ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും അടിച്ചമർത്തൽ നീക്കം ഉപേക്ഷിക്കണമെന്നും മുതിർന്ന മാധ്യമ പ്രവർത്തകരും ജനപ്രതിനിധികളും എഴുത്തുകാരും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടുന്ന കൂട്ടായ്മ ആവശ്യപ്പെട്ടു.

തുറമുഖ കവാടത്തിൽ സമാധാനപരമായി സത്യഗ്രഹ സമരം നടക്കുന്നതിനിടെ സംസ്ഥാന സർക്കാർ പിന്തുണയോടെ അദാനി ഗ്രൂ‍പ്പ് പ്രത്യേകം ഏർപ്പാടാക്കിയ സ്വകാര്യ സംഘങ്ങൾ തീരദേശത്തെ സമാധാന ജീവിതം തകർക്കാനും ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ വർഗീയ മുദ്ര ചാർത്തി കടന്നാക്രമി‍ക്കാനും ശ്രമിക്കുകയാണെന്നു ഇവർ ആരോപിച്ചു.

സംഘർഷം തടയാൻ ഫലപ്രദമായി ഇടപെടുന്നതിനു പകരം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. സമൂഹത്തിൽ ദീർഘകാലമായി പ്രവർത്തിക്കുന്നവരെ രാജ്യദ്രോഹികളും ഗൂഢാലോച‍നക്കാരുമായി ചിത്രീകരിച്ച് അപമാനിക്കുന്ന‍തിനെ ശക്തമായി അപലപിക്കുന്നുവെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

ആഘാതപഠന കാലത്ത് പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടതാണ് എന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും ഡോ.ബി.ആർ.പി.ഭാസ്കർ, കെ.ജി.ശങ്കരപ്പിള്ള, എം.കെ.മുനീർ എംഎൽഎ, കെ.അജിത, എം.എൻ.കാര‍ശ്ശേരി, ഇ.പി.രാമകൃഷ്ണൻ, ബി.രാജീവൻ തുടങ്ങി 114 പേർ ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു.

സംഘർഷം: നാടകം പുറത്തായെന്ന് യൂജിൻ എച്ച്. പെരേര

വിഴിഞ്ഞം സംഘർഷത്തിൽ സർക്കാർ സൃഷ്ടിച്ച തിരക്കഥ പുറത്തായെന്നും കഴിഞ്ഞ ദിവസങ്ങളിലെ നാടകീയ നീക്കങ്ങൾ ഇതു കൂടുതൽ വ്യക്തമാക്കുന്നു‍വെന്നും വിഴിഞ്ഞം തുറമുഖ നിർമാണ വിരുദ്ധ സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്. പെരേര. മത്സ്യത്തൊഴിലാളികളെ അടിച്ചൊതുക്കാൻ നടത്തിയ നാടകമ‍ായിരുന്നു സംഘർഷം.

കാൽനടയാത്രക്കാരായ 2 യുവാക്കളെ ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് തുടക്കം. സ്റ്റേഷനിൽ ചെന്നപ്പോഴാണ് ഇതിലൊരാൾ ജനപ്രതിനിധിയാ‍ണെന്ന് അറിയുന്നത്. ഒരാളെ കസ്റ്റഡിയിൽ വയ്ക്കണമെന്നു പൊലീസ് നിർബന്ധം പിടിച്ചു. നേരത്തെ,വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചേർത്തു കേസെടുത്ത‍വരിൽ ഇദ്ദേഹം ഉൾപ്പെട്ടിരുന്നില്ല.

ജാമ്യത്തിൽ വിടാമെന്നു സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞെങ്കിലും പിന്നീട് വന്ന നിർദേശത്തെ തുടർന്ന് അതിനു കഴിഞ്ഞില്ല. ഇതെത്തുടർന്നു മത്സ്യത്തൊഴിലാളികളുടെ സ്വാഭാവിക പ്രതികരണം ഉണ്ടായി. അതിൽ ദുഃഖമുണ്ട്. വിഴിഞ്ഞ‍ത്തെ സംഭവങ്ങളെ‍ക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം.

