ADVERTISEMENT

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയ്ക്കു സമീപം ഊരൂട്ടമ്പലത്തു നിന്നു 11 വർഷം മുൻപ് യുവതിയെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. പൂവച്ചൽ സ്വദേശി ദിവ്യയും മകൾ ഗൗരിയുമാണു കൊല്ലപ്പെട്ടത്. ദിവ്യയുടെ പങ്കാളി പൂവാർ സ്വദേശിയായ മത്സ്യവ്യാപാരി മാഹിൻകണ്ണ് കടലിൽ തള്ളിയിട്ട് ഇവരെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയെന്നാണു സൂചന. ഇയാളുടെ ഭാര്യയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണു വിവരം. സംഭവവുമായി ബന്ധപ്പെട്ടു 2 പേർ കസ്റ്റഡിയിലുണ്ടെന്നു റൂറൽ ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ അറിയിച്ചു.

കാര്യമായി അന്വേഷണം നടത്താതെ മാറനല്ലൂർ പൊലീസ് കേസ് അടച്ചപ്പോൾ, ദിവ്യയുടെ അമ്മ രാധ നടത്തിയ നിരന്തര ശ്രമമാണ് ഒടുവിൽ ഞെട്ടിക്കുന്ന സത്യം പുറത്തുകൊണ്ടുവന്നത്. മകളുടെ തിരോധാനത്തിന്റെ ആഘാതത്തിൽ പിതാവ് ജയചന്ദ്രൻ ഇതിനിടെ ജീവനൊടുക്കി. ഒടുവിൽ, രാധയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. 2011 ഓഗസ്റ്റ് 18 നാണ് ദിവ്യയെയും ഗൗരിയെയും കാണാതാകുന്നത്.

മാഹിൻകണ്ണുമായി പ്രണയത്തിലായ ദിവ്യ ഇയാൾക്കൊപ്പം ഊരൂട്ടമ്പലത്തെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു. ഗർഭിണിയായപ്പോഴും വിവാഹത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ ഇയാൾ വിദേശത്തേക്കു പോയി. പിതാവ് ജയചന്ദ്രൻ കൂലിപ്പണി ചെയ്താണു പിന്നീടു മകളുടെ കാര്യങ്ങൾ നോക്കിയത്. ദിവ്യ പ്രസവിച്ച് ഒരു വർഷത്തിനു ശേഷം നാട്ടിലെത്തിയ മാഹിൻകണ്ണിനെ ഇവരുടെ ബന്ധുക്കൾ നിർബന്ധിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. വീണ്ടും ഒരുമിച്ചു കഴിയുന്നതിനിടെയാണു മാഹിൻകണ്ണ് വിവാഹിതനാണെന്ന കാര്യം ദിവ്യ മനസ്സിലാക്കിയത്. അതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിലായെന്നും പൊലീസ് അറിയിച്ചു.

സംഭവദിവസം താനും കുഞ്ഞും മാഹിൻകണ്ണിനൊപ്പം പുറത്തു പോവുകയാണെന്നു ദിവ്യ അമ്മയെ അറിയിച്ചിരുന്നു. പിന്നീട് ഇവരെ കണ്ടിട്ടില്ല. വീട്ടുകാരുടെ പരാതിയിൽ മാറനല്ലൂർ പൊലീസ് പിന്നീടു മാഹിൻകണ്ണിനെ കണ്ടെത്തിയെങ്കിലും അവർ വേളാങ്കണ്ണിയിലുണ്ടെന്നും കൂട്ടിക്കൊണ്ടുവരാമെന്നും പറഞ്ഞ് ഇയാൾ മുങ്ങി. പിന്നീടു വിദേശത്തേക്കു കടന്നു. തിരിച്ചെത്തി പൂവാറിൽ താമസമാക്കിയിട്ടും പൊലീസ് അന്വേഷിച്ചില്ല.

ദിവ്യയെയും മകളെയും കാണാതായി 2 ദിവസത്തിനു ശേഷം തമിഴ്നാട്ടിലെ കുളച്ചൽ ഭാഗത്തു രണ്ടു മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞിരുന്നു. അതും പൊലീസ് പരിശോധിച്ചില്ല. അജ്ഞാത മൃതദേഹങ്ങളുടെ ചിത്രം തമിഴ്നാട് പൊലീസ് സൂക്ഷിച്ചിരുന്നു. മാഹിൻകണ്ണ് കുറ്റസമ്മതം നടത്തിയതിനെത്തുടർന്ന് ഈ ചിത്രങ്ങൾ ദിവ്യയുടെ സഹോദരി ശരണ്യയെ കാണിച്ചു പൊലീസ് കൊലപാതകം സ്ഥിരീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com