ADVERTISEMENT

തിരുവനന്തപുരം∙ ‘അണ്ണൻ ഒരിക്കലും എന്നെയും കുട്ടിയെയും നോക്കില്ല. അണ്ണനു ഭാര്യയും മക്കളും എന്ന ചിന്ത മാത്രമാണ് ഉള്ളത്’– ജീവിത പങ്കാളിയായ മാഹിൻ കണ്ണിനെക്കുറിച്ചു മരിച്ച ദിവ്യ  നോട്ടുബുക്കിൽ കുറിച്ചത് ഇങ്ങനെ. ദിവ്യയെയും മകളെയും ഒഴിവാക്കാനാണു തമിഴ്നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി കടലിൽ തള്ളി കൊലപ്പെടുത്തിയത് എന്നാണു മാഹിൻകണ്ണ് പൊലീസിനോടു പറഞ്ഞത്. മത്സ്യക്കച്ചവടക്കാരനായ മാഹിൻ കണ്ണിനെ ചന്തയിൽവച്ചാണു ദിവ്യ  പരിചയപ്പെടുന്നത്. ഒരുമിച്ചു ജീവിക്കുന്നതിനിടെ ദിവ്യ പെൺകുഞ്ഞിനു ജൻമം നൽകി. പിന്നീടാണു മാഹിൻകണ്ണ് വിവാഹിതനാണെന്ന് അറിയുന്നതും ഇരുവരും വഴക്കിലാകുന്നതും. ദിവ്യയെ ഒഴിവാക്കാൻ ഭാര്യയുമായി കൂടിയാലോചിച്ചാണു മാഹിൻകണ്ണ് കൊലപാതകം ആസൂത്രണം ചെയ്തത്. 

‘എന്നെയും വാവച്ചിയെയും കുറിച്ച് അണ്ണൻ ചിന്തിക്കുന്നില്ല. എനിക്കും വാവയ്ക്കും എന്തെങ്കിലും സംഭവിച്ചാൽ മനു അണ്ണനാണ് (മാഹിൻകണ്ണ്) കാരണം’–ദിവ്യ നോട്ടുബുക്കിൽ എഴുതി. ഇതു കണ്ട വീട്ടുകാരുടെ സംശയം വർധിച്ചു. ദിവ്യയെ കാണാതായ 2011 ഓഗസ്റ്റ് 18നു ദിവ്യയുടെ അമ്മ രാധ ഒട്ടേറെത്തവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീടു മാഹിൻ കണ്ണാണു ഫോൺ എടുത്തത്. ഫോൺ ദിവ്യയ്ക്കു കൊടുക്കാൻ കഴിയില്ലെന്നും കുഞ്ഞിനു ഹോട്ടലിൽ ഭക്ഷണം കൊടുക്കുകയാണെന്നും മറുപടി നൽകി. 

പിന്നീടും തുടർച്ചയായി വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. രാത്രി പത്തരയോടെ സ്വിച്ച് ഓഫ് ആയ ഫോൺ അടുത്ത ദിവസം രാവിലെയാണ് ഓൺ ആക്കിയത്. നാലാം ദിവസം കുടുംബം പരാതി നൽകി. തിരോധാനത്തിൽ മാഹിൻ കണ്ണിനെ സംശയമുണ്ടെന്നു പൊലീസിനോടു പറഞ്ഞെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല.ഓട്ടോ കസ്റ്റഡിയിലെടുത്തെങ്കിലും മാഹീനെ  വിട്ടയച്ചു. ദിവ്യയെ തമിഴ്നാട്ടിൽ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണു മാഹിൻ പറഞ്ഞത്. ഇക്കാര്യം ശരിയാണോ എന്ന് അന്വേഷിക്കാൻ പൊലും പൊലീസ് തയാറായില്ല. 

അന്നേ പ്രതിയുമായി പൊലീസ് ഒത്തുകളി തുടങ്ങിയെന്നാണ് ഇപ്പോഴത്തെ അന്വേഷണ സംഘം സംശയിക്കുന്നത്. തേങ്ങാപ്പട്ടണത്താണു ദിവ്യയുടെ മൃതദേഹം കിട്ടിയത്. കുളച്ചൽ തീരദേശ പൊലീസ് സ്റ്റേഷൻ പരിധിയിലാണു മകളുടെ മൃതദേഹം കിട്ടിയത്. പുതുക്കട പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയാൽ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറും. ആദ്യം കേസ് അന്വേഷിച്ച  പൊലീസ് ഇത്തരം വിവരങ്ങൾക്കു പുറകേ പോയില്ല. 

ഒക്ടോബർ 26ന് മനോരമ പ്രസിദ്ധീകരിച്ച വാർത്ത
ഒക്ടോബർ 26ന് മനോരമ പ്രസിദ്ധീകരിച്ച വാർത്ത

അരുംകൊലയുടെചുരുളഴിച്ച് ക്രൈംബ്രാഞ്ച്

11 വർഷങ്ങൾക്ക് ശേഷമാണ് അമ്മയുടെയുംണം  മകളുടെയും മരണം കൊലപാതകമെന്നു വ്യക്തമായത്. കാണാതായവരുടെ കേസുകൾ പ്രത്യേകം അന്വേഷിക്കാൻ 2019ൽ പൊലീസ് തീരുമാനിച്ചപ്പോൾ കേസ് പ്രത്യേക സംഘം ഏറ്റെടുത്തു.ലോക്കൽ പൊലീസിൽ നിന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ്  കൊലപാതകം തെളിഞ്ഞത്. തമിഴ്നാട്ടിൽ എത്തിച്ച് കടലിൽ തള്ളിയിട്ട് കൊന്നുവെന്നാണ് പ്രതി മാഹിൻകണ്ണ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്.ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തശേഷം മാഹിൻകണ്ണിനെ ചോദ്യം ചെയ്തു. 

