‘അമ്മ മരിച്ചു പോയാലും മോള് വാവയ്ക്കു പണമെടുത്തു കൊടുക്കണേ’; പേരക്കുട്ടിയുടെ മരണം അറിയിക്കാതെ രാധയെ മറ്റൊരു വീട്ടിലേക്കു മാറ്റി

HIGHLIGHTS
  • മാഹിൻകണ്ണിനെതിരെ കൊലക്കുറ്റത്തിനും ഭാര്യ റുഖിയയ്ക്കെതിരെ വധഗൂഢാലോചനയ്ക്കും കേസ്
1. ദിവ്യയുടെയും മകളുടെയും കൊലപാതകക്കേസിൽ അറസ്റ്റിലായ മാഹിൻകണ്ണും ഭാര്യ റുഖിയയും, 2. ദിവ്യയും മകൾ ഗൗരിയും.
SHARE

തിരുവനന്തപുരം∙ ജീവിത പങ്കാളിയായി ഒപ്പം കഴിയുകയായിരുന്ന യുവതിയെയും അവരിൽ ഉണ്ടായ കുഞ്ഞിനെയും കടലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്നു പ്രതിയുടെയും ഭാര്യയുടെയും കുറ്റസമ്മതം. ഊരുട്ടമ്പലത്തു നിന്നു 11 വർഷം മുൻപ് കാണാതായ പൂവച്ചൽ സ്വദേശി ദിവ്യ (22), മകൾ ഗൗരി(രണ്ടര) എന്നിവരുടെ കൊലപാതകക്കേസിൽ പൂവാർ സ്വദേശി മാഹിൻകണ്ണിനെയും ഭാര്യ റുഖിയയെയും അറസ്റ്റ് ചെയ്തു.

മാഹിൻകണ്ണിനെതിരെ കൊലക്കുറ്റത്തിനും റുഖിയയ്ക്കെതിരെ വധഗൂഢാലോചനയ്ക്കുമാണു കേസ് എടുത്തതെന്നു റൂറൽ എസ്പി ഡി.ശിൽപ അറിയിച്ചു. മകളെയും കൊച്ചുമകളെയും കാണാനില്ലെന്നു ദിവ്യയുടെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഇവരെ കൊലപ്പെടുത്താനും മാഹിൻകണ്ണ് ശ്രമിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. 2011 ഓഗസ്റ്റ് 18 നാണ് ഇരുവരെയും കാണാതാകുന്നത്. വിവാഹിതനാണെന്നതുൾപ്പെടെ വിവരങ്ങൾ മറച്ചുവച്ച് ദിവ്യയ്ക്കൊപ്പം കഴിയുകയായിരുന്നു മാഹിൻകണ്ണ്. അതിനിടെ ഇയാൾക്കു വേറെ കുടുംബമുണ്ടെന്നു ദിവ്യ അറിഞ്ഞു.

തുടർന്നുണ്ടായ പ്രശ്നങ്ങളും വിവാഹം കഴിക്കണമെന്ന ദിവ്യയുടെ നിർബന്ധവും മൂലമാണു കൊലപ്പെടുത്തിയത് എന്നാണ് ഇയാളുടെ കുറ്റസമ്മതം. റുഖിയയുമായി ചേർന്നാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നു പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലെ ആളില്ലാത്തുറ എന്ന സ്ഥലത്തെത്തിച്ചു പിറകിൽ നിന്നു കടലിൽ തള്ളിയിടുകയായിരുന്നു. പ്രതിയുമായി ഒത്തുകളിച്ചു ലോക്കൽ പൊലീസ് എഴുതിത്തള്ളിയ കേസാണ് ഇപ്പോൾ ജില്ലാ ക്രൈംബ്രാഞ്ച് കൊലപാതകമെന്നു കണ്ടെത്തിയത്. വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടിയെടുത്തിട്ടില്ല.

യാത്ര പുറപ്പെട്ടത് വേളാങ്കണ്ണിയിലേക്ക് എന്ന വ്യാജേന

വേളാങ്കണ്ണിയിൽ പോകാനെന്നു പറഞ്ഞാണു സംഭവദിവസം മാഹിൻകണ്ണ് ദിവ്യയ്ക്കും മകൾക്കുമൊപ്പം ഊരുട്ടമ്പലത്തെ വാടകവീട്ടിൽ നിന്നു പുറപ്പെട്ടത്. അവിചാരിതമായി അവിടെ എത്തിയ ദിവ്യയുടെ സഹോദരി ഇതു കണ്ടിരുന്നു. അന്നു തന്നെ കൊലപാതകം നടത്തിയതായാണു പൊലീസ് നിഗമനം. രണ്ടു ദിവസത്തിനു ശേഷം ഇവരുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു. ഇതു സംബന്ധിച്ച പത്രവാർത്ത കണ്ട മാഹിൻകണ്ണ് അവിടത്തെ ആശുപത്രി മോർച്ചറിയിലെത്തി അതു ദിവ്യയും കുഞ്ഞുമാണെന്നു സ്ഥിരീകരിച്ചിരുന്നു.

