ADVERTISEMENT

തിരുവനന്തപുരം∙ മെഡിക്കൽകോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ നിന്നു ജീവനക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്ന യുവാവും കൂട്ടാളിയും പിടിയിൽ. പ്രാവച്ചമ്പലം ഇടയ്ക്കോട് പാപ്പനിയൂർ ലക്ഷം വീട്ടിൽ  ആഷിക് (21) , നരുവാമൂട് ഒലുപ്പ്നട അനു ഭവനിൽ അനു (22) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.

മൊബൈൽ മോഷ്ടിച്ച് കടന്ന ആഷിക്കിനെ കൂട്ടിരിപ്പുകാരും ജീവനക്കാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ്  സുഹൃത്ത് അനുവിനും പങ്ക് ഉണ്ടെന്ന് കണ്ടെത്തിയത്. ആശുപത്രിക്ക് പുറത്ത് വാഹനത്തിൽ കാത്തു നിന്ന അനുവിനെ ആഷിക്കിന്റെ ഫോണിൽ നിന്ന് വിളിച്ച് വരുത്തി പിടികൂടുകയായിരുന്നു. ബുധൻ പുലർച്ചെ 12.30നായിരുന്നു സംഭവം. 

സുരക്ഷാവിഭാഗം സൂപ്പർവൈസറാണ് ആശുപത്രിക്കുള്ളിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആഷിക്കിനെ കണ്ടത്. തടയാൻ ശ്രമിച്ച സൂപ്പർവൈസറെ തട്ടിമാറ്റി ഇയാൾ പുറത്തേക്ക് ഓടി. പിന്നാലെ കൂട്ടിരിപ്പുകാരും ജീവനക്കാരും പാഞ്ഞു. റോഡിലൂടെ ആശുപത്രി ക്യാംപസിനു പുറത്തേക്ക് ഓടിയ ഇയാളെ ഡിഎംഇ ഓഫിസിന് സമീപത്തുനിന്ന് പിടികൂടി.

വിവരം അറിഞ്ഞ് മെഡിക്കൽകോളജ് പൊലീസ് എത്തി യുവാവിനെ ക്സറ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളിൽ നിന്നു 6 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. പ്രതികൾക്ക് കാട്ടാക്കട, മലയിൽകീഴ്, നരുവാമൂട് സ്റ്റേഷനുകളിലായി മോഷണം, അടിപിടി ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്.   കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സുരക്ഷാ ജീവനക്കാരനെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമം; തർക്കം 

mobile-theft-issues
സുരക്ഷാ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷം

ഫോൺ മോഷ്ടിച്ചതിന് പിടിയിലായ യുവാവിനെ മർദിച്ചെന്ന് ആരോപിച്ച് സുരക്ഷാ ജീവനക്കാരൻ ജി.അനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. അനിലിനെ ജീപ്പിലേക്കു കയറ്റുമ്പോൾ മറ്റ് സുരക്ഷാജീവനക്കാരും കൂട്ടിരിപ്പുകാരും ചേർന്നു പൊലീസിനെ തടഞ്ഞു. ഇരുകൂട്ടരും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായി.

ഒടുവിൽ ആളുകൾ ജീപ്പ് വളഞ്ഞതോടെ പൊലീസ് അറസ്റ്റ് ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. പിന്നീട് പൊലീസ് മർദിച്ചെന്ന് ആരോപിച്ച് അനിൽ ആശുപത്രിയിൽ അഡ്മിറ്റായി. ഡ്യൂട്ടി തടസ്സപ്പെടുത്തിയവർക്ക് എതിരെ കേസ് എടുക്കുമെന്നും മർദിച്ചെന്ന പരാതി സുരക്ഷാജീവനക്കാരുടെ പതിവ് നാടകമാണെന്നും മെഡിക്കൽകോളജ് പൊലീസ് പറഞ്ഞു. മോഷ്ടാക്കളെ കുറിച്ച് പലതവണ വിവരം നൽകിയിട്ടും മെഡിക്കൽ കോളജ് പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ആശുപത്രി സുരക്ഷാവിഭാഗം ആരോപിച്ചു. 

കുലുക്കമില്ലാതെ അധികൃതർ 

മെഡിക്കൽകോളജ് ആശുപത്രിയിൽ സുരക്ഷാവീഴ്ച പതിവായിട്ടും കുലുക്കമില്ലാതെ ആശുപത്രി അധികൃതർ. ഒരു മാസത്തിനിടെ 12 മൊബൈൽ ഫോണുകളും 5 പഴ്സുകളും മോഷണം പോയത് ആശുപത്രിയിലെ സുരക്ഷാ വിഭാഗത്തിന് നാണക്കേടായി. കൂട്ടിരിപ്പുകാരുടെ പാസ് പരിശോധന അല്ലാതെ വാർഡുകളിൽ കാര്യമായ പരിശോധന ഇല്ല. ആശുപത്രി കേന്ദ്രീകരിച്ച് തട്ടിപ്പോ, കുറ്റകൃത്യങ്ങളോ ഉണ്ടായാൽ സുരക്ഷാ വിഭാഗവും പൊലീസും പരസ്പരം പഴിചാരി തടിയൂരുകയാണ് പതിവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com