പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിൽ അടിയോടടി; അടിച്ചു, കടിച്ചു, മുണ്ടുരിഞ്ഞത് വനിതാ ജീവനക്കാരുടെ മുന്നിൽ

Thiruvananthapuram News
SHARE

തിരുവനന്തപുരം∙ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിൽ ഓഫിസിൽ ഏറ്റുമുട്ടി. സെക്രട്ടേറിയറ്റിനു സമീപം വൈഎംസിഎയ്ക്കു മുന്നിലുള്ള സ്പോർട്സ് കൗൺസിൽ ഓഫിസിൽ വനിതാ ജീവനക്കാരുടെ മുന്നിലായിരുന്നു പ്രസിഡന്റ് എസ്.എസ്.സുധീറും വൈസ് പ്രസിഡന്റ് എ.എം.കെ.നിസാറും തമ്മിൽ കയ്യാങ്കളിയും തെറിയഭിഷേകവും. മുണ്ടുരിഞ്ഞ് തറയിൽ തള്ളിയിട്ടുള്ള അടിക്കിടെ സുധീറിന്റെ ഇടതു കൈ നിസാർ കടിച്ചു മുറിച്ചതായും പരാതിയുണ്ട്.

ഈ ഓഫിസിനോട് ചേർന്നുള്ള സംസ്ഥാന സ്പോർട്സ് കൗൺസിൽ ഓഫിസിൽ നിന്നു പുരുഷ ജീവനക്കാർ എത്തിയാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ സുധീറിനെ അവിടെ പ്രവേശിപ്പിച്ചു. പിന്നാലെ നിസാറും മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഇരുവരും കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകി. സുധീറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തു. നിസാറിന്റെ മൊഴി എടുത്ത ശേഷം ആവശ്യമെങ്കിൽ ആ പരാതിയിലും കേസ് എടുക്കുമെന്ന് കന്റോൺമെന്റ് സിഐ അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. . സിപിഎം കരമന ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് നിസാർ. സിപിഎം അനുകൂല പാനലിന്റെ ഭാഗമായാണു സുധീറും നിസാറും സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ ആയതെങ്കിലും പിന്നീട് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം നിലനിന്നിരുന്നു.ഇതിന്റെ തുടർച്ചയാണ് ഇന്നലത്തെ കയ്യാങ്കളി.

ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ മുറിയിൽ വച്ചാണ് എക്സിക്യൂട്ടീവ് യോഗത്തിന്റെ തീയതി സംബന്ധിച്ച് ഇരുവരും തമ്മിലുള്ള തർക്കം തുടങ്ങിയത്. പുറത്തിറങ്ങിയതിനു പിന്നാലെയായിരുന്നു അടി. ക്ഷുഭിതനായി നിസാർ തന്നെ ചവിട്ടി വീഴ്ത്തുകയും മുണ്ട് പറിച്ചെടുക്കുകയും കടിക്കുകയും ചെയ്തയായി സുധീർ പറഞ്ഞു. എന്നാൽ  സുധീറാണ് ആദ്യം തന്റെ മുഖത്തും കഴുത്തിലും ഇടിച്ചതെന്ന് നിസാർ പറയുന്നു.

സെക്രട്ടറിയുടെ മുറിക്കു  മുന്നിൽ നിന്നു തുടങ്ങിയ അടി സമീപത്തെ മുറിക്കുള്ളിലേക്കു നീണ്ടു പകച്ചുപോയ വനിത ജീവനക്കാർ അടുത്തുള്ള സംസ്ഥാന സ്പോർട്സ് കൗൺസിൽ ഓഫിസിലെത്തി വിവരം അറിയിച്ചു. അവിടെ നിന്നുള്ളവർ എത്തിയാണ് തറയിൽ ഇരുവരേയും പിടിച്ചു മാറ്റിയത്.  സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, സെക്രട്ടറി അനിൽ കുമാർ എന്നിവരും എത്തി. അടികൂടിയ ഭാരവാഹികൾ രണ്ടുപേരും ജില്ലയിലെ സിപിഎം നേതൃത്വവുമായി അടുത്തവരായതിനാൽ പക്ഷം പിടിക്കാനാകാതെ  ജീവനക്കാർ ഒഴിഞ്ഞു മാറി. പൊലീസ് ഓഫിസിലെത്തി പരിശോധന നടത്തി.

അടിയിലെത്തിയ തർക്കം

ആട്യ–പാട്യ അസോസിയേഷന്റെ പ്രതിനിധിയായിട്ടാണ് നിസാർ ഇത്തവണ ജില്ലാ കൗൺസിൽ ഭാരവാഹിയായതെങ്കിലും സിപിഎം നേതാവ് കരമന ഹരി പ്രസിഡന്റായ സൈക്കിൾ പോളോ അസോസിയേഷനുമായി ബന്ധപ്പെട്ടാണു പ്രവർത്തിക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന സൈക്കിൾ പോളോ ജില്ലാ ചാംപ്യൻഷിപ്പിൽ സ്പോർട്സ് കൗൺസിലിന്റെ ഒബ്സർവറെ  വിട്ടില്ലെന്നതു സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു.

സുധീർ ഇടപെട്ടാണ് ഒബ്സർവറെ വിടാതിരുന്നതെന്നാണ് ആരോപണം. എന്നാൽ സൈക്കിൾ പോളോ അസോസിയേഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പരാതിയുള്ളതിനാലാണ് അവരുടെ ചാംപ്യൻഷിപ്പിന് ഒബ്സർവറെ വിടാത്തതെന്ന് സുധീർ പറയുന്നു. പരാതി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്തു തീരുമാനം എടുക്കേണ്ടതുണ്ടെന്നും ഇതിന്റെ പേരിലാണ് നിസാർ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഈ പരാതിയുൾപ്പെടെ ചർച്ച ചെയ്യാൻ കഴിഞ്ഞ 25ന് എക്സിക്യൂട്ടീവ് യോഗം വിളിച്ചിരുന്നെങ്കിലും നിസാർ ഉൾപ്പെടെ അംഗങ്ങളിൽ ഏറെപ്പേരും വരാത്തതിനെ തുടർന്ന് ഡിസംബർ രണ്ടിലേക്കു മാറ്റി. അന്ന് സ്പോർട്സ് ട്രിബ്യൂണലിൽ തനിക്ക് ഒരു കേസിന്റെ ഹിയറിങ് ഉള്ളതിനാൽ കമ്മിറ്റി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പെട്ടതിനെ ചൊല്ലിയാണ് ഇന്നലെ തർക്കവും അടിയും ഉണ്ടായതെന്നാണു നിസാർ പറയുന്നത്.

ഹാൻഡ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ് സുധീർ. ഹാൻഡ്ബോൾ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടടക്കം ഇദ്ദേഹത്തിനെതിരെയും സംസ്ഥാന സ്പോർട്സ് കൗൺസിലിൽ പരാതികളുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS