പ്രോസിക്യൂട്ടർ ആയല്ല ഒരു ഭാരതീയൻ ആയാണ് കേസ് വാദിച്ചത്; മോഹൻരാജ്

sister
വിദേശവനിതയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ ചിതയിലെരിയുമ്പോൾ അരികിൽ സഹോദരി
SHARE

തിരുവനന്തപുരം∙ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട, തെളിയിക്കാൻ ഏറെ വെല്ലുവിളികളുണ്ടായ കേസിലാണ് കോടതി വിധി പറഞ്ഞത്. പ്രത്യക്ഷ തെളിവുകൾ ഒന്നുംതന്നെ ലഭിക്കാതിരുന്ന കൊലപാതകത്തിൽ സാഹചര്യത്തെളിവുകളെ ആസ്പദമാക്കിയാണ് പൊലീസ് മുന്നോട്ടു നീങ്ങിയതും തെളിവുകൾ കണ്ടെത്തിയതും കോടതിയിൽ വിജയം നേടിയതും. ലഹരിമരുന്നു നൽകിയുള്ള പീഡനം, കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിവയെല്ലാം ശാസ്ത്രീയായി പൊലീസിനും പ്രൊസിക്യൂഷനും തെളിയിക്കാനായി. കൊല നടന്ന് 38 ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. 

മൃതശരീരം ജീർണിച്ചതിനാൽ പ്രതികളിലേക്കു നയിക്കുന്ന പല സുപ്രധാന തെളിവുകളും നഷ്ടമായി. സാഹചര്യത്തെളിവുകൾ വച്ചാണ് പൊലീസ് മുന്നോട്ടു നീങ്ങിയത്. 30 സാക്ഷികളെ കണ്ടെത്തി വിസ്തരിച്ചു. ഇതിൽ രണ്ടുപേർ കൂറുമാറി. കേസിലെ കെമിക്കൽ എക്സാമിനർ കൂറുമാറിയത് ഒരു ഘട്ടത്തിൽ തിരിച്ചടിയായി. പക്ഷേ ശാസ്ത്രീയമായ കണ്ടെത്തലുകളും നിഗമനങ്ങളും  തെളിവുകളായി എത്തിയതോടെ പ്രതിഭാഗത്തിന് നീതിപീഠത്തിന് മുന്നിൽ നിൽക്കക്കള്ളിയില്ലാതെ വന്നു.  കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയമായി കണ്ടെത്തിയ വസ്തുതകളും തെളിയിക്കാനായതാണ് വിജയമായതെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ് പറഞ്ഞു.

sanil-and-mohan
1- അ​ഡീഷനൽ സെൻസ് ജഡ്ജ് കെ.സനിൽകുമാർ 2- സ്പെഷൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ്

യുവതിയുടെ മൃതദേഹം കണ്ടെത്തിയ കണ്ടലും പൊന്തക്കാടുകളും നിറഞ്ഞ വാഴമുട്ടം, കൂനംതുരുത്ത് പ്രദേശം പുറത്തുനിന്നുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഇടമായിരുന്നില്ല. നാട്ടുകാർ പോലും വിരളമായി കടന്നു ചെല്ലുന്ന ഇടം. 12 ഏക്കറോളം വരുന്ന വിജനമായ ഈ പ്രദേശം നന്നായി അറിയുന്നവർ മാത്രമേ ധൈര്യപൂർവം അങ്ങോട്ട് കടക്കാറുള്ളൂ. യുവതിയെ ഇവിടെ എത്തിച്ചവർ ഇവിടം പരിചയമുള്ളവരാണെന്ന് പൊലീസ് കണ്ടെത്തി. ആ വാദത്തെ പ്രതിരോധിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ല. ഇതോടൊപ്പം ശക്തമായ 18 സാഹചര്യത്തെളിവുകളും കോടതിക്കു മുന്നിൽ വച്ചു.

ഇവയെല്ലാം തന്നെ ഒന്നൊന്നായി ശക്തവും വിശ്വാസയോഗ്യവുമായി അവതരിപ്പിക്കാനും സാധിച്ചു. ഇതോടെ പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും  കോടതി പൂർണമായും ശരി വയ്ക്കുകയും ചെയ്തു. പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണം വിചാരണ ഘട്ടത്തിൽ യുവതിയുടേതു മുങ്ങിമരണമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും പാടെ പൊളിച്ചടക്കി. പീഡനം തെളിയിക്കുന്നതിനുള്ള തെളിവുകൾ കണ്ടെത്തുന്നതിനായി മൃതദേഹം കിടന്ന സ്ഥലത്ത് ഇഞ്ചോടിഞ്ച് പരിശോധയും നടത്തി. തുടക്കത്തിൽ മൃതദേഹത്തിൽ യുവതിയുടെ അടിവസ്ത്രം ഉണ്ടായിരുന്നു. പിന്നീടത് അപ്രത്യക്ഷമായി.