ബന്ധമൊഴിയാൻ താൻ പലവട്ടം ശ്രമിച്ചെങ്കിലും ദിവ്യ സമ്മതിച്ചില്ലെന്നാണ് ഇയാൾ പൊലീസിനു നൽകിയ മൊഴി. ദിവ്യയെ ഒഴിവാക്കണമെന്നു ഭാര്യയും സമ്മർദം ചെലുത്തി. തമിഴ്നാട്ടിലേക്കു കൊണ്ടുപോയി കടലിൽ തള്ളാൻ തങ്ങൾ കൂടിയാലോചിച്ചു തീരുമാനിച്ചതാണെന്നും ഇയാൾ പറഞ്ഞു. ഇരുവരെയും റൂറൽ എസ്പി ഓഫിസിലെത്തിച്ചു ചോദ്യം ചെയ്യുന്നതിനിടെയാണു സംഭവം നടന്നു നാലാം ദിവസം ദിവ്യയുടെ അമ്മയെയും അച്ഛനെയും പൂവാറിൽ വിളിച്ചുവരുത്താൻ ഇയാൾ ശ്രമിച്ചതായി വ്യക്തമായത്. ഇവരെയും അപായപ്പെടുത്താനായിരുന്നു നീക്കമെന്നാണു സൂചന.

മകളെ കാണാനില്ലെന്നും മാഹിൻകണ്ണിനെ സംശയമുണ്ടെന്നും മാറനല്ലൂർ പൊലീസിലും പൂവാർ പൊലീസിലും ഇവർ പരാതി നൽകിയ ദിവസമായിരുന്നു ഈ നീക്കം. അന്നു രാത്രി ഇയാൾ ദിവ്യയുടെ അമ്മ രാധയെ ഫോണിൽ വിളിച്ചതിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. 10 മിനിറ്റ് സംസാരിച്ചിരുന്നു.

 ‘വാവച്ചിയെയും കൂട്ടി ദിവ്യ ചേച്ചി വരുമെന്നായിരുന്നു ഞങ്ങളെല്ലാം കരുതിയിരുന്നത്’ 

ദിവ്യയുടെ മാതാവ് രാധ. പിതാവ് ജയചന്ദ്രൻ

തിരുവനന്തപുരം ∙ ‘അമ്മ മരിച്ചു പോയാലും മോള് വാവയ്ക്കു പണമെടുത്തു കൊടുക്കണേ’– ദിവ്യയുടെ മകൾ ഗൗരിയുടെ പേരിൽ  അടച്ചു കൊണ്ടിരിക്കുന്ന ഇൻഷുറൻസിന്റെ പ്രീമിയം അടച്ച ശേഷം ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് പോകുന്നതിനു മുൻപ് രാധ ഇളയ മകൾ ശരണ്യയെ വിളിച്ചു പറഞ്ഞു. ഊരൂട്ടമ്പലത്തു നിന്ന് 11 വർഷം മുൻപു ക‍ാണാതായ ദിവ്യയുടെ അമ്മയാണ് പൂ‍വച്ചൽ വേങ്ങവിള  പുത്തൻവീട്ടിൽ രാധ. ദിവ്യയെയും മകൾ ഗൗരിയെയും കൊലപ്പെടുത്തിയെന്ന് ദിവ്യയുടെ പങ്കാളി മാഹിൻകണ്ണ് വെളിപ്പെടുത്തിയത് തിങ്കളാഴ്ചയാണ്. ആ വിവരം പറയാനാണ് ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് രാധയെ അന്വേഷണോദ്യോഗസ്ഥർ വിളിച്ചു വരുത്തിയത്.

‘വാവച്ചിയെയും (ഗൗരി) കൂട്ടി ഒരു ദിവസം ദിവ്യ ചേച്ചി വീട്ടിലേക്കു കയറി വരുമെന്നായിരുന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് ആ വിവരം അറിയുന്നതു വരെ ‍ഞങ്ങളെല്ലാം കരുതിയിരുന്നത്–’ ദിവ്യയുടെ അനുജത്തി ആർ.ജെ.ശരണ്യ പറയുന്നു. ദിവ്യയുടെ മരണം അറിഞ്ഞു തളർന്നു വീണ രാധയെ പേരക്കുട്ടിയുടെ മരണം അറിയിക്കാതെ മറ്റൊരു വീട്ടിലേക്കു മാറ്റിയിരിക്കുകയാണ്. ദിവ്യയുടെ തിരോധാന കേസിൽ രാധയും കുടുംബവും നടത്തിയ പോരാട്ടത്തെക്കുറിച്ച് ശരണ്യ പറയുന്നു: ‘വേളാങ്കണ്ണിയിലേക്കെന്നു പറഞ്ഞാണ് മാഹിനൊപ്പം വാവച്ചിയെയും കൂട്ടി ചേച്ചി  പോയത്. മൂന്നു ദിവസം കഴിഞ്ഞും വീട്ടിലെത്തിയില്ല.

അതോടെ അമ്മയും അച്ഛനും (ജയചന്ദ്രൻ) മാറനല്ലൂർ പൊലീസിൽ പരാതി നൽകി. മാഹീൻ പൂവാർ സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെയും പരാതി നൽകാൻ അവർ നിർദേശിച്ചു. അവിടേക്കു പോകുന്ന വഴി അമ്മ മാഹ‍ീനെ കണ്ടിരുന്നു. പൂവാർ സ്റ്റേഷനിൽ ഇക്കാര്യം പറഞ്ഞപ്പോൾ അവർ മാഹിനെ വിളിച്ചു വരുത്തി. ഭാര്യയെയും കുടുംബത്തെയും ചില രാഷ്ട്രീയക്കാരെയും കൂട്ടിയാണ് മാഹ‍ിൻ എത്തിയത്. ദിവ്യയെ മൂന്നു ദിവസത്തിനുള്ളിൽ ഹാജരാക്കാമെന്ന് എഴുതി വച്ച് അവർ പോയി. മൂന്നു ദിവസം കഴിഞ്ഞ് അമ്മയും അച്ഛനും സ്റ്റേഷനിലെത്തി. പക്ഷേ, മാഹീൻ എത്തിയില്ല.

‘നിങ്ങൾ ഇങ്ങനെ ഇവിടെ കയറിയിറങ്ങേണ്ട, മാഹിൻ എത്തുമ്പോൾ അറിയിച്ചോളാം’– വീണ്ടും സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാർ പറഞ്ഞു. അതിനിടയിൽ, മാറനല്ലൂർ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനോടൊപ്പം അന്വേഷണത്തിന് അച്ഛനും അമ്മയും വേളാങ്കണ്ണിയിൽ പോയി. ഒരു തുമ്പും കിട്ടിയില്ല. കുറെ പണം അതിന്റെ പേരിൽ ചെലവായി. പൊലീസുകാർ മാഹിനെ വിളിച്ച് ചോദ്യം ചെയ്തില്ല. അന്വേഷണത്തിനു പോയ പൊലീസുകാരൻ പലതവണയായി പത്രത്തിൽ പരസ്യം നൽകാനെന്ന പേരിലും മറ്റും എന്റെ വീട്ടുകാരിൽ നിന്നു പണം വാങ്ങിയിട്ടുണ്ട്.

ജോലിക്കിടയിൽ വീണ് അച്ഛന് നടുവിന് പരുക്കേറ്റു കിടപ്പിലായതോടെ കേസിനു പിന്നാലെ പോകാൻ ആരുമുണ്ടായില്ല. 2019 ൽ, മാറനല്ലൂർ സ്റ്റേഷനിൽ പുതിയതായി എത്തിയ സന്തോഷ് എന്ന ഉദ്യോഗസ്ഥൻ കേസിൽ വീണ്ടും അന്വേഷണം തുടങ്ങി. അദ്ദേഹം അച്ഛനും അമ്മയും വിള‍ിച്ചു വിവരങ്ങൾ ശേഖരിച്ചു. മാഹിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ, ദിവ്യയെ ബാലരാമപുരത്ത് ഇറക്കിവിട്ടു എന്നായിരുന്നു മറുപടി. പിന്നീട് അയാൾ പൊലീസ‍ിനെതിരെയും ഞങ്ങൾക്കെതിരെയും മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി. പിന്നെയും കുറെക്കാലം കേസ് അനങ്ങിയില്ല.

കുറച്ചു മാസം മുൻപാണ് റൂറൽ എസ്പിയുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ.ജോൺസൺ അന്വേഷണം തുടങ്ങിയത്. ഞങ്ങളുടെ മൊഴിയിൽ പറഞ്ഞ സംശയമുള്ള എല്ലാവരുടെയും വിവരങ്ങൾ അദ്ദേഹം എടുത്ത് അന്വേഷണം നടത്തിയതോടെയാണ് മാഹിൻ കുറ്റസമ്മതം നടത്തിയത്. ഞാൻ മരിച്ചാലെങ്കിലും അവൾ കാണാൻ വരുമോ എന്ന് അച്ഛൻ പറയാറുണ്ടായിരുന്നു. അതിനു ശേഷമാണ് അച്ഛൻ ജീവനൊടുക്കിയത്–’ ശരണ്യ പറഞ്ഞു. മാഹിന് നിയമത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്നാണ് ശരണ്യയുടെയും കുടുംബത്തിന്റെയും ആഗ്രഹം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS