നെയ്യാറ്റിൻകര ∙ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിനിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിക്കാൻ ശ്രമം. പിടിച്ചുപറി ശ്രമത്തിനിടെ മർദനമേറ്റ വിദ്യാർഥിനി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നെയ്യാറ്റിൻകര തൊഴുക്കലിൽ മിനിയാന്ന് വൈകിട്ട് ഏഴരയോടെ ആണ് സംഭവം.തൊഴുക്കൽ ജംക്‌ഷനിൽ നിന്ന് ചെമ്പരത്തിവിള റോഡ് വഴി നടന്ന് പുളിമൂട്ടിൽ എത്തിയപ്പോഴാണ് പിടിച്ചുപറി ശ്രമമുണ്ടായതെന്നു രക്ഷിതാക്കൾ
പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു 3 അംഗ പ്ലസ് വൺ വിദ്യാർഥിനികൾക്ക് നേരേയായിരുന്നു ആക്രമണം. ബൈക്കിൽ പിന്നിൽ ഇരുന്ന ആളാണ് വിദ്യാർഥിനിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്.കുട്ടികൾ നടന്നുപോകുന്ന വഴിയിൽ ഒട്ടേറെ പേരുണ്ടായിരുന്നെങ്കിലും കള്ളന്മാരെ പിടികൂടാനായില്ല. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിനെ ചുവടു പിടിച്ച് നെയ്യാറ്റിൻകര പൊലീസ് അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് 2 പേർ കസ്റ്റഡിയിൽ ഉള്ളതായി സൂചനയുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.