ADVERTISEMENT

ആര്യനാട്∙ തന്റെ അ‍ഞ്ച് തലമുറയിലെ മക്കളെ കാണാനും  കെ‌ാഞ്ചിക്കാനും കഴിഞ്ഞ അപൂർവ ഭാഗ്യത്തിന്റെ ഉടമയാണ് ആസിയ ഉമ്മാൾ. 115–ാം വയസ്സിലേക്ക് കടക്കുന്ന നാടിന്റെ മുത്തശ്ശിക്ക് കേൾവി, കാഴ്ച ശക്തി കുറഞ്ഞെങ്കിലും ഓർമയ്ക്ക് വലിയ തകരാറില്ല..  വാർധക്യത്തിന്റെ അവശതകളും വലിയ തോതിലില്ല. ആര്യനാട് പള്ളിവേട്ട സ്വദേശിനി ആയിരുന്ന ആസിയ ഉമ്മാൾ മകൻ മുഹമ്മദ് സാലിക്ക് ഒപ്പം പുനലാൽ കെ‌ാണ്ണിയൂർ വി.വി.ഹൗസിൽ ആണ് താമസം.

ഭർത്താവ് അബ്ദുൽ ഖാദർ മരിച്ചിട്ട് 42 വർഷത്തോളമായി. 7 മക്കളും അവരുടെ ചെറുമക്കളും പേരക്കുട്ടികളുടെയും ഉൾപ്പെടെ 150 ഓളം പേർ അടങ്ങുന്ന വലിയ കുടുംബമാണ് ആസിയ ഉമ്മാളുടേത്. ഒരു മകൻ ചെറുപ്പത്തിൽ തന്നെ മരിച്ചതായി ആസിയ ഉമ്മാൾ പറഞ്ഞു. മാതാവിന് ഇതുവരെ രോഗങ്ങൾ ഉണ്ടായിട്ടില്ലെന്ന് മകൻ മുഹമ്മദ് സാലി പറഞ്ഞു. വയസ്സ് സെഞ്ച്വറി കഴിഞ്ഞ് ഒന്നരപ്പതിറ്റാണ്ട്  പിന്നിട്ടെങ്കിലും ഇതുവരെ ഉമ്മയ്ക്ക് സർക്കാരിന്റെ പെൻഷൻ ലഭിച്ചിട്ടില്ല.10 മാസം മുൻപാണ് മരുമകൾ ഹബുസ ആധാർ കാർഡ് എടുപ്പിച്ചത്.

അതേ സമയം ആധാർ കാർഡിൽ 112 ( ജനന തീയതി 1910 മേയ് 22) വയസ്സ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാർഡ് എടുത്തപ്പോൾ  ജനന തീയതി തെറ്റിയതാണ് എന്ന് ഹബുസ പറഞ്ഞു. ഉമ്മയുടെ മൂത്തമകന് തന്നെ  പ്രായം 90 കഴിഞ്ഞു. പത്ത് സഹോദരങ്ങളിൽ മൂത്തയാളാണ് ആസിയ ഉമ്മാൾ. ഇതിൽ ആസിയ ഉമ്മാൾ ഉൾപ്പെടെ രണ്ട് പേരാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. വരുന്ന 26ന് നാടിന്റെ മുത്തശ്ശിയുടെ 115–ാം ജന്മവാർഷികം ആഘോഷമാക്കാനുള്ള തയാറെടുപ്പിൽ ആണ് നാട്ടുകാർ. മക്കൾ അബൂബേക്കർ കുഞ്ഞ്, സുഹ്റബീവി, ഐഷാബീവി, നബീസ ബീവി, സഫിയ ബീവി, മുഹമ്മദ് സാലി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com