തിരുവനന്തപുരം ∙ പേരിനു മുന്നിലെ കെ.എം. എന്ന തുടക്കം തന്നെ കിലോമീറ്റർ എന്നതിന്റെ ചുരുക്കമാണ് കെ.എം.ഏബ്രഹാമിന്. ഒരു വർഷം മുൻപ് കാൽമുട്ടിലെ ലിഗമെന്റിന് ഏറ്റ പരുക്ക് സർജറിയിലൂടെ മാറ്റിയ ശേഷമാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ മുൻ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം ടാറ്റ മുംബൈ മാരത്തണിലെ ഹാഫ് മാരത്തൺ ഫിനിഷ് ചെയ്തത്. 65–ാം വയസ്സിൽ ഏകദേശം 21 കിലോമീറ്റർ ദൂരം ഫിനിഷ് ചെയ്യാൻ ഏബ്രഹാമിനു വേണ്ടി വന്നത് രണ്ടര മണിക്കൂർ മാത്രം; കൃത്യമായി പറഞ്ഞാൽ 2 മണിക്കൂർ 34 മിനിറ്റ്.
തയ്ക്വാൻഡോയിൽ സെക്കൻഡ് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള ഏബ്രഹാമിന് അതിന്റെ പരിശീലനത്തിന്റെ ഭാഗമായാണ് 2021 നവംബറിൽ കാൽമുട്ടിലെ ലിഗമെന്റിനു പൊട്ടലുണ്ടായത്. ശസ്ത്രക്രിയയിലൂടെ പരുക്ക് പരിഹരിച്ച ശേഷം ഒരു വർഷത്തോളം സ്വയം ഫിസിയോ തെറപ്പി ചെയ്താണ് ട്രാക്കിലേക്കെത്തിയത്. 2009 ൽ മുംബൈയിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) ജോലി ചെയ്യുമ്പോഴാണ് ഏബ്രഹാം ആദ്യമായി ഹാഫ് മാരത്തണിൽ പങ്കെടുത്തത്.
ചെറുപ്പം മുതൽ വ്യായാമത്തിന്റെ ഭാഗമായി ഓട്ടം പതിവുള്ള ഏബ്രഹാം കന്നി മാരത്തണിലെ ഓട്ടം പിഴച്ചില്ല. പിന്നീട്, കോവിഡ് കാരണം മുംബൈ മാരത്തൺ താൽക്കാലികമായി നിർത്തുന്നതു വരെ ഓട്ടം തുടർന്നു. കോവിഡിനു ശേഷം ആദ്യമായി നടന്ന മാരത്തണിൽ പങ്കെടുക്കാനാകുമോ എന്നു സംശയിച്ചെങ്കിലും പരുക്കേറ്റ കാലിനെ ഓട്ടത്തിനു പരുവപ്പെടുത്തി ഏബ്രഹാം മുംബൈയിലെത്തി, ഞായറാഴ്ച നടന്ന മാരത്തണിൽ പങ്കെടുക്കുകയും ചെയ്തു.