ്ങൾ എത്രയും വേഗം വാരി മാറ്റാനുള്ള ശ്രമത്തിലായി അവർ. അപ്പോഴേക്കും പകുതിയലധികം കത്തി നശിച്ചിരുന്നു. വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പതിനഞ്ചോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.

സുരക്ഷാ സംവിധാനങ്ങൾ ഇല്ല

തീപിടിത്തം തടയുന്നതിനുള്ള സുരക്ഷ സംവിധാനങ്ങൾ സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള സാധനങ്ങളാണ് കമ്പനിയിൽ നിർമിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്നത്. അതിനാൽ സുരക്ഷ സംവിധാനങ്ങൾ  ഒരുക്കാത്തത് സ്ഥാപന ഉടമയുടെ ഭാഗത്തുള്ള വീഴ്ച ആണെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഫയർഫോഴ്സ് അറിയിച്ചു. മലയിൻകീഴ് പഞ്ചായത്ത് ഉദ്യോഗസ്ഥരും പരിശോധന നടത്തി. പഞ്ചായത്തിന്റെ അനുമതിയില്ലാതെ ആണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത് എന്ന് അധികൃതർ പറഞ്ഞു.

പരിഭ്രാന്തിയുടെ 4 മണിക്കൂർ

കാട്ടാക്കട, നെയ്യാർ ഡാം, ചെങ്കൽചൂള എന്നിവിടങ്ങളിൽ നിന്ന് എത്തിയ 6 യൂണിറ്റ് ഫയർഫോഴ്സ് 4 മണിക്കൂറോളം പരിശ്രമിച്ചാണ് തീയും പുകയും കെടുത്തിയത്പിന്തുണയുമായി തൊഴിലാളികളും നാട്ടുകാരും ഉണ്ടായിരുന്നു.  രൂക്ഷമായ പുകയും ചൂടും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. പഞ്ഞി കെട്ടുകളിൽ ശക്തമായി വെള്ളം ചീറ്റിയെങ്കിലും പുകയും തീയും ആദ്യ ഘട്ടത്തിൽ ശമിച്ചില്ല. നിമിഷങ്ങൾക്കകം തീ പടർന്നു. . ഇതിനിടെ കെട്ടിടത്തിലെ 2 മുറിയും അതിലെ ഉപകരണങ്ങളും കത്തി നശിച്ചു. പഞ്ഞി കെട്ടുകൾ ഇളക്കി മാറ്റിയിട്ട ശേഷം വെള്ളം ഒഴിച്ചെങ്കിലും പുകയ്ക്കു ശമനം ഉണ്ടായില്ല.

 ഒടുവിൽ മണ്ണുമാന്തി യന്ത്രം എത്തിച്ച് പഞ്ഞി കെട്ടുകൾ പതുക്കെ നീക്കിയ ശേഷം വെള്ളം ഒഴിച്ചാണ് തീ പൂർണമായി കെടുത്തിയത്. സമീപത്തെ വീടുകളിലേക്ക് തീ പടരാതെ തടയാൻ കഴിഞ്ഞതും ആശ്വാസമായി. കാട്ടാക്കട ഫയർഫോഴ്സ് അസി.സ്റ്റേഷൻ ഓഫിസർ എൻ.സുരേഷ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മലയിൻകീഴ് പൊലീസും എത്തി. അതേസമയം, രൂക്ഷഗന്ധം ഉള്ള പുക ഉയർന്നത് ആശങ്ക പരത്തി. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാരിൽ ചിലർക്ക് പുക കാരണം അസ്വസ്ഥത അനുഭവപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com