ചിറയിൻകീഴ്∙ ജ്വല്ലറികളിൽ പാർട്ണർഷിപ്പ് നൽകാമെന്ന വാക്കിൽ ആൾക്കാരിൽനിന്നു കോടികൾ പിരിച്ചെടുത്ത കടയ്ക്കാവൂർ സ്വദേശിനിയായ സ്ത്രീ പൊലീസ് പിടിയിൽ. കടയ്ക്കാവൂർ നിലയ്ക്കാമുക്കിനു സമീപം അമൃതംകുഴിയിൽ വീട്ടിൽ ബേബി(41)യെയാണു കടയ്ക്കാവൂർ പൊലീസ് അറസ്റ്റുചെയ്തത്.
ആറ്റിങ്ങൽ,കല്ലമ്പലം,ചിറയിൻകീഴ് പ്രദേശത്തെ ജ്വല്ലറികളിൽ പാർട്നറായും ഷെയർഹോൾഡേഴ്സായും ചേർക്കാമെന്നു പറഞ്ഞാണു ഒട്ടേറെപ്പേരിൽ നിന്നും കോടികൾ പിരിച്ചെടുത്തതെന്നു കടയ്ക്കാവൂർ പൊലീസ് അറിയിച്ചു. മണനാക്ക് മലവിളപൊയ്ക കൂട്ടിക്കട വീട്ടിൽ മനോജ്(48) പൊലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു അറസ്റ്റുണ്ടായത്. പരാതിക്കാരന്റെ ഭാര്യയുമായി പ്രതിയായ ബേബിയ്ക്കുള്ള സൗഹൃദം മുതലെടുത്തു മനോജിനും ഭാര്യയ്ക്കും പ്രമുഖ ജ്വല്ലറികളിൽ ഷെയർ വാങ്ങിക്കൊടുക്കാമെന്നറിയിച്ചു പണം വാങ്ങുകയും മാസങ്ങൾ കഴിഞ്ഞിട്ടും കൊടുത്ത പണത്തിനു സർട്ടിഫിക്കറ്റുകളോ മറ്റു രേഖകളോ നൽകാതെ വന്നപ്പോഴാണു ഇരുവരും പരാതിയുമായി പൊലീസിനെ സമീപിച്ചത്.
സാമ്പത്തിക തട്ടിപ്പുകേസിൽ യുവതിയെ പൊലിസ് അറസ്റ്റുചെയ്തതറിഞ്ഞു വിവിധ സ്ഥലങ്ങളിൽ നിന്നു ഒട്ടേറെപ്പേർ പരാതികളുമായി കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ എത്തുന്നതായും എസ്ഐ ദീപു.എസ്.എസ് അറിയിച്ചു. കേസിൽ മറ്റു ചിലർക്കു പങ്കുള്ളതായും ഇടപാടുകളുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ പ്രത്യേക പൊലീസ് സംഘം അന്വേഷിച്ചുവരുന്നതായും കടയ്ക്കാവൂർ പൊലീസ് എസ്എച്ച്ഒ വി.അജേഷ് പറഞ്ഞു. ബേബിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.