ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാറിലെ ചില നിബന്ധനകളെക്കുറിച്ച് എൽഡിഎഫിനു വിമർശനമുണ്ടായിരുന്നുവെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. എന്നാൽ കരാറിൽ സർക്കാർ ഒപ്പുവച്ചശേഷം വിമർശിച്ചിട്ടു കാര്യമില്ല. സർക്കാർ ഒരു തുടർച്ചയാണെന്നും വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ചു തുറമുഖ വകുപ്പ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.‘ലോകത്ത് ആകെയുള്ള ചരക്ക് നീക്കത്തിന്റെ 90 ശതമാനം കടൽവഴിയാണ്. അതിൽതന്നെ 70 ശതമാനം ഇന്ത്യയ്ക്കു സമീപത്തുകൂടിയും. ഏറ്റവും തന്ത്രപ്രധാന സ്ഥലമായ വിഴിഞ്ഞത്തു തുറമുഖം യാഥാർഥ്യമാകുന്നതോടെ വലിയ സാമ്പത്തിക, തൊഴിൽ സാധ്യതകളാണു തുറക്കുക.

ഈ തലമുറയ്ക്കു വേണ്ടി മാത്രമല്ല, ഭാവി തലമുറയെക്കൂടി കണ്ടാണു പദ്ധതി വിഭാവനം ചെയ്തത്. പദ്ധതി പറഞ്ഞ സമയത്തു തീർക്കാത്തതിൽ സർക്കാർ അദാനി പോർട്സിനോടു നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ സമരം മൂലം പദ്ധതി വൈകുന്നതിൽ അവർ സർക്കാരിനോടു നഷ്ടപരിഹാരം ചോദിച്ചിരിക്കുകയാണ്. കൊടുക്കേണ്ടിവന്നാൽ നഷ്ടപ്പെടുന്നതു ജനങ്ങളുടെ പണമാണെന്നോർക്കണ’മെന്നും മന്ത്രി പറഞ്ഞു. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായി. തുറമുഖ സെക്രട്ടറി കെ.ബിജു, വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി (വിസിൽ) എംഡി കെ.ഗോപാലകൃഷ്ണൻ, കലക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. വിദഗ്ധർ പങ്കെടുത്ത സെമിനാറിൽ മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ടി.ബാലകൃഷ്ണൻ മോഡറേറ്ററായിരുന്നു.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഒരു ‘ഗെയിം ചേഞ്ചർ’ ആയിരിക്കും വിഴിഞ്ഞം തുറമുഖ പദ്ധതി. നിതി ആയോഗ് ഉൾപ്പെടെ അംഗീകരിച്ച പിപിപി മാതൃകയാണ് പിന്തുടരുന്നത്.
∙ഡോ.സന്തോഷ് സത്യപാൽ– ജനറൽ മാനേജർ, ടെക്നിക്കൽ, വിസിൽ

എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചാണു പരിസ്ഥിതി അനുമതി നേടിയത്. ദേശീയ ഹരിത ട്രൈബ്യൂണലിൽ പരാതി ചെന്നപ്പോൾ അവിടെനിന്നു നിൽദേശിച്ചതു പ്രകാരമുള്ള വിദഗ്ധ പരിശോധനകൾ വീണ്ടും നടത്തി. പരിസ്ഥിതി ആഘാത പഠന പ്രകാരം 8.55 കോടിയാണ് ഉപജീവന നഷ്ടപരിഹാരമായി കൊടുക്കേണ്ടിയിരുന്നത്. സർക്കാർ വച്ച കമ്മിറ്റി നിർദേശിച്ചത് 39 കോടിയാണ്. എന്നാൽ 99.94 കോടി രൂപ ഇതുവരെ ചെലവിട്ടു.
∙ഡോ.പ്രസാദ് കുര്യൻ– ജനറൽ മാനേജർ, എൻവയോൺമെന്റ്, വിസിൽ

ഗുരുത്വാകർഷണം, കാറ്റ് തുടങ്ങിയവയെയൊന്നും തുറമുഖ നിർമാണം ബാധിക്കുന്നില്ലെന്നാണു പഠനം തെളിയിച്ചത്. അതുകൊണ്ടു തന്നെ കടലിന്റെ ഒഴുക്കിനെയും ബാധിക്കില്ല.
∙ഡോ.പി.ചന്ദ്രമോഹൻ (ഇൻഡോമർ കോസ്റ്റൽ ഹൈഡ്രോളിക്സ് എംഡി)

