ADVERTISEMENT

കാട്ടാക്കട ∙ കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ കുട്ടിയാനയുടെ കടിയേറ്റ് പാപ്പാന്റെ വിരലുകൾ അറ്റു. പാപ്പാൻ പുഷ്കരൻ പിള്ളയുടെ ഒരു വിരൽ പൂർണമായി അറ്റുപോയി. മറ്റൊരു വിരലിനു കടിയേറ്റ് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. രണ്ട് മാസം മുൻപ് തള്ളയാന ചരിഞ്ഞതിനെത്തുടർന്നു കോട്ടൂർ വനത്തിൽ നിന്നും ആന പരിപാലന കേന്ദ്രത്തിലെത്തിച്ച ആരണ്യ എന്ന കുട്ടിയാനയ്ക്ക് മരുന്ന് കൊടുക്കുന്നതിന് ഇടെയാണ് പാപ്പാൻ പുഷ്കരൻ പിള്ളയ്ക്ക് കടിയേറ്റത്.

മരുന്ന് നൽകുന്നതിനിടെ കുട്ടിയാന ഇടത് കയ്യിലെ മോതിര വിരൽ പൂർണമായി കടിച്ചെടുത്തു.തൊട്ടടുത്ത വിരലിനു ഗുരുതര പരുക്കേറ്റു. മരുന്ന് നൽകുന്നതിനിടെ കൂടിനു സമീപം ഉണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം സ്റ്റാർട്ട് ചെയ്തതോടെ കുട്ടിയാന കയ്യിൽ കടിക്കുകയായിരുന്നു എന്ന് ചികിത്സയിലുള്ള പുഷ്കരൻ പിള്ള പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു വിരൽ തുന്നി ചേർക്കാൻ കഴിയാത്ത വിധം ചതഞ്ഞു വേർപെട്ട നിലയിലായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഇന്നലെ ഉച്ചയോടെ ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

കേന്ദ്രത്തിൽ മരുന്ന് നൽകാനും മറ്റുമായി ഡോക്ടർക്ക് പുറമേ 2 അസിസ്റ്റന്റുമാരുണ്ട്. എന്നാൽ ഇവരൊക്കെ പാപ്പാൻമാരെ മരുന്ന് ഏൽപിച്ച് കയ്യൊഴിയുകയാണ് പതിവ്. കേന്ദ്രത്തിൽ പരുക്കേറ്റ കുട്ടിയാനയ്ക്ക് യഥാസമയം ചികിത്സ നൽകാത്തതും മരുന്ന് വാങ്ങുന്നതിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയതും അടുത്തിടെയാണ്. ഇത് സംബന്ധിച്ച അന്വേഷണങ്ങളിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്ന് പ്രാഥമികമായി അന്വേഷണ സംഘം കണ്ടെത്തിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ആനകളുടെ ആരോഗ്യം ഉറപ്പാക്കാനും നിരീക്ഷിക്കാനും ഉത്തരവാദപ്പെട്ടവർ ഇതിനു തയാറാകുന്നില്ലെന്ന് പാപ്പാൻമാർ ഉൾപ്പെടെ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇതിനിടെയാണ് മരുന്ന് നൽകിയ പാപ്പാനു കടിയേറ്റ് വിരൽ നഷ്ടമായത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com