ദിവ്യയെയും മകളെയും തമിഴ്നാട്ടിലാക്കിയെന്നും ആത്മഹത്യ ചെയ്തോ എന്നറിയില്ലെന്നും മാഹിൻകണ്ണ് ആദ്യം പൊലീസിനോടു പറഞ്ഞു. പൊലീസ് ഫോൺ രേഖ ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയതോടെ മാഹിൻകണ്ണ് കുറ്റം സമ്മതിച്ചു. മാഹിൻകണ്ണിന്റെ ഭാര്യ റുഖിയയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്നു പൊലീസ് പറയുന്നു.കൂടുതൽപേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

  ദിവ്യയുടെ മാതാവ് രാധ.  പിതാവ് ജയചന്ദ്രൻ
ദിവ്യയുടെ മാതാവ് രാധ. പിതാവ് ജയചന്ദ്രൻ

മകളും ചെറുമകളും ഇനി ഇല്ല; ഞെട്ടിത്തളർന്ന് രാധ 

വർഷങ്ങളായി കാത്തിരുന്ന മകളും ചെറുമകളും തിരികെ എത്തില്ലെന്ന വാർത്ത വിശ്വസിക്കാനാകാതെ ക്രൈംബ്രാഞ്ച് ഓഫിസിൽ ബോധരഹിതയായി വീണ് പരാതിക്കാരിയും കൊല്ലപ്പെട്ട ദിവ്യയുടെ അമ്മയുമായ രാധ. ഇന്നലെ വൈകിട്ട് 4.30ന് ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിദ്യയെ കടലിൽ തള്ളിയിട്ട് കൊന്നതാണെന്ന പ്രതി മാഹിൻ‍ കണ്ണിന്റെ കുറ്റസമ്മതത്തിനു പിന്നാലെയാണ് രാധയെ വിളിച്ചു വരുത്തിയത്. മൊഴി രേഖപ്പെടുത്തണമെന്നാണ് അറിയിച്ചിരുന്നത്.   ഉദ്യോഗസ്ഥർ മകളും കൊച്ചുമകളും ഇനി തിരികെ വരില്ലെന്ന യാഥാർഥ്യം പൊലീസ് ഉദ്യോഗസ്ഥർ പതിയെ വെളിപ്പെടുത്തി. പറഞ്ഞു തീരും മുൻപേ അവർ ബോധരഹിതയായി കസേരയിലേക്ക് ചാഞ്ഞു. വനിതാ പൊലീസുകാർ  താങ്ങിയെടുത്താണു പുറത്തേക്കു കൊണ്ടു വന്നത്. 

 പ്രതീക്ഷയറ്റ മുഖവുമായി പൊലീസുകാരുടെ കരങ്ങളിൽ കിടക്കുന്ന രാധ കണ്ടു നിന്നവർക്കു നൊമ്പരമായി .  ഉടൻ ആംബുലൻസ് വിളിച്ചു വരുത്തി ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. സംഭവദിവസം ദിവ്യയുടെ അമ്മ രാധ ഭർത്താവിന്റെ ചിറയിൻകീഴിലെ ജോലി സ്ഥലത്തു പണം വാങ്ങാൻ പോയിരിക്കുകയായിരുന്നു. വാഹനാപകടത്തിൽ പരുക്കേറ്റ ദിവ്യയുടെ സഹോദരി ശരണ്യ മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്.

11 വർഷത്തെകാത്തിരിപ്പ് 

2011 ഓഗസ്റ്റ് 18നാണ് ദിവ്യയെയും  മകൾ ഗൗരിയേയും കാണാതാകുന്നത്. വിദ്യ ഫോണിൽ വിളിച്ചു താനും   മകളും മാഹിൻകണ്ണിനോടൊപ്പം വൈകിട്ട് പുറത്തേക്കു പോകുകയാണെന്ന് അറിയിച്ചു. വിദ്യ തിരിച്ചെത്താത്തതിനെതുടർന്നു കുടുംബം മാറനല്ലൂർ സ്റ്റേഷനിൽ പരാതി നൽകി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലുള്ള സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണു മാഹിൻകണ്ണ് പൊലീസിനോടു പറഞ്ഞത്. ഇരുവരെയും കൂട്ടിക്കൊണ്ടു വരാമെന്നു പറഞ്ഞതോടെ മാഹിൻകണ്ണിനെ പൊലീസ് വിട്ടയച്ചു.

പീന്നീട് പൊലീസ് കേസ് അന്വേഷിച്ചില്ല. വിദേശത്തേക്കു കടന്ന മാഹിൻ കണ്ണ് പിന്നീടു നാട്ടിൽ തിരിച്ചെത്തി പൂവാറിൽ സ്ഥിര താമസമാക്കി. മകളെ കാണാതായ വിഷമത്തിൽ പിതാവ് ജയചന്ദ്രൻ ആത്മഹത്യ ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com