മൃഗശാലയിലെ ക്ഷയരോഗ ബാധ: സന്ദർശകർക്കും ജീവനക്കാർക്കും മാസ്ക് നിർബന്ധമാക്കി, മുഴുവൻ കരുതൽ നടപടികളും സ്വീകരിച്ചതായി ഡയറക്ടർ
Mail This Article
തിരുവനന്തപുരം∙ മൃഗശാലയിലെ ക്ഷയരോഗ ബാധയുമായി ബന്ധപ്പെട്ട് മുഴുവൻ കരുതൽ നടപടികളും സ്വീകരിച്ചതായി മൃഗശാല–മ്യൂസിയം ഡയറക്ടർ അബു ശിവദാസ് അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 1 മുതൽ ഈ മാസം ജനുവരി 27 വരെ 37 കൃഷ്ണ മൃഗങ്ങളും 18 പുള്ളിമാനുകളുമാണ് ചത്തത്.
തുടർന്ന് സിയാഡ് സംഘം പരിശോധന നടത്തുകയും സർക്കാരിന് റിപ്പോർട്ടു നൽകുകയും ചെയ്തു. ജീവനക്കാർക്കായി സിയാഡിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകളും നടത്തി. ജില്ലാ ടിബി കേന്ദ്രം മുഖേന മെഡിക്കൽ ക്യാംപും നടന്നു. സ്ക്രീനിങ്ങിൽ പങ്കെടുത്ത 46 പേരുടെ കഫം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 26 ജീവനക്കാരുടെ എക്സ്റേ പരിശോധിച്ചതിൽ ആർക്കും രോഗബാധയില്ല.
അസുഖബാധിതരായിരുന്ന മൃഗങ്ങളുടെ കൂട്ടിൽ നിന്നുളള മാലിന്യങ്ങൾ മറ്റു കൂടുകളിലേക്ക് പോകാതിരിക്കാൻ പ്രത്യേക ഡ്രെയ്നേജ് നിർമിച്ചിട്ടുണ്ട്. എല്ലാ കൂടുകളിലും അണുനശീകരണവും നടത്തിവരുന്നു.ജീവനക്കാർക്കായി ഗ്ലൗസും മാസ്കൂം നൽകുന്ന നടപടി പൂർത്തിയായിട്ടുണ്ട്. ഗംബൂട്ടുകളുടെ വിതരണവും താമസിയാതെ പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു
ജെ.ചിഞ്ചുറാണി, മന്ത്രി ;മൃഗശാലയിലെ രോഗബാധയെപ്പറ്റി സിയാഡ് നൽകിയ റിപ്പോർട്ട് പഠിച്ചുവരികയാണ്. നിലവിൽ എല്ലാ കരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ബോധവൽക്കരണ ക്ലാസുകളും ജീവനക്കാർക്കുള്ള സുരക്ഷാ സാമഗ്രികളും നൽകിയിട്ടുണ്ട്.