ADVERTISEMENT

തിരുവനന്തപുരം∙ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം വളർത്തി അധികാരം നിലനിർത്താനാണ് നരേന്ദ്ര മോദി ഭരണകൂടം ശ്രമിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കെപിസിസിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും ഇല്ലാതാക്കാനാണ് ഗാന്ധിജി ശ്രമിച്ചത്. അക്കാരണത്താലാണ് അദ്ദേഹം മത ഭ്രാന്തന്മാരാൽ കൊല്ലപ്പെടുന്നതും. സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്ത്യ ഇന്നും അസ്വസ്ഥമാണ്. കോൺഗ്രസിന് മാത്രമേ രാജ്യത്തെ ഈ നിലയിൽ നിന്ന്  മോചിപ്പിക്കാനാകൂ. രാജ്യം അതു തിരിച്ചറിയുന്നുണ്ട്.

അഹിംസാ മാർഗത്തിലൂടെ ബ്രിട്ടിഷുകാരുടെ അടിമത്വത്തിൽ നിന്നും മോചനം നേടിത്തന്ന ഗാന്ധിജിയുടെ ഓർമകൾ ആവേശം പകരുന്നതാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.  ഭാരത് ജോഡോ യാത്രയിൽ നിന്ന് വിട്ടുനിന്ന സിപിഎം നടപടി ഹിമാലയൻ മണ്ടത്തരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയും സംഘപരിവാറും ജാതിയുടെയും മതത്തിന്റെയും പേരിൽ ഉയർത്തിയ മതിലുകൾ ഭാരത് ജോഡോ യാത്ര തകർത്തെന്ന് യുഡിഎഫ് കൺവീനർ എം.എം .ഹസ്സൻ പറഞ്ഞു.

പാലോട് രവി, എൻ.ശക്തൻ, ജി.എസ്. ബാബു, ജി.സുബോധനൻ, വി.എസ് ശിവകുമാർ, വർക്കല കഹാർ ,മണക്കാട് സുരേഷ്, ചെറിയാൻ ഫിലിപ്പ്, എൻ.പിതാംബര കുറുപ്പ്, നെയ്യാറ്റിൻകര സനൽ, ആറ്റിപ്ര അനിൽ, പന്തളം സുധാകരൻ,ആർ.വി.രാജേഷ്, രഘുചന്ദ്ര ബാൽ, ടി.യു.രാധാകൃഷ്ണൻ  തുടങ്ങിയവർ പ്രസംഗിച്ചു. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങുകളുടെ ഭാഗമായി രാഹുൽ ഗാന്ധി കശ്മീരിൽ പതാക ഉയർത്തിയ സമയത്ത് ഇന്ദിരാ ഭവനിൽ എ.കെ.ആന്റണി പതാക ഉയർത്തി. ഗാന്ധിചിത്രത്തിൽ പുഷ്പാർച്ചനയും സമൂഹ പ്രാർഥനയും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമവും സംഘടിപ്പിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com