കടലിലേക്ക് ആവശ്യത്തിനു മണൽ എത്തുന്നില്ലെന്ന വസ്തുതയുണ്ട്. നദികളായിരുന്നു പ്രധാന മണൽ സ്രോതസ്സ്. എന്നാൽ അണക്കെട്ടുകൾ മൂലം ഒഴുക്ക് തടസ്സപ്പെട്ടതോടെ മണൽ വരവ് കുറഞ്ഞു. ഇതു കടൽത്തീരത്തെ ബാധിച്ചിട്ടുണ്ട്.
∙പി.ആർ.രാജേഷ് (പോർട്സ് ആൻഡ് എൻജിനീയറിങ് മേധാവി, എൽആൻഡ് ടി ഇൻഫ്രാ എൻജിനീയറിങ്)

അകത്തു മാത്രം തിരകളുടെ നീക്കം പരിമിതപ്പെടുന്ന ഒരു സെഡിമെന്റ് സെല്ലിനുള്ളിലാണു വിഴിഞ്ഞം തുറമുഖ പദ്ധതി. ഇതിനകത്തുള്ള ചലനങ്ങൾ പുറത്തേക്കു ബാധിക്കില്ല.
∙ഡോ.എൽ.ഷീല നായർ (മറൈൻ ജിയോസയൻസ് ഗ്രൂപ്പ് മേധാവി, നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്)

മറ്റു തുറമുഖങ്ങളെ അപേക്ഷിച്ചു വിഴിഞ്ഞത്ത് ഡ്രജിങ് വളരെ കുറവു മതി. ഡ്രജിങ്ങിനെ ആഘാതം കുറവായിരിക്കും.
∙ഡോ.എസ്.എ.സന്നസിരാജ് (പ്രഫസർ, ഓഷ്യൻ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ്, ഐഐടി മദ്രാസ്)

തുറമുഖം ഉണ്ടെങ്കിലും ഇല്ലെങ്കിലും കടൽകയറുകയും തീരശോഷണമുണ്ടാവുകയും ചെയ്യും. തുറമുഖത്തിന് അതിനു പ്രത്യേക റോൾ ഇല്ല. ചുഴലിക്കാറ്റുകൾ വർധിച്ചതു 2002നുശേഷം തീരശോഷണത്തിനു പ്രധാന കാരണമായിട്ടുണ്ട്.
∙ഡോ.പ്രസാദ്കുമാർ ഭാസ്കരൻ (പ്രഫസർ, ഓഷൻ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ്, ഐഐടി ഖരഖ്പൂർ)

കപ്പൽ ഓടിത്തുടങ്ങിയാൽ മത്സ്യസമ്പത്തു കുറയുമെന്നതുൾപ്പെടെയുള്ള ദുഷ്പ്രചാരണം വളരെ ഉത്തരവാദിത്തപ്പെട്ട ആളുകളിൽനിന്നു പോലുമുണ്ടായി. ശാസ്ത്രീയമായി പരിശോധിച്ചാൽ ഇതൊക്കെ തെറ്റാണെന്നു കാണാം.
∙സി.വി.സുന്ദരരാജൻ (എൻവയൺമെന്റ് ഗവേണൻസ് വിദഗ്ധൻ)

വിഴിഞ്ഞത്തേത് സർക്കാർ തുറമുഖം: മന്ത്രി അഹമദ് ദേവർകോവിൽ

‘വിഴിഞ്ഞം തുറമുഖം അദാനി പോർട്ടല്ലെന്നും കേരള സർക്കാർ പോർട്ട് ആണെ’ന്നും അധ്യക്ഷത വഹിച്ച മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പദ്ധതിക്കാവശ്യമായ 7700 കോടി രൂപയിൽ 4600 കോടി രൂപയും സംസ്ഥാനമാണു മുടക്കുന്നത്. 860 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് ആയി കേന്ദ്രം തരും. ബാക്കിയുള്ള തുക മാത്രമേ നിർമാണക്കമ്പനിയായ അദാനി പോർട്സ് മുടക്കുന്നുള്ളൂവെന്നു മന്ത്രി പറഞ്ഞു.

‘മുഖ്യമന്ത്രിക്കോ, മന്ത്രിമാർക്കോ വീട്ടിൽ കൊണ്ടുപോകാനുള്ള പദ്ധതിയല്ല ഇത്. ചർച്ച നടന്നപ്പോൾ ഒരു മന്ത്രി ഈ രീതിയിൽ താഴാൻ പാടില്ലെന്ന് ഉദ്യോഗസ്ഥർ തന്നോടു പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യമാണെന്നതുകൊണ്ടാണു താൻ അതിനു മുതിർന്നത്. ഒരു വീട് നിർമിക്കാൻ, കുറ്റിവച്ച്, കല്ലുമിട്ട്, നിർമാണം പകുതി പിന്നിട്ടശേഷം അതു തടസ്സപ്പെടുത്തിയാൽ എന്തു ചെയ്യും?. തറക്കല്ലിട്ടപ്പോൾ സദ്യയുണ്ടു പോയവർ ഇപ്പോൾ എതിരെ വന്നാൽ അംഗീകരിക്കാനാകില്ലെ’ ന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com