വിഴിഞ്ഞം വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നു നീതിപൂർവമായ തീരുമാനമുണ്ടാകു‍മെന്നു പ്രതീക്ഷിക്കുന്നു. കേന്ദ്രസേനയെ വിളിക്കണമെന്നു പറയുമ്പോൾ ക്രമസമാധാനം ഉറപ്പാക്കാൻ കേരള പൊലീസ് പരാജയപ്പെട്ടെന്നു കൂടി സമ്മതിക്കുക‍യാണെന്നും മോൺ. യൂജിൻ എച്ച്. പെരേര പറഞ്ഞു.

ബാഹ്യ ഇടപെടലില്ല: മന്ത്രി ആന്റണി രാജു

വിഴിഞ്ഞം സംഘർഷത്തിൽ ബാഹ്യ ഇടപെടലുണ്ടെന്നു കരുതുന്നില്ലെന്നും അങ്ങനെയൊരു വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഗൂഢാലോച‍നയും ബാഹ്യ ഇടപെടലും ഉണ്ടെന്നു മറ്റു മന്ത്രിമാരും ഇടതു നേതാക്കളും ആരോപിക്കു‍മ്പോഴാണ് ആന്റണി രാജുവിന്റെ വേറിട്ട നിലപാട്. വിഴിഞ്ഞം വിഷയത്തിൽ തീവ്രവാദ‍ബന്ധം ആരോപിച്ച് സിപിഎം മുഖപത്രത്തിൽ 9 പേരുടെ ചിത്രവും വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. ഇതിലൊരു ചിത്രം ആന്റണി രാജുവിന്റെ സഹോദരനും തീരഗവേഷക‍നുമായ എ.ജെ.വിജയന്റേതാണ്. 

ഇടതു സർക്കാർ മോദിക്കു പഠിക്കുന്നു: എ.ജെ. വിജയൻ

സമരത്തിൽ തീവ്രവാദ ബന്ധം ആരോപിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ദൗർബല്യം കൊണ്ടാണെന്നു മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ എ.ജെ.വിജയൻ പറഞ്ഞു. ഇടതു സർക്കാർ മോദിക്കു പഠിക്കുകയാണ്. കർഷക സമരത്തോട് മോദി സർക്കാർ ചെയ്തതാണ് വിഴിഞ്ഞം സമരത്തോട് പിണറായി സർക്കാർ ചെയ്യുന്നത്.

തീവ്രവാദി‍യെന്നു വിളിച്ചാലും സമരത്തിൽനിന്നു പിന്നാക്കം പോകില്ല. മന്ത്രിയുടെ സഹോദരൻ എന്ന പരിഗണന വേണ്ട; ഇത് കുടുംബപ്ര‍ശ്നമല്ല. ആന്റണി രാജു യുഡിഎഫിലായിരുന്നപ്പോഴും എൽഡി‍എഫിലായിരുന്നപ്പോഴും ഞാൻ വിഴിഞ്ഞം പദ്ധതിക്ക് എതിരായി‍രുന്നു. – വിജയൻ പറഞ്ഞു.

വിഴിഞ്ഞം സമരവും ഗവർണറുടെ നിലപാടുകളും മുൻനിർത്തി കോൺഗ്രസും ബിജെപിയും സർക്കാരിനെതിരെ നടത്തി വരുന്ന പ്രചാരണ–പ്രക്ഷോഭങ്ങൾക്കെതിരെ ബദൽ പ്രചാരണം സംഘടിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എൽഡിഎഫിൽ കൂടി ആലോചിച്ച് വിശദാംശങ്ങൾ പ്രഖ്യാപിക്കും. വിഴിഞ്ഞം സമരത്തിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തി തുറന്നു കാട്ടണമെന്ന് സർക്കാരിനോടു പാർട്ടി ആവശ്യപ്പെട്ടു.

സമരത്തിന്റെ പേരിൽ കലാപം അഴിച്ചു വിടുന്നവർക്ക് ഗൂഢ ഉദ്ദേശ്യമുണ്ടെന്നു സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സമരം തുടർന്നാലും ഇല്ലെങ്കിലും പദ്ധതി പൂർത്തിയാക്കുക തന്നെ ചെയ്യും. പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കില്ല.

ഇപ്പോൾ നടക്കുന്നത് കലാപ നീക്കമാണ്. മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചു. താനുമായി തന്നെ രണ്ടു വട്ടം ചർച്ച നടത്തി. ചർച്ചകൾ നടക്കുമ്പോൾ തീരുന്ന നിലയാണ് അവർ പ്രകടിപ്പിക്കുന്നത്. പുറത്തു പോകുമ്പോൾ ആ സമീപനം മാറുന്നു. സമരം തീർക്കാൻ സമ്മതിക്കാത്ത ചില ശക്തികൾ അവരുടെ ഭാഗമായി ഉണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. അവരെ നേരിടുക ചെയ്യും. ആരാണോ കുറ്റം ചെയ്തത് അവർക്കെല്ലാം എതിരെ കേസെടുക്കും. 

അറസ്റ്റ് ചെയ്യേണ്ടവരെ എല്ലാം അറസ്റ്റ് ചെയ്യും. അതു വൈദികനാണോ അല്ലയോ എന്നു നോക്കിയിട്ട് ആകില്ല. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്തിട്ടാകും. പൊലീസ് സ്റ്റേഷൻ ആക്രമണം യാദൃച്ഛികം അല്ല. സ്റ്റേഷൻ കത്തിക്കുമെന്നാണ് ഒരാൾ നേരത്തെ പ്രസംഗിച്ചത്. അങ്ങേയറ്റം സംയമനത്തോടെ ആണ് പൊലീസ് കൈകാര്യം ചെയ്യുന്നത്.

തുറമുഖ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസേന വന്നാൽ അതിനെ എൽഡിഎഫ് എതിർക്കില്ല. വ്യവസായ സംരക്ഷണത്തിനായി കേരളത്തിൽ പലയിടത്തും കേന്ദ്രസേന ഉണ്ട്. എന്നാൽ ക്രമമസമാധാന പാലനം അവരുടെ ജോലി അല്ല.ക്രമസമാധാനപാലനത്തിന് സർക്കാരിന് സമയമില്ലെന്നാണ് ഗവർണറെ പോലെ ഒരാൾ ആരോപിക്കുന്നത്.

അതു വച്ച് സർക്കാരിനെ പിരിച്ചുവിടുമെന്നു ഭീഷണിപ്പെടുത്തുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ആ ഓലപ്പാമ്പ് ഒന്നും ഇങ്ങോട്ട് വേണ്ട. വിമോചന സമരം നടത്തിക്കളയും എന്നാണ് കെപിസിസി പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്നത്. ഇവർ രണ്ടും ഒരേ തൂവൽ പക്ഷികളാണ്. ഇവരുടെ യോജിച്ചുള്ള നീക്കങ്ങളെയും മത്സ്യത്തൊഴിലാളികളെ മറയാക്കി ചില വൈദികർ നടത്തുന്ന കലാപത്തെയും തുറന്നുകാട്ടും.

ഫാ. തിയഡോഷ്യസിന്റെ പരാമർശം  നാക്കുപിഴയല്ല 

മന്ത്രി വി.അബ്ദു റഹിമാനെതിരെ ഫാ. തിയഡോഷ്യസ് നടത്തിയ പരാമർശം നാക്കുപിഴ അല്ലെന്നും വർഗീയതയുടെ അങ്ങേയറ്റം ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആ വൈദികൻ അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ മാന്യതയ്ക്കു പോലും വില കൽപ്പിച്ചില്ല. മനുഷ്യന്റെ പേരു നോക്കി വർഗീയത തീരുമാനിക്കുന്ന നിലപാട് അദ്ദേഹത്തിനു തന്നെയാണ് ചേരുന്നത്. തന്റെ വികൃതമായ മനസ്സ് അദ്ദേഹം അതിലൂടെ വിളിച്ചോതി. അദ്ദേഹത്തിന്റെ സാംസ്കാരിക അവബോധം അതിൽ നിന്നു വ്യക്തമാകുമെന്നും ഗോവിന്ദൻ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com