തിരുവനന്തപുരം∙ തലസ്ഥാനത്ത് വീണ്ടും പെൺകുട്ടികൾക്ക് നേരെ അതിക്രമം. കവടിയാറിൽ സിവിൽ സർവീസ് കോച്ചിങ് ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന പെൺകുട്ടികളെ ബൈക്കിലെത്തിയ യുവാവ് കടന്നു പിടിച്ചു. നാലു ദിവസം മുൻപ് നടന്ന സംഭവത്തിന്റെ സിസിടിവി ദ്യശ്യങ്ങൾ പുറത്തുവന്നു.
മ്യൂസിയത്ത് പ്രഭാതസവാരിക്കിടയിൽ വനിതാ ഡോക്ടറെ ആക്രമിച്ചതിന്റെയും വഞ്ചിയൂരിൽ കേന്ദ്രസർക്കാർ ജീവനക്കാരിയെ കടന്നു പിടിച്ചതിന്റെയും ഞെട്ടൽ മാറുന്നതിന് മുൻപാണ് പുതിയ സംഭവം. കവടിയാർ പണ്ഡിറ്റ് കോളനിക്കു സമീപം യുവധാരാ ലെയ്നിലാണ് അക്രമം നടന്നത്. ബൈക്കിലെത്തിയ ആൾ വണ്ടി ഒതുക്കിയ ശേഷമാണ് കുട്ടികളെ കയ്യേറം ചെയ്തത്.
രാത്രി ഒൻപതോടെയായിരുന്നു സംഭവം. വാഹനത്തിൽ എത്തിയ അക്രമി ആദ്യം ബൈക്ക് ഒതുക്കി നിർത്തുന്നതും പിന്നീട് പതിയെ വാഹനം എടുത്ത് പെൺകുട്ടികളെ പിന്തുടരുന്നതും സിസിടിവി ദ്യശ്യങ്ങളിൽ കാണാം. അന്നു തന്നെ അതിക്രമത്തിന് ഇരയായവർ മ്യൂസിയം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നു പൊലീസ് അറിയിച്ചു.
ലഭിച്ച സിസിടിവി ദ്യശ്യങ്ങൾ വ്യക്തതയില്ലാത്തതാണ്. വാഹനത്തിന്റെ നമ്പറും വ്യക്തമല്ലെന്നാണ് പൊലീസ് ഭാഷ്യം. അന്വേഷണം പുരോഗമിക്കുന്നതായും പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും മ്യൂസിയം പൊലീസ് അറിയിച്ചു.