ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷനിലെ ചേരി തിരിഞ്ഞുള്ള തർക്കം മൂലം അസോസിയേഷന്റെ ഓഫിസ് പൊലീസ് പൂട്ടി. താക്കോൽ ആർഡിഒയ്ക്കു കൈമാറി. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അസോസിയേഷൻ ഹാളിൽ ഒരു വിഭാഗം നടത്തിയ ഉപവാസ സമരം മറുവിഭാഗം തടസ്സപ്പെടുത്തിയതോടെയാണു തർക്കവും സംഘർഷവുമുണ്ടായത്. തുടർന്നു വൻ പൊലീസ് സന്നാഹമെത്തി, അസോസിയേഷന്റെ ഓഫിസ് കൂടി പ്രവർത്തിക്കുന്ന ഹാൾ അടച്ചുപൂട്ടുകയായിരുന്നു.

കഴിഞ്ഞ സമ്മേളനം നടക്കുമ്പോൾ എം.എസ്.ജ്യോതിഷ് പ്രസിഡന്റും കെ.ബിനോദ് ജനറൽ സെക്രട്ടറിയുമായിരുന്നു. എന്നാൽ സമ്മേളനത്തിനുശേഷം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനായി വിജ്ഞാപനമിറക്കിയെങ്കിലും ഒരുവിഭാഗം സഹകരിച്ചില്ല. തുടർന്ന് ജ്യോതിഷ് പ്രസിഡന്റും സി.എസ്.ശരത്ചന്ദ്രൻ ജനറൽ സെക്രട്ടറിയുമായുള്ള പാനൽ തിരഞ്ഞെടുക്കപ്പെട്ടതായി ജ്യോതിഷ് വിഭാഗം പറയുന്നു. എ ഗ്രൂപ്പിനും കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ളവർക്കും ഒപ്പം നിൽക്കുന്നവരും ഉൾപ്പെട്ടതാണ് ഈ വിഭാഗം. എന്നാൽ എം.എസ്.ഇർഷാദ് പ്രസിഡന്റും കെ.ബിനോദ് ജനറൽ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടതായി മറുവിഭാഗം പ്രഖ്യാപിച്ചു. ഇവർ കെ.സുധാകരനൊപ്പം നിൽക്കുന്നുവെന്ന് അവകാശപ്പെടുന്നു. അധികാരത്തർക്കത്തിന്റെ പേരിൽ കോടതിയിൽ കേസുമുണ്ട്.

ഇതിനിടെയാണു കഴിഞ്ഞ 16ന് അസോസിയേഷൻ ഹാളിൽ വച്ച് ജ്യോതിഷ് വിഭാഗത്തിന്റെ ട്രഷറർ ഹാരിസിനു മർദനമേറ്റത്. ജ്യോതിഷിനു നേർക്ക് അതിക്രമം നടന്നതായും ആരോപണമുയർന്നു. ഇതോടെ പ്രശ്നങ്ങൾ വഷളായി. ചീഫ് സെക്രട്ടറിക്കു മുൻപിൽ വരെ പരാതിയെത്തിയ ശേഷമാണു പ്രശ്നപരിഹാരത്തിനു പി.സി.വിഷ്ണുനാഥ്, എം.ലിജു എന്നിവരടങ്ങിയ കമ്മിറ്റിയെ കെപിസിസി നിയോഗിച്ചത്. തർക്കത്തിന്റെ തുടർച്ചയായാണ് ഇന്നലെ അസോസിയേഷൻ ഹാളിൽ ജ്യോതിഷ് വിഭാഗം ഉപവാസ സമരം നടത്തിയത്. സമരം നടക്കുന്നതിനിടെ മറുവിഭാഗം എത്തി. ജ്യോതിഷ് വിഭാഗം ഓഫിസിൽ അതിക്രമിച്ചു കടന്നുവെന്നും അക്രമം കാണിച്ചെന്നും ഇവർ ആരോപിച്ചു. സംഘർഷത്തിലേക്കു നീങ്ങിയതോടെ പൊലീസെത്തി സമരക്കാരെ മാറ്റി ഹാൾ പൂട്ടുകയായിരുന്നു.

അച്ചടക്കലംഘനമെന്ന് കെ.സുധാകരൻ

എം.എസ്. ഇർഷാദിന്റെ നേതൃത്വത്തിലുള്ളതാണ് ഔദ്യോഗിക വിഭാഗമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രഖ്യാപിച്ചു. മറുവിഭാഗം കാണിച്ചത് അച്ചടക്കലംഘനമാണെന്നും സംഘടനാ ഓഫിസ് എതിരാളികളുടെ കയ്യിലെത്തിക്കാനുള്ള ഗൂഢശ്രമമാണെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇവർക്കെതിരെ നിയമ നടപടിയും ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റിന്റേതായി വന്ന അഭിപ്രായപ്രകടനം അദ്ദേഹം അറിഞ്ഞാണോ എന്നു സംശയമുണ്ടെന്നാണു ജ്യോതിഷ് വിഭാഗത്തിന്റെ പ്രതികരണം.

കോൺഗ്രസ് അനുകൂല സംഘടനകളായ എൻജിഒ അസോസിയേഷൻ, ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ എന്നിവയ്ക്കു പുറമേയാണു സെക്രട്ടേറിയറ്റ് അസോസിയേഷനിലെയും പ്രതിസന്ധി. നിയമസഭയിലും കോൺഗ്രസിനു രണ്ടു സംഘടനകളുണ്ട്. ഇവ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ കെ.സി.ജോസഫ് അധ്യക്ഷനായി മൂന്നംഗ കമ്മിറ്റിയെ വച്ചിട്ടു രണ്ടുവർഷമായെങ്കിലും പരിഹാരമായിട്ടില്ല. സമവായമുണ്ടാക്കുന്നതിനു പകരം ഉത്തരവാദിത്തപ്പെട്ട നേതാക്കൾ പക്ഷം പിടിക്കുന്നുവെന്നാണ് ആക്ഷേപം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com