വെള്ളറട∙ ശബരിമല ഭക്തർക്കായി സജ്ജീകരിച്ച അന്നദാന മണ്ഡപത്തിൽ കത്തിച്ചുവച്ചിരുന്ന നിലവിളക്കിൽ നിന്നു സിഗരറ്റ് കത്തിച്ചതിനെ ചോദ്യം ചെയ്ത ആളിനെ നാലംഗ സംഘം ക്രൂരമായി മർദിച്ചു. ചൊവ്വാഴ്ച രാത്രി 11.30ന് പൂഴനാട് ആയിരുന്നു സംഭവം. പൂഴനാട് മാമ്പഴ വീട്ടിൽ ശ്രീകുമാറി(59)നാണു മർദനമേറ്റത്.
ഇയാളെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമായി ബന്ധപ്പെട്ട് ആര്യങ്കോട് പൊലീസ് 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൂഴനാട് സ്വദേശികളായ ഷജീർ(21),വിഷ്ണു(22),അജ്മൽ(21) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. ഒരു പ്രതി ഒളിവിലാണ്. ഇയാളെ ഉടൻ പിടികൂടുമെന്ന് ആര്യങ്കോട് പൊലീസ് പറഞ്ഞു.