പാറശാല∙നെയ്യാറിൽ സർവീസ് നടത്തുന്ന ബോട്ടുകൾ വിനോദസഞ്ചാരികളിൽനിന്ന് നിന്ന് അമിത തുക ഇൗടാക്കുന്നതായി പരാതി. മണിക്കൂറിനു നിലവിലുള്ള തുകയെക്കാൾ നിരവധി ഇരട്ടി തുക ഈടാക്കുന്ന സംഭവങ്ങൾ പതിവായിട്ടുണ്ട്. ഏജന്റുമാർ വഴിയെത്തുന്ന യാത്രക്കാരാണ് ചൂഷണത്തിനു ഇരയാകുന്നതിൽ അധികവും.
മണിക്കൂറിനു 750 മുതൽ 800 രൂപ വരെയാണ് നെയ്യാറിൽ ബോട്ട് സവാരിക്കു അംഗീകൃത യൂണിയനുകളുടെ നിരക്ക്. നേരിട്ടെത്തുന്ന യാത്രക്കാരിൽ നിന്ന് മിതമായ നിരക്ക് വാങ്ങുന്ന ബോട്ട് ക്ലബ്ബുകൾ ഏജന്റുമാർ വഴിയെത്തുന്നവരിൽ നിന്നാണ് അമിത തുക തരപ്പെടുത്തുന്നത്. ഏജന്റ്, ഡ്രൈവർമാർ എന്നിവർ എത്തിക്കുന്ന യാത്രക്കാരിൽ നിന്ന് ഇൗടാക്കുന്ന തുകയുടെ എഴുപത് ശതമാനം വരെ കമ്മിഷനാണ്.
ഒന്നര മണിക്കൂർ ബോട്ട് സവാരിക്ക് അയ്യായിരം രൂപ വാങ്ങിയാൽ 3250 രൂപ വരെ ഇടനിലക്കാരന് ലഭിക്കും. യാത്രക്കാരെ എത്തിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ ഡ്രൈവർമാർക്കും വൻ തുകയാണ് കമ്മിഷൻ ഇനത്തിൽ ലഭിക്കുന്നത്. ബോട്ട് ക്ലബ്ബുകൾ തമ്മിലുള്ള മത്സരം മൂലം കമ്മിഷൻ പരമാവധി നൽകി ഇടനിലക്കാരെ ഒപ്പം നിർത്താൻ കടുത്ത മത്സരമാണ് മേഖലയിൽ നടക്കുന്നത്.
സ്ഥിരമായി യാത്രക്കാരെ എത്തിക്കുന്ന ഡ്രൈവർമാർക്ക് ഭക്ഷണം, മദ്യം, താമസം, സൗജന്യമായി ഒാൺലൈൻ പെർമിറ്റ് അടക്കം ബോട്ട് ക്ലബ്ബുകൾ നൽകുന്നുണ്ട്. യാത്രക്കാരെ കാൻവാസ് ചെയ്യുന്നതിൽ ഏജന്റുമാർ തമ്മിലുള്ള മത്സരം പലപ്പോഴും സംഘട്ടനത്തിൽ ആണ് കലാശിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നര മണിക്കൂർ ബോട്ട് സവാരിക്ക് പതിനായിരം രൂപ വരെ വാങ്ങിയതായി പരാതി ഉയർന്നിരുന്നു.
നിരക്ക് സംബന്ധിച്ച് യാത്രക്കാരുമായി തർക്കമുണ്ടായാൽ പൊലീസ്, പഞ്ചായത്ത് അധികൃതർ എന്നിവരുടെ നിർദേശപ്രകാരമുള്ള തുക എന്നാണ് ബോട്ടുകാരുടെ വാദം. ബോട്ട് സവാരിക്ക് നിരക്ക് നിശ്ചയിക്കാൻ പൊലീസിനും പഞ്ചായത്തിനും അധികാരമില്ലെന്നു ഇരിക്കവേ അമിത നിരക്കിനു മറയായിട്ടാണു വകുപ്പുകളുടെ പേര് ഉപയോഗിക്കുന്നതെന്നും ആരോപണമുണ്ട്.
മൂന്നൂറോളം ബോട്ടുകൾ സർവീസ് നടത്തുന്ന നെയ്യാറിൽ ഇടനിലക്കാർക്ക് വേണ്ടി അമിത തുക വാങ്ങുന്ന രീതി മാറ്റി നിരക്ക് ഏകീകരിക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.