അന്വേഷണത്തിൽ പിന്നീടതു കണ്ടെത്തി. മൃതശരീരത്തിൽ സ്വകാര്യഭാഗങ്ങളിലും തുടകളിലും മുറിവുകളുണ്ടായിരുന്നുവെന്നും പിന്നീട് തെളിയിക്കാനായി. പോസ്റ്റ്മോർട്ടം നടത്തിയ തിരുവനന്തപുരം തിരുവനന്തപുരം മെഡിക്കൽ കോളജിലെ മുൻ ഫൊറൻ‍സിക് മേധാവിയും പൊലീസ് സർജനുമായ ഡോ. ശശികലയുടെ റിപ്പോർട്ടും ഇക്കാര്യം ശരിവച്ചു. മുങ്ങി മരണമല്ലെന്നും യുവതിയുടെ കഴുത്തിൽ ഞെക്കിപ്പിടിച്ച പാടുകളും മുറിവുകളും ഉണ്ടെന്ന ശശികലയുടെ റിപ്പോർട്ടും കേസിൽ നിർണായകമായി. അടിവസ്ത്രത്തിന്റെ ജോടികളിലൊന്ന് യുവതിയുടെ സഹോദരിക്കു ഹാജരാക്കാനായത് നിർണായകനീക്കമായി.

ഇന്ത്യയിലേക്ക് വരുംമുൻപ് വാങ്ങിയതായിരുന്നു ഇത്. ഒരാളുടെ അടിവസ്ത്രം സഹോദരിയാണെങ്കിൽപ്പോലും മറ്റൊരാൾക്ക് തിരിച്ചറിയാനാകുമോ എന്ന പ്രതിഭാഗത്തിന്റെ വാദവും നിലനിന്നില്ല. മൃതശരീരത്തിൽ നിന്ന് ഒരു ഷൂസും ലഭിച്ചിരുന്നു. ഇതും യുവതിയേതാണെന്ന് സഹോദരി തിരിച്ചറിഞ്ഞു.കേസിന്റെ വിചാരണാഘട്ടത്തിലുടനീളം വിദേശത്തു നിന്നെത്തി തന്റെ സഹോദരിയ്ക്കു നീതി കിട്ടുന്നതിനായി പോരാടിയ അവരുടെ ഉദ്ദേശ്യശുദ്ധി കോടതി തിരിച്ചറിയുകയായിരുന്നുവെന്ന് മോഹൻരാജ് പറഞ്ഞു. അടുപ്പത്തിൽ കഴിയുന്ന രണ്ടുപേർക്ക് വസ്ത്രങ്ങൾ തിരിച്ചറിയുന്നതിന് തടസ്സമില്ല. സഹോദരിമാർ തമ്മിലുണ്ടായിരുന്ന ആത്മബന്ധവും മാനസിക ചേർച്ചയും കോടതിക്കു ബോധ്യപ്പെടുകയും ചെയ്തു. .   

ഭാരതീയനായി വാദിച്ചു

പ്രോസിക്യൂട്ടർ ആയല്ല ഒരു ഭാരതീയൻ ആയാണ് താൻ ഈ കേസ് വാദിച്ചതെന്ന് മോഹൻരാജ് പറഞ്ഞു. കോടതിയിലും ഇക്കാര്യം പറഞ്ഞു.  ‘അതിഥി ദേവോ ഭവ’എന്നതാണ് ഭാരതീയരുടെ ആപ്തവാക്യം. നാട്ടിലെത്തുന്ന അതിഥികളെ ദേവന്മാരായി പരിഗണിക്കുന്ന സംസ്കാരവും പാരമ്പര്യവുമാണ് നമുക്കുള്ളത്. അങ്ങനെയുള്ള ഒരിടത്ത് ഇത്തരത്തിലുള്ള ഹീനകൃത്യം നടന്നത് നാടിന് കളങ്കമുണ്ടാക്കുന്നതാണ്.  കൊല്ലപ്പെട്ട യുവതിക്ക് നീതി വാങ്ങിക്കൊടുക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കല്ലുവാതുക്കൽ വിഷമദ്യക്കേസ് ഉൾപ്പെടെയുള്ള കേസുകളിൽ സ്പെഷൽ പ്രോസിക്യൂട്ടറായി പ്രവർത്തിച്ചയാളാണ് മോഹൻരാജ്. ശക്തനായ ഒരു പ്രോസിക്യൂട്ടർ‍ ഇല്ലായിരുന്നുവെങ്കിൽ കേസ് തെളിയിക്കപ്പെടുമായിരുന്നില്ലെങ്കിലും പൊലീസ് കണ്ടെത്തിയ വിവരങ്ങൾ അതിന്റെ മെറിറ്റോടെ മോഹൻരാജ്  അവതരിപ്പിച്ചുവെന്നും അസിസ്റ്റന്റ് കമ്മിഷണർ ജെ.കെ. ദിനിൽ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS