ലുട്ടാപ്പിയും ചോട്ടുമുയലും ഇൗ ക്ലാസിന്റെ ഐശ്വര്യം, കാർട്ടൂൺ കഥാപാത്രങ്ങൾ കഥപറയുന്ന ക്ലാസുമായി പൊഴിയൂർ ഗവ.യുപി

Mail This Article
പാറശാല∙ ലുട്ടാപ്പിയും ചോട്ടുമുയലും കാർട്ടൂൺ കഥാപാത്രങ്ങളും ഇൗ ക്ലാസിന്റെ ഐശ്വര്യം. പൊഴിയൂർ ഗവ യുപി സ്കൂളിലെ പ്രീപ്രൈമറി ക്ലാസ് മുറികൾ ഇനി അന്തർദേശിയ നിലവാരത്തിലേക്ക്. വിദ്യാർഥികളുടെ മാനസിക വികാസം ലക്ഷ്യമിട്ട് മട്ടിലും കെട്ടിലും ഹൈടെക് രീതിയിൽ ആണ് ക്ലാസ് ഒരുക്കിയിട്ടുള്ളത്.
അമർത്തി എഴുതിയാൽ പോലും അക്ഷരങ്ങൾ തെളിയാത്ത പഴയകാല ബോർഡുകൾക്ക് പകരം പ്രോജക്ടറുകളാണു ഇവിടെ താരം. അക്കങ്ങളും, അക്ഷരങ്ങളും വിദ്യാർഥികൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ വ്യത്യസ്ത അളവുകളിൽ ചുമരുകളിൽ പതിച്ചിട്ടുണ്ട്. ക്ലാസ് മുറിക്കുള്ളിൽ തന്നെ നിർമിച്ച അക്ഷര മരത്തിന്റെ ചില്ലകളിൽ തൂങ്ങിയാടുന്ന അക്ഷരങ്ങൾ വേഗം ഹൃദ്യസ്ഥമാകാൻ വിദ്യാർഥികളെ സഹായിക്കും.
ഗവ സ്കൂളിന്റെ മുഖമുദ്രയായ കാലൊടിഞ്ഞ ബെഞ്ചുകൾക്കു പകരം ആരും കൊതിക്കുന്ന ആധുനിക രീതിയിലുള്ള ബെഞ്ചും ഡസ്കും ഷെൽഫുകളും ആരെയും ആകർഷിക്കുന്നതാണ്. വൻകിട മാളുകളിലെ പാർക്കുകളിലേതിനു സമാനമായ കളിപ്പാട്ടങ്ങളും ക്ലാസ് മുറികളിൽ യഥേഷ്ടം. പ്രീപ്രൈമറി സ്കൂളുകളുടെ വികസനം ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന കേരള സ്റ്റാർസ് പദ്ധതി പ്രകാരമാണ് ക്ലാസ് നവീകരണം.
പദ്ധതിയിൽ ഉൾപ്പെട്ട ജില്ലയിൽ തീരദേശത്തെ ഏക സ്കൂളായ പൊഴിയൂരിൽ പതിനൊന്ന് ലക്ഷം രൂപ ചെലവിട്ടാണ് ക്ലാസ് ഒരുക്കുന്നത്. താലൂക്കിലെ നാലു സ്കൂളുകളിൽ ഇത്തരം ക്ലാസ് മുറികൾ നിർമിക്കുന്നുണ്ട്. പൊഴിയൂർ യുപി സ്കൂളിലെ നവീകരിച്ച ക്ലാസ് മുറിയുടെ ഉദ്ഘാടനം 31ന് ഉച്ചയ്ക്ക് 3.30ന് കെ.ആൻസലൻ എംഎൽഎ നിർവഹിക